ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യായുടെ ഈ കൊച്ചു പ്രാര്‍ത്ഥന നമ്മെ അമ്പരിപ്പിക്കും
ഷേര്‍ളി മാണി - ഒക്ടോബര്‍ 2021
കൊച്ചുത്രേസ്യാ പുണ്യവതിയുടെ ഈ കൊച്ചുപ്രാര്‍ത്ഥന വിശുദ്ധരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ മാറ്റിമറിക്കുന്നതാണ്. വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല കൊച്ചുകൊച്ചു കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടുകൂടി ചെയ്യുന്നതിലായിരുന്നു അവളുടെ മഹിമ. ഓരോ ദിവസവും പ്രഭാതത്തില്‍ നാം നല്ല ചിന്തകളോടെ ആരംഭിക്കുകയും പ്രദോഷത്തില്‍ നിരാശരായി മാറുകയും ചെയ്യും. കാരണം നാം ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങളൊന്നുമായിരിക്കില്ല നാം ചെയ്തത്. അത് നമ്മുടെ മാത്രം പ്രശ്നമല്ല വിശുദ്ധരും അതേ അനുഭവത്തില്‍ക്കൂടി കടന്നുപോയിരുന്നുവെന്നതാണ് കൊച്ചുത്രേസ്യാ പുണ്യവതിയുടെ ഈ കൊച്ചുപ്രാര്‍ത്ഥന വായിച്ചാല്‍ നമുക്ക് മനസിലാവുക.
ഓരോ പ്രാവശ്യവും ചെയ്യാനുറച്ച കാര്യങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ ചെയ്തവരൊന്നുമായിരുന്നില്ല വിശുദ്ധര്‍. സത്യത്തില്‍ തങ്ങളുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കിക്കൊണ്ട്, വീണ്ടും വീണ്ടും വീണുപോകുമ്പോഴും വിശുദ്ധിയില്‍ വളരാന്‍ ആഗ്രഹിച്ചിരുന്നവരാണ് വിശുദ്ധര്‍.
ഈ സത്യം തന്നെയാണ് നമുക്ക് വിശുദ്ധ കൊച്ചുത്രേസ്യ എഴുതിയ ഈ ചെറിയ പ്രാര്‍ത്ഥനയില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നത്. അവള് വിശുദ്ധ ജീവിതം നയിച്ചു. അവള് വിശുദ്ധിയിലേക്ക് പിച്ചവെച്ചത് വീഴ്ചകളിലൂടെയായിരുന്നു.. ഒരു കുഞ്ഞിനെപ്പോലെ വീണും വീണ്ടും എണീറ്റും അവള് പിതാവിന്റെ സ്നേഹത്തിലേക്ക് നടന്നടത്തു. പലപ്പോഴും അവള് വീണുപോയിരുന്നവെങ്കിലും അവളെ വ്യത്യസ്തയാക്കിയിരുന്നത് അവളുടെ ദൈവത്തിലുള്ള സമ്പൂര്‍ണമായ വിശ്വാസമായിരുന്നു. ഓരോ പ്രാവശ്യം വീഴുമ്പോഴും ദൈവം തന്നെ കൈപിടിച്ചെഴുന്നേല്പിക്കുമെന്ന് അവള്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ശിശുസഹജമായ വിശ്വാസമായിരുന്ന വി. കൊച്ചുത്രേസ്യ പുണവതിയുടേത്...ഇതായിരുന്നു വിശുദ്ധയുടെ ആ കൊച്ചുപ്രാര്‍ത്ഥന.
പ്രിയപ്പെട്ട ഈശോയെ, നിനക്ക് എന്റെ കുറവുകളറിയാമല്ലോ. ഓരോ പ്രഭാതത്തിലും എളിമയുള്ളവളായിരിക്കുമെന്ന് ഞാന്‍ തീരുമാനമെടുക്കുന്നുവെങ്കിലും ഞാന്‍ ദിവസത്തിന്റെ അവസാനമാകുമ്പോള്ലാണ് ഞാന്‍ എന്തുമാത്രം അഹങ്കാരമുള്ളവളായിരുന്നുവെന്ന് തിരിച്ചറിയുന്നു. എന്റെ തെറ്റുകള്‍ കാണുമ്പോള്‍ ഞാന്‍ നിരാശയായിപ്പോകുന്നു; എങ്കിലും എനിക്കറിയാം നിരുത്സാഹം തന്നെ അഹങ്കാരത്തിന്റെ മറ്റൊരു രൂപമാമാണെന്ന്. അതുകൊണ്ട്, എന്റെ ദൈവമേ, ഞാന്‍ എന്റെ മുഴുവന്‍ വിശ്വാസവും നിന്നിലര്പ്പിക്കുവാന് ആഗ്രഹിക്കുന്നു. നിനക്ക് സര്‍വതും ചെയ്യുവാന്‍ കഴിയുമല്ലോ അതുകൊണ്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു ഞാന്‍ ആഗ്രഹിക്കുന്ന ഈ പുണ്യം എന്റെ ആത്മാവില്‍ ഉറപ്പിക്കണമേ. ഈശോയെ, എന്റെ ഹൃദയം അങ്ങയുടേതുപോലെ എളിമയും ശാന്തതയുമുള്ളതാക്കണമേ.
Send your feedback to : onlinekeralacatholic@gmail.com