ശത്രുക്കള്‍ ഉള്ളില്‍ തന്നെയുണ്ട്
റോയ് പോള്‍ - മാർച്ച് 2019
ജന്മനാ എല്ലാവരും ധീരന്മാരായിരിക്കണമെന്നില്ല. പേടിത്തൊണ്ടന്മാരുമായിരിക്കണമെന്നുമില്ല. ജീവിതകാലത്ത് നാം കടന്നുപോകുന്ന അനുഭവങ്ങളില്‍ നിന്നും കേട്ടുകേള്വിയില്നിന്നും വായനയില്‍ നിന്നുമൊക്കെ നമ്മെ ഭയപ്പെടത്തുന്ന പലതും നമ്മുടെ ഉള്ളിലേക്ക് കടന്നുകയറിയേക്കാം. ചിലതൊക്കെ യാഥാര്‍ത്ഥ്യങ്ങളാകാം. ചിലതൊക്കെ വെറും കെട്ടുകഥകളാകാം. ഏതായാലും ഉള്ളിലുള്ള ഭയമെന്ന ശത്രുവിനെ നാം തോല്പിച്ചേ മതിയാകു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമ്മുടെ ജീവിതം ധന്യമാക്കുന്നതുപോലെ, കൊച്ചുകൊച്ചു ഭയങ്ങള്‍ നമ്മുടെ ജീവിതം താറുമാറാക്കിയേക്കാം. അതുകൊണ്ട് നമ്മുടെ ഉള്ളിലുള്ള ശത്രുക്കളെ നേരത്തെ കണ്ടെത്തി തുരത്തിയാല്‍ ജീവിതവിജയം കൈപിടിയിലൊതുക്കാം. നമ്മുടെ ഉള്ളില്‍ ഒളിച്ചിരുന്ന് ജീവിതത്തില്‍ മുന്നേറുന്നതില്‍ നിന്ന് നമ്മെ തടയുന്ന അഞ്ച് ശത്രുക്കള്‍ ആരൊക്കെയാണെന്ന് നോക്കാം.
1. നിസ്സംഗത
ജീവിതത്തില്‍ മുന്നേറുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന, പ്രബലനായ ശത്രുവാണ് നിസ്സംഗത. അഥവാ താല്പര്യമില്ലായ്മ. ഓ അതുസാരമില്ല. അതൊക്കെ മതി, ഓ എന്നാന്തിനാ... ഇങ്ങനെ ഒരുപാട് വാക്ശരങ്ങള്‍ കൊണ്ടാണ് ആ ശത്രു നമ്മുടെ ഉള്ള് കീഴടക്കുക. വെല്ലുവിളികളില്‍ നിന്ന് ഒഴിവായി പോയ്ക്കൊണ്ടിരുന്നാല്‍ നമുക്ക് ഒരിക്കലും ജീവിതവിജയമാകുന്ന മലമുകളിലെത്താനാവില്ല.
2. തീരുമാനമില്ലായ്മ
കൃത്യമായ തീരുമാനം കൃത്യസമയത്ത് എടുത്തവരാണ് ജീവിതത്തില്‍ വിജയിച്ചിട്ടുള്ളവരെല്ലാം തന്നെ. കാരണം അവസരങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കാറില്ല. തീരുമാനമെടുക്കുവാനുള്ള ഭയം നമ്മുടെ അവസരങ്ങള്‍ നശിപ്പിച്ചേക്കാം. അത് നമ്മുടെ ഭാവിയെയും വിജയത്തെയും മുളയിലെ കവര്‍ന്നെടുക്കും. അതുകൊണ്ട് കൃത്യസമയത്ത് തീരുമാനമെടുക്കുന്നതില്‍ തീരുമാനമില്ലായ്മ വേണ്ട.
3. സംശയം
ആരോഗ്യകരമായ സംശയങ്ങള്‍ നല്ലതാണ്. എന്നോര്‍ത്ത് എല്ലാ കാര്യത്തിലും സംശയമായാലോ. എല്ലാം വിശ്വസിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സത്യമാണ്. പക്ഷേ, സംശയം മാത്രമായാലോ ജീവിതം. ചിലര്‍ ഭാവിയെക്കുറിച്ച് സംശയിക്കുന്നു. ചിലര്‍ അവസരങ്ങളെക്കുറിച്ച്. ചിലര്‍ മറ്റുള്ളവരെകുറിച്ച് സംശയിക്കുന്നു. അത് നമ്മുടെ വിജയസാധ്യതകളെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
4. ആകുലത
ആര്‍ക്കാണ് ആകുലതകളില്ലാത്തത്. ആകുലപ്പെട്ടതുകൊണ്ട് നമ്മുടെ ആയുസ്സിന്റെ ഒരു മുഴം പോലും നീക്കാന്‍ നമുക്കാവില്ല. ആകുലതകള്‍ നല്ലതാണ്. കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നതിന് ഒരു പക്ഷേ അത് നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ, അകൂലത മാത്രമായി ജീവിതം മാറിയാല്‍ പരാജയം നുണഞ്ഞ് ആകുലപ്പെടേണ്ടിവരും.
5. അമിതമായ ജാഗ്രത
ജാഗ്രത നല്ലതാണ്. പക്ഷേ, അത് അമിതമായാലോ. സ്ഥിതി മാറും. അത് ഒരു രോഗമാണ്. ജാഗ്രത കൂടുമ്പോള്‍ നമുക്ക് ചുവട് വെക്കാനാവില്ല. അമിതമായ ജാഗ്രത തളര്‍ത്തിക്കളയുന്നത് നമ്മുടെ വളരുവാനുള്ള കഴിവിനെയാണ്.
ഉള്ളിലുള്ള പഞ്ച ശത്രുക്കളെ തോല്പിച്ചാല് വിജയം കൂടെപ്പോരും. അതിനായി നിരന്തരം പോരാടുക. നമ്മെ പിന്നിലേക്ക് പിടിച്ചുവലിക്കുന്ന ഭയമാകുന്ന ശത്രുവിനെ പിന്നോട്ട് തള്ളി മുന്നോട്ട് കുതിക്കാന്‍ പഠിക്കാം.
Send your feedback to : onlinekeralacatholic@gmail.com