യൗസേപ്പിതാവിനെ എന്തുകൊണ്ടാണ് തൊഴിലാളികളുടെ മദ്ധ്യസ്ഥനാക്കിയത്?
ജെയ്സണ്‍ പീറ്റര്‍ - മെയ് 2020
മെയ് 1 അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമാണ്. തൊഴിലാളികളുടെ മദ്ധ്യസ്ഥനായി കത്തോലിക്ക സഭ ചൂണ്ടിക്കാണിക്കുന്നത് വി. ജോസഫിനെയാണ്. തന്റെ തിരുക്കുമാരനായ ഈശോയെ അറിവിലും ജ്ഞാനത്തിലും വളര്‍ത്തിക്കൊണ്ടുവരുവാന്‍ ദൈവം തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു വി. ജോസഫ് അഥവാ നാം സ്നേഹത്തോടെ വിളിക്കുന്ന യൗസേപ്പിതാവ്. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കണമെന്ന് ദൈവം മനുഷ്യനോട് കല്പിച്ചു. ഓരോരുത്തരും തങ്ങളുടെ ജോലിയിലൂടെ ദൈവത്തിന്റെ സൃഷ്ടികര്‍മ്മങ്ങളില്‍ പങ്കുചേരുകയും സൃഷ്ടപ്രപഞ്ചത്തെ പരിപാലിക്കുകയുമാണെന്ന് ബൈബിള്‍ സൂചിപ്പിക്കുന്നു.
പരിശുദ്ധ കന്യാകാമറിയവും ഈശോയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അദ്ധ്വാനിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. വലിയ ഒരു സമ്പന്നനൊന്നുമായിരുന്നില്ല അദ്ദേഹം. അന്നന്നുവേണ്ടുന്ന അപ്പത്തിനായി അദ്ധ്വാനിച്ചിരുന്ന തച്ചനായിരുന്നു അദ്ദേഹം. ഏറ്റവും പരിപാവനമായ ഒരു ദൗത്യനിര്‍വഹണത്തിനായി അദ്ദേഹം ജോലി ചെയ്തു. ഒന്നിനെക്കുറിച്ചും ആകുലാനാകാതെ, ആശങ്കപ്പെടാതെ അദ്ദേഹം തിരുക്കുടുംബത്തിന്റെ സന്ധാരണത്തിനുവേണ്ടി ജോലി ചെയ്തു. അതുകൊണ്ടാണ് കുടുംബം പുലര്‍ത്താനായി അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെ മദ്ധ്യസ്ഥനായി തിരുസഭ അദ്ദേഹത്തെ ഉയര്‍ത്തിയത്. ആത്മാര്‍ത്ഥതകൊണ്ട്, സ്നേഹം കൊണ്ട് തൊഴിലിനെ വിശുദ്ധീകരിച്ച വ്യക്തിയാണ് അദ്ദേഹം.
തൊഴിലും കുടുംബവും ഒന്നിച്ചുകൊണ്ടുപോകേണ്ടതെങ്ങനെയെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. യഥാര്‍ത്ഥ ലക്ഷ്യത്തോടെ എങ്ങനെ ജോലി ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കുന്നു. എല്ലാ ജോലികളും ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ തൊഴിലിന്റെ ലക്ഷ്യം ക്രിസ്തുവിനെ സേവിക്കുക എന്നതായിരിക്കണം എന്നും യൗസേപ്പിതാവ് എന്ന് തച്ചന് നമ്മെ പഠിപ്പിക്കുന്നുവെന്ന് ഹസ്ബന്റ്, ഫാദര്‍, വര്‍ക്കര്‍ എന്ന പുസ്തകത്തിന്റെ രചയിതാവായ ഫാ. ലാറി ടൊഷി പറയുന്നു.
യൗസേപ്പിതാവ് ഒരു വര്‍ക്ക്ഹോളിക് ആയിരുന്നില്ല. അദ്ദേഹം സമാധാനത്തോടെ, സ്നേഹത്തോടെ, ക്ഷമയോടെ ജോലി ചെയ്തു. വലിയ ബഹളങ്ങളൊന്നുമില്ലാതെ കുടുംബത്തിനുവേണ്ടി അദ്ധ്വാനിച്ചു.യൗസേപ്പിതാവ് തൊഴില്‍ ചെയ്തത് ഈശോയോടും മാതാവിനോടുമുള്ള സ്നേഹത്തെപ്രതിയായിരുന്നു. തൊഴിലില്‍ സ്നേഹം ചേരുമ്പോഴാണ് സൃഷ്ടികര്‍മ്മത്തിന്റെ ഭാഗമായി മാറുന്നത്.
മെയ് 1 കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മെയ് ഡേ ആയി പ്രഖ്യാപിച്ചപ്പോള്‍ അതിനു പകരമായിട്ടായിരുന്നു 1955 ല്‍ ദൈവദാസനായ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മെയ് 1 സെന്റ് ജോസഫ് ദ വര്‍ക്കര്‍ എന്ന ഫീസ്റ്റിന് തുടക്കം കുറിച്ചത്. തൊഴിലാളിയായിരുന്ന ജോസഫിനോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുകയും തൊഴിലിന്റെ മഹത്വം അനുസ്മിരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ആ തിരുന്നാളിന് തുടക്കം കുറിച്ചത്.
ആവിലയായിലെ വി. ത്രേസ്യ വി. യൗസേപ്പിതാവിന്റെ ഭക്തനായിരുന്നു. മറ്റ് വിശുദ്ധര്‍ക്ക് ദൈവം ഓരോരോ കാര്യങ്ങളില്‍ നമ്മെ സഹായിക്കുവാനുള്ള ശക്തി നല്കിയപ്പോള് നമ്മുടെ എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കുവാനുള്ള ശക്തി യൗസേപ്പിതാവിന് ദൈവം നല്‍കിയെന്ന് ആവിലായിലെ വി. അമ്മ ത്രേസ്യ പറയുന്നു. ഈ ലോകത്തില്‍ ഈശോ യൗസേപ്പിതാവിന് വിധേയനായിരുന്നു. അതുകൊണ്ടുതന്നെ യൗസേപ്പിതാവ് തന്റെ പുത്രനേട് സ്വര്‍ഗ്ഗത്തില്‍ ആവശ്യപ്പെടുന്നതെന്തും നമുക്കായി ഈശോ ചെയ്തുതരുമെന്ന് വി. അമ്മ ത്രേസ്യ കൂട്ടിച്ചേര്‍ക്കുന്നു.
കൊറോണ എന്ന മഹാമാരി നമ്മുടെ തൊഴില്‍ സ്വപ്നങ്ങളെ ചവിട്ടിമെതിക്കുകയും തൊഴില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ നമ്മെ പേടിപ്പെടുത്തുകയും ചെയ്യുന്ന ഈ കാലങ്ങളില്‍ നമുക്ക് യൗസേപ്പിതാവിലേക്ക് തിരിയാം. കാരണം കുടുംബം പുലര്‍ത്താന്‍ നമുക്കും ക്രിസ്തു കേന്ദ്രീകൃതമായ ഒരു തൊഴില്‍ വേണമെന്ന് യൗസേപ്പിതാവിനെക്കാള് കൂടുതലായി മാറ്റാര്‍ക്കാണ് അറിയാവുന്നത്?
Send your feedback to : onlinekeralacatholic@gmail.com