ഇനി മേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല, വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍ ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. (എഫേ 2 19-20). ഈ വാക്കുകള്‍ അഭിമാനത്തോടെ, വിശ്വാസത്തോടെ ഏറ്റുപറയുവാന്‍ നമ്മെ പ്രാപ്തരാക്കിയത് മാര്ത്തേമ്മശ്ലീഹയാണ്. ഭാരതസഭയുടെ വിശ്വാസത്തിന് അടിത്തറ പാകിയ ആ ധന്യപിതാവിന്റെ ഓര്‍മ്മയാണ് ദുക്റാന തിരുന്നാള്‍. ആഴമേറിയ ദൈവാനുഭവം, ഉദാത്തമായ ധീരത, നിരന്തരമായ സത്യാന്വേഷണം എന്നിവ മുഖമുദ്രയായി നമുക്ക് നല്‍കിയതിന് വി. തോമാശ്ലീഹയോട് നമുക്ക് കടപ്പാട് ഉണ്ടാകണം. ഈ കടപ്പാട് ഉന്നതമായ കര്‍ത്തവ്യബോധത്തിലേക്ക് നമ്മെ നയിക്കണം.
വികലമായ അറിവില്‍ മാത്രം നിലനിന്ന്, അതില്‍ തകര്‍ന്നടിയാന്‍ വിധിക്കപ്പെടുന്ന ആധുനിക കാലഘട്ടത്തില്‍ ദൈവാനുഭവത്തിന്റെ ബോധ്യങ്ങള്‍ പകരാന്‍ കേരളസഭയ്ക്കും ഭാരതസഭയ്ക്കും സാധിക്കണം. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ (യോഹ 20 28). വിശുദ്ധഗ്രന്ഥത്തിലെ ഏറ്റവും വലിയ ഈ വിശ്വാസപ്രഖ്യാപനം മാര്ത്തോമശ്ലീഹായുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നതാണ്. അറിവില്‍ നിന്ന് അനുഭവത്തിലേക്ക് ഉയര്‍ന്ന് ക്രിസ്തു സാക്ഷ്യമാകുവാന് നമുക്ക് ജീവിതങ്ങളെ സമര്‍പ്പിക്കാം. വഴി അറിയാത്ത തോമസ് യേശുവിനോട് ചോദിച്ചു. കര്‍ത്താവേ നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും. (യോഹ 14 5). വിശ്വാസദീപം തെളിച്ച ശ്ലീഹായുടെ മക്കളായ നാം കര്‍ത്താവിനെ കാണിച്ച് യഥാര്‍ത്ഥ മാര്ത്തോമ്മാമാര്ഗ്ഗങ്ങളാകണം. വ്യര്‍ത്ഥമായ ജീവിതമെന്ന് വിലപിക്കുന്നവര്‍ക്കും ലക്ഷ്യബോധം കണ്ടെത്താന്‍ വിമുഖത കാട്ടുന്നവര്‍ക്കും ജീവിതലക്ഷ്യം കണ്ടെത്താനുള്ളതാണെന്ന ചിന്ത പകരാം. കത്തോലിക്ക വിശ്വാസങ്ങളെയും സഭാസംവിധാനങ്ങളെയും സന്യാസത്തെയും മാത്രം വിമര്‍ശനവിധേയമാക്കുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന മാധ്യമ-സാമൂഹിക സംവിധാനങ്ങളോട് ജീവിതം കൊണ്ട് മാര്ത്തോമ്മാശ്ലീഹായെപ്പോലെ ധീരതയോടെ മറുപടി പറയാന്‍, തടയിടാന്‍ ആര്‍ജ്ജവത്വം നേടുവാന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മത്തിരുന്നാള്‍ കാരണമാകട്ടെ. അടിസ്ഥാന വിശ്വാസവും പ്രാര്‍ത്ഥനാജീവിതവും പ്രേഷിതാഭിമുഖ്യവും പരിപോഷിപ്പിച്ച് ലോകത്ിതലെ ഏറ്റവും വലിയ മിഷനറി സഭയായി ഭാരതസഭ പരിലസിക്കട്ടെ.
കുലീനമായ കത്തോലിക്ക പാരമ്പര്യങ്ങളെ കൈമോശം വരാതെ സൂക്ഷിക്കുവാനും വരുംതലമുറയ്ക്ക് പകരുവാനും വ്യക്തമായ പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടണം. കേരളത്തിലും ഭാരതത്തിലും എല്ലാ സ്വതന്ത്രസഭകളും സന്യാസസമൂഹങ്ങളും ഇതിനായി കൈകോര്‍ക്കണം. യുഗസംക്രമത്തിന്റെ സ്നേഹമായി ജ്വലിച്ച് പൊലിഞ്ഞ മാര്‍ത്തോമ്മ, നിന്റെ തുടികൊള്ളും അസ്ഥിമാടത്തില്‍ എണ്ണത്തിരികളാലല്ല, മറിച്ച് ഹൃദയരക്തത്തിനാല്‍ ബലി നല്കുവാന് ഞങ്ങള്‍ സന്നദ്ധരാണ് എന്ന് ധീരതയോടെ നമുക്ക് ഏറ്റുപറയാം.