ദിവ്യകാരുണ്യ സ്വീകരണത്തിന്റെ അത്ഭുതഫലങ്ങളറിഞ്ഞാല്
ഒരിക്കലും നിങ്ങള്‍ കുര്‍ബാന സ്വീകരിക്കാതെ മടങ്ങിപ്പോകില്ല
ജോര്‍ജ് കൊമ്മറ്റം - മാര്‍ച്ച് 2023
എന്തിനാണ് എല്ലാ ദിവസവും കുര്‍ബാന സ്വീകരിക്കുന്നത്? ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടോ?
ഓരോ കുര്‍ബാനയിലും ദിവ്യകാരുണ്യം സ്വീകരിക്കേണ്ട ആവശ്യമുണ്ടോ? കുര്‍ബാന സ്വീകരിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകാത്ത കത്തോലിക്കനുണ്ടാകില്ല. അത്തരത്തിലുള്ള ചിന്തകളും സംശയങ്ങളും നല്ലതുതന്നെ. സത്യത്തില്‍ ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തികളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് നാം അങ്ങനെ ചിന്തിച്ചുപോകുന്നത്.
ദിവ്യകാരുണ്യം പരിശുദ്ധ ത്രീത്വത്തിന്റെ കരവേലയും മാനവരാശിയ്ക്ക് നല്‍കിയിട്ടുള്ള സമ്മാനവുമാണെന്നാണ് പേപ്പല്‍ പ്രീച്ചറും കാര്ഡിനലുമായ ഫാ. റെനീറോ കണ്ടാലമസ്സ പറയുന്നത്. നമുക്ക് സ്വര്‍ഗ്ഗസ്ഥനായ ഒരു പിതാവ് ഉണ്ട്. നമ്മുടെ ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ് അത് നിറവേറ്റി തരാനായി ഏതറ്റം വരെ പോകുവാനും മടിക്കാത്ത ഒരു സ്വര്‍ഗ്ഗീയപിതാവ്. നമ്മുടെ അനുദിന അപ്പം എന്നത് വെറും ഭൗമികമായ ആഹാരമല്ല, അത് ആത്മീയഭക്ഷണമാണ്, നമ്മുടെ രക്ഷകനായ ക്രിസ്തുവിന്റെ ശരീരവും രക്തവും. ദിവ്യകാരുണ്യം പരിശുദ്ധത്രിത്വത്തില്‍ നിന്നുല്ഭവിക്കുന്നതും ശക്തിപ്രാപിക്കുന്നതുമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വിശുദ്ധരെല്ലാം തന്നെ ദിവ്യകാരുണ്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞവരായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍പോലും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അവര്‍ മടികാണിച്ചില്ല. ഇതാ ദിവ്യകാരുണ്യത്തിന്റെ അത്ഭുതകരമായ 10 സവിശേഷ ശക്തികള്‍
1. ക്രിസ്തുവുമായുള്ള ഐക്യപ്പെടുത്തുന്നു
ഈശോയെ ദിവ്യകാരുണ്യത്തിലൂടെ സ്വകരിക്കുമ്പോള്‍ നമ്മുടെ അത്തസത്ത അവിടുത്തേതുമായി ഒന്നുചേരുന്നു. ഉരുകിയ മെഴുക് മറ്റ് മെഴുകുമായി ചേര്‍ക്കുന്നതുപോലെ എന്നാണ് വി. സിറില്‍ ഓഫ് അലക്സാണ്ട്രിയ അതിനെക്കുറിച്ച് പറയുന്നത്. ക്രിസ്തുവിനെപ്പോലെയാകുവാനും അവിടുത്തോടുകൂടി വസിക്കാനും അവിടുന്ന നമ്മില്‍ വസിക്കുവാനും ആഗ്രഹിച്ചുകൊണ്ട് നാം നടത്തുന്ന ഒരു യാത്രയാണ് ക്രിസ്തീയ ജീവിതം. ആ യാത്രയില്‍ നമ്മുടെ പൊതിച്ചോറാണ് ദിവ്യകാരുണ്യം.
2. ലഘുപാപങ്ങളെ ഇല്ലാതാക്കുന്നു
ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ലഘുപാപങ്ങള്‍ തുടച്ചുമാറ്റപ്പെടുന്നു. പാപത്തിലൂടെ നാം സ്നേഹമായ ദൈവത്തില്‍ നിന്നും അകന്നുപോകുന്നു, എന്നാല്‍ ദിവ്യകാരുണ്യം സ്വീകരിക്കമ്പോള്‍ നാം സ്നേഹത്തില്‍ വീണ്ടും ഒന്നിക്കുന്നു. വിശുദ്ധ കുര്‍ബാന നമ്മുടെ പാപത്തിന്റെ മേലങ്കി കത്തിച്ചുകളഞ്ഞ് നമ്മെ വീണ്ടും വിശുദ്ധരാക്കുന്നു.
3. മാരകപാപങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു
മാരകപാപാവസ്ഥയിലായിരിക്കുമ്പോള് നമുക്ക് ദിവ്യകാരുണ്യം സ്വകരിക്കുവാന്‍ കഴിയാത്തതിനാല്‍ സാധിക്കുമ്പോഴെല്ലാം നാം ദിവ്യകാരുണ്യം സ്വകരിക്കണം. കാരണം ദിവ്യകാരുണ്യം മാരകപാപത്തില്‍ വീഴാതെ നമ്മെ കാത്തുകൊള്ളും. ദിവ്യകാരുണ്യത്തിന്റെ ശക്തി ലഘുപാപത്തിന്റെ കറകളെ കഴുകിക്കളഞ്ഞ് നമ്മെ പൊതിഞ്ഞ് സൂക്ഷിക്കുന്നതിനാല്‍ മാരകപാപത്തില്‍ വീഴാതിരിക്കാന്‍ നമ്മെ ശക്തരാക്കും.
4. ക്രിസ്തുവുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നു
ഈശോയുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമുക്ക് കഴിയുന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. ഈശോ വെറുമൊരു ബോധ്യമോ, അമൂര്‍ത്തമായ ഒരു ആശയമോ അല്ല മറിച്ച് അവിടുന്ന് ഒരു യഥാര്‍ത്ഥ വ്യക്തിയാണ് എന്ന സത്യം വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ഈശോയുമായുള്ള ഒരു വ്യക്തിബന്ധം സ്ഥാപിക്കുന്നതിന് ദിവ്യകാരുണ്യസ്വീകരണത്തേക്കാള് മറ്റെന്തുണ്ട്?
5. ജീവന് നല്കുന്നു
കത്തോലിക്കസഭയുടെ മതബോധനമനുസരിച്ച് മാമ്മോദീസായിലുടെ നമുക്ക് ലഭിച്ച കൃപയുടെ ജീവന് വര്‍ദ്ധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ദിവ്യകാരുണ്യമാണ്. മറ്റൈാരു വാക്കില്‍ പറഞ്ഞാല്‍, ദിവ്യകാരുണ്യ സ്വീകരണം നമ്മില്‍ ഉള്ള കൃപയുടെ ജീവനെ വര്‍ദ്ധിപ്പിക്കുന്നു.
6. ക്രിസ്തുവിന്റെ ശരീരവുമായി ഐക്യപ്പെടുത്തുന്നു
ദിവ്യകാരുണ്യത്തിലൂടെ നാം ക്രിസ്തുവുമായി കൂടുതലായി ഐക്യപ്പെടുമ്പോള്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്ന എല്ലാവരുമായി നാം ഐക്യപ്പെടുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദിവ്യകാരുണ്യം ഈശോയുമായും സഭാംഗങ്ങളുമായും നമ്മെ ഒട്ടിച്ചുവെക്കുന്ന പശ പോലെയാണ്.
7. പാപവപ്പെട്ടവരെ സേവിക്കുന്നതിന് പ്രേരിപ്പിക്കുന്നു
പാവപ്പെട്ടവരില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയാതെ ബലിപീഠത്തില്‍ നിന്നും തിരികെ പോകുന്നവരെക്കുറിച്ച് വി. ജോണ്‍ ക്രിസോസ്റ്റം പറയുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ ക്രിസ്തുവിന്റെ രക്തം രുചിച്ചറിഞ്ഞു, എന്നിട്ടും നിങ്ങളുടെ സഹോദരനെ തിരിച്ചറിയുന്നില്ല. ദൈവം നിങ്ങളെ പാപങ്ങളില്‍ നിന്ന് മോചിപ്പിച്ചു ബലിപീഠത്തിലേക്ക ക്ഷണിച്ചു, എന്നിട്ടും നിങ്ങള്‍ കൂടുതല്‍ കരുണയുള്ളവരായി മാറിയില്ല.
8. ആത്മീയ ആശ്വാസമേകുന്നു
ദിവ്യകാരുണ്യം സ്വര്‍ഗ്ഗീയ ആനന്ദത്തിന്റെ മുന്നാസ്വാദനമാണ്. നാം ദൈവവുമായി ഒന്നുചേരുമ്പോള്‍ സ്വര്‍ഗ്ഗീയമായ ആനന്ദം നമ്മില്‍ അലയടിക്കുന്നു. ജീവിത ഭാരം പേറി തളര്‍ന്നുവെന്നു തോന്നുമ്പോള്‍ ദിവ്യകാരുണ്യത്തിന്റെ മുമ്പിലെത്തു, ദിവ്യകാരുണ്യം സ്വീകരിക്കു അവിടുന്ന് നമുക്ക് ആത്മീയമായ ആശ്വാസമേകും. അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരും എന്റെ പക്കല്‍ വരുവിന്‍ എന്നാണല്ലോ ഈശോ പറഞ്ഞിരിക്കുന്നത്.
9. സമാധാനം സ്ഥാപിക്കന്നു
ദിവ്യകാരുണ്യം യുദ്ധഭൂമികളില്‍ പോലും സമാധാനം വിതറുന്നു. 2005 ല്‍ നടന്ന ദിവ്യകാരുണ്യ സിനഡില്‍ ബിഷപ്പുമാര്‍ ചര്‍ച്ച ചെയ്തത് യുദ്ധ പ്രദേശങ്ങളില്‍ എങ്ങനെയാണ് ദിവ്യകാരുണ്യം ജനഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്തി സമാധാനം കാംക്ഷിക്കുവാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ സമാധാനം സ്ഥാപിക്കുവാന്‍ വന്ന ക്രിസ്തു നമ്മിലേക്ക് കടന്നുവരുന്നു.
10. ജീവിതത്തിന് ലക്ഷ്യബോധം നല്കുന്നു
ദിവ്യകാരുണ്യത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസ്സിലാക്കിയാല്‍ പിന്നെ നമ്മുടെ ജീവിതം ദിവ്യകാരുണ്യ കേന്ദ്രീകൃതമായിത്തീരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവ്യകാരുണ്യസ്വീകരണത്തെക്കാള് വലിയ മറ്റൊന്നും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാനില്ല. ഈശോ എന്ന ആത്മാവിന്റെ വൈദ്യനുമായിട്ടുള്ള കൂടിക്കാഴ്ചയാണ് ആണ് ദിവ്യബലി.
പലപ്പോഴും ദിവ്യബലിയില്‍ പങ്കെടുത്ത് ഈശോയെ സ്വീകരിക്കാതെ നാം മടങ്ങിപ്പോകാറില്ലേ. അത് നമുക്ക് ദിവ്യകാരുണ്യം സ്വീകരണത്തിലൂടെ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ പറ്റി അറിവില്ലാത്തതുകൊണ്ടായിരുന്നുവെങ്കില് ഇനി നമുക്ക് ഒഴികഴിവില്ല. ദിവ്യകാരുണ്യത്തിന്റെ ശക്തി മനസ്സിലാക്കിത്തരണമേ എന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.
Send your feedback to : onlinekeralacatholic@gmail.com