കണ്ണീര്‍ക്കടലിലെ ശ്രീലങ്ക
ഡോ. റോയി പാലാട്ടി സി.എം.ഐ - മേയ് 2019
ഞാനവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും? അവരോട് പറയാന്‍ വാക്കുകളില്ല. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുജനങ്ങളെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ കൊളംബോയിലെ ആര്‍ച്ച് ബിഷപ് മാല്‍ക്കം രഞ്ജിത് വിങ്ങിപ്പൊട്ടുകയായിരുന്നു. അദ്ദേഹത്തിനൊപ്പം അടക്കിപ്പിടിച്ച വേദനയില്‍ ഒരു ജനം മുഴുവനും. ശ്രീലങ്കയിലെ പ്രധാന നഗരങ്ങളായ നെഗോംബൊ, ബെറ്റിക്കലോവ, കൊളംബോ എന്നിവിടങ്ങളിലെ പ്രധാന ദേവാലയങ്ങളെയാണ് മതതീവ്രവാദികള്‍ തിരഞ്ഞെടുത്ത് ആക്രമിച്ചത്. അതും വിശ്വാസികള്‍ ഏറ്റവുമധികം പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരുന്ന ഈസ്റ്റര്‍ ദിനം. സംഹാരദൂതന്‍ അതിന്റെ എല്ലാ പൈശാചിക ഭാവങ്ങളോടെയും കലിതുള്ളി ചാവേറുകളായി ഇറങ്ങിത്തിരിച്ചപ്പോള്‍ നഷ്ടമായത് മുന്നൂറോളം നിഷ്കളങ്ക ജീവനുകളാണ്, അവരുടെ സ്വപ്നങ്ങളാണ്. അത് അനാഥമാക്കിയത് ഒരു പാടു കുടുംബങ്ങളുടെ ആശ്രയമാണ്. അത് തല്ലിത്തകര്‍ത്തത് ഈസ്റ്ററിന്റെ ആനന്ദവും മനുഷ്യത്വത്തിന്റെ ശാലീനതയുമാണ്. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ കുരുതി കഴിച്ച്, ചീറ്റുന്ന ചോരയ്ക്കുമുന്നില് ഊറ്റം കൊള്ളുന്ന മതഭ്രന്തന്മാര് മാനവരാശിയുടെ ശാപമാണ്.
ക്രിസ്തീയ സമൂഹമാണ് ഇന്നേറ്റവും ആക്രമിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും. ഓരോ ദിവസവും 11 ക്രിസ്ത്യാനികള്‍ വിശ്വാസപരമായ കാര്യത്തിന് വധിക്കപ്പെടുന്നു. 105 ദേവാലയങ്ങള്‍ ഓരോ മാസവും ആക്രമിക്കപ്പെടുന്നു. മാധ്യമങ്ങളില്‍ അവഹേളിതരാകുന്ന സമൂഹവും ഇതുതന്നെ. പ്യൂ റിസേര്‍ച്ചിന്റെ കണക്കുകളാണിത്. 2012 ലെ ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തില്‍ നൈജീരിയയില്‍ നഷ്ടമായത് 40 പേരു ജീവനാണ്.2016 ലെ ഈസ്റ്ററില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്തൊനീഷ്യയില്‍ തീവ്രവാദത്തിന്റെ തോക്കിന്മുനയിലാണ് എന്നും ക്രൈസ്തവസഭ.
നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള പാശ്ചാത്യ ക്രിസ്തീയതയുടെ അഭിമാനമായ പാരീസിലെ നോത്രദാം കത്തീഡ്രല്‍ അഗ്നിക്കിരയാകുന്ന കാഴ്ചകണ്ട് നെഞ്ചുതകര്ന്നിരുന്ന വിശ്വാസിയുടെ മുമ്പിലാണ് ശ്രീലങ്കയിലെ കൂട്ടക്കുരുതി വാര്‍ത്തയായി എത്തിയത്. ഒരു ക്രിസ്തീയ വിശ്വാസി ഇതെങ്ങനെ നോക്കിക്കാണണം?
ഒന്നാമതായി കാര്യമായ ജാഗ്രത സൂക്ഷിക്കുക. എന്തിനും ഏതിനും മനുഷ്യാവകാശ നിയമങ്ങളും വാദങ്ങളുമായി എത്തുന്ന പ്രമുഖ മാധ്യമങ്ങളൊന്നും ക്രിസ്ത്യാനികളുടെ തലയറുക്കപ്പെടുമ്പോള്‍ ഇല്ലെന്നറിയുക. മതതീവ്രവാദം പോലെ സഭയ്ക്കും ക്രിസ്തീയതയ്ക്കും എതിരെയുള്ള മാധ്യമതീവ്രവാദം എന്നത്തേക്കാളും ശക്തമാണിന്ന്. ശ്രീലങ്കയിലെ കൂട്ടക്കുരുതിയെ പാശ്ചാത്യ മിഷനറിമാരുടെ മതപരിവര്‍ത്തനത്തിനെതിരെയുള്ള പ്രതികരണമായി സി.എന്‍.എന്‍-നും ന്യൂയോര്‍ക്ക് ടൈംസും വിവരിച്ചു. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തിലാണ് ശ്രീലങ്കയിലെ മുസ്ലിങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വാഷിംങ്ടണ്‍ പത്രം പുറത്തിറങ്ങിയത്. സോഷ്യല്‍ മാധ്യമങ്ങളിലൂടെ ക്രിസ്തീയ വംശത്തെ ഇല്ലായ്മ ചെയ്യാനുള്ള ആഹ്വാനവുമായി സഹറാം ഹാഷിം എന്ന തീവ്രവാദി അന്നും പറഞ്ഞുകൊണ്ടിരുന്നു: ഇസ്ലാം സ്വീകരിക്കാത്തവര്‍ കൊല ചെയ്യപ്പെടണം.
സ്വന്തം നാടിന്റെ ഇഷ്ടമിത്രവും സഹചാരിയുമായി ശ്രീലങ്കയിലെ ഒട്ടേറെ മനുഷ്യര്‍ കണ്ടിരുന്ന മുഹമ്മദ് യൂസഫ് ഇബ്രാഹിം എന്ന പ്രമുഖ സുഗന്ധവ്യഞ്ജന വ്യാപാരിയാണ് ചാവേറുകളുടെ പ്രാദേശിക പിതാവെന്നും വിദ്യാസമ്പന്നരായ സ്വന്തം മക്കളെപ്പോലും ഈ കൂട്ടക്കുരിതി ചെയ്യാന്‍ ചാവേറുകളായി അയച്ചെന്നുമുള്ള പോലീസിന്റെ വെളിപ്പെടുത്തല്‍ ആഘാതത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. ആട്ടിന്‍ തോലിട്ട ചെന്നായയെ തിരിച്ചറിയാന്‍ വൈകിയതിലുള്ള ഞെട്ടലിലാണ് ആ സമൂഹം. ബിരുദമില്ലാത്തവരോ പണമില്ലാത്തവരോ അല്ല മതഭ്രാന്തന്മാര് പലരും എന്നറിയുക. ഒരു രോഷത്തിന്റെ കലിപ്പില്‍ ചെയ്തുപോകുന്നതുമല്ല. ക്രിസ്തീയതയെ തുടച്ചുമാറ്റാനുള്ള പൈശാചിക ചെയ്തികള്‍ തന്നെയാണിത്. നിങ്ങളെ കൊല്ലുന്നവര്‍ താന്‍ ദൈവത്തിന് ബലിയര്‍പ്പിക്കുന്നു എന്നു പറയുന്ന സമയം വരും (യോഹ. 16.2). ക്രിസ്തുവിന്റെ ഈ വാക്കുകള്‍ എന്നും ഓര്‍ക്കണം. ജാഗ്രതയോടെ ലോകത്തെയും കാലത്തെയും നോക്കിക്കാണാന്‍ അതുമൂലം കഴിയും.
രണ്ടാമതായി, അക്ഷമരാകാതെ പ്രാര്‍ത്ഥിക്കണം. ആദിമ ക്രിസ്ത്യാനികളെപ്പറ്റി പീഡകര്‍ പറയുന്നത് കേട്ടിട്ടില്ലേ: ക്രിസ്ത്യാനികളെ തല്ലരുത്; തല്ലിയാല്‍ അവര്‍ പൊറുക്കും; പൊറുത്താല്‍ അവര്‍ പെരുകും. റോമാസാമ്രാജ്യത്തിന്റെ കീഴിലും ഇതുതന്നെയാണ് സംഭവിച്ചത്. ശ്രീലങ്കയുടെ മണ്ണില്‍ കുമിഞ്ഞിറങ്ങിയ ആ നിഷ്കളങ്കരക്തവും പ്രിയരുടെ നിലവിളിയും വിത്താണെന്നറിയുക. പൊറുതിയോടെ ആ തീവ്രവാദികള്‍ക്കും ജീവന് പൊലിഞ്ഞവര്ക്കുമായി പ്രാര്‍ത്ഥിച്ചാല്‍ ആ വിത്ത് നാമ്പെടുക്കുന്നത് കാണാം. ക്രിസ്തീയത ഒരുപാടു പ്രാവശ്യം മരിച്ചുയര്ത്തെഴുന്നേറ്റിട്ടുണ്ട്. കാരണം ക്രിസ്തുവെന്ന ദൈവത്തിന് കല്ലറയ്ക്കു പുറത്തേക്കുള്ള വഴിയറിയാം. (ജി.കെ. ചെസ്റ്റര്‍ട്ടണ്‍). പ്രാണന് നഷ്ടമായവര്‍ക്കും പ്രാണവേദന അനുഭവിക്കുന്നവര്‍ക്കും ആശ്വാസം പകരുന്നവര്ക്കുമുള്ള പ്രത്യാശ ഇതാണ്.
മൂന്നാമതായി, വിശ്വാസികള്‍ പങ്കുവെയ്ക്കണം. മാനവശേഷിയും വിഭവശേഷിയും പങ്കിടണം. പീഡിതസഭയക്കായി ചിന്തകരും എഴുത്തുകാരും മതതീവ്രവാദത്തെയും അതിനെ ഭയന്ന് മൗനം ഭജിക്കുന്ന മാധ്യമങ്ങളെയും ലോകത്തെയും ഉണര്‍ത്താനുള്ള ഉദ്യമങ്ങളില്‍ ഏര്‍പ്പെടണം. മാനവികതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ബോധ്യപ്പെടുത്തണം. മാത്രമല്ല, നമ്മുടെ സഭകളുടെ വിഭവശേഷി കാര്യമായി പങ്കിടണം. യാക്കോബ് ശ്ലീഹ വാളിനിരയായി എന്നറിഞ്ഞപ്പോള്‍ ജറുസലേമിലെ സഭ ഒന്നടങ്കം ചേര്‍ന്നുനിന്നത് ഓര്‍ക്കുക.
വിശ്വാസത്തിന്റെ പ്രധാന ശത്രു അവിശ്വാസമല്ല, അന്ധവിശ്വാസമാണ്. ദൈവത്തിന്റെ മഹത്വമേറിയ വെളിച്ചം കയറാനാകാത്തവിധത്തില്‍ ജാലകങ്ങള്‍ അടച്ചുകളഞ്ഞ അന്ധവിശ്വാസം. മനുഷ്യനെ കൊല്ലാന്‍ ചാവേറാകുന്ന അന്ധവിശ്വാസം. ഇതില്‍നിന്നു ലോകത്തെ വിടുവിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രാണനോട് മല്ലിടുന്ന അഞ്ഞൂറിലധികം വരുന്ന സ്ഫോടനത്തിന്റെ ഇരകളെയും അവരുടെ പ്രിയപ്പെട്ടവരെയും ശ്രീലങ്കന്‍ സഭാഗ്രാത്രത്തെയും സഭാമാതാവിന്റെ മുമ്പില്‍ പ്രത്യാശയോടെ അര്‍പ്പിക്കാം.
(കടപ്പാട്: സണ്‍ഡേ ശാലോം)
Send your feedback to : onlinekeralacatholic@gmail.com