ജീവിതത്തിന്റെ അര്‍ത്ഥം തേടിയ വിക്ടര്‍ ഫ്രാങ്ക്ള്‍
ജോര്‍ജ് .കെ. ജെ - മാർച്ച് 2020
കൊടിയ പീഡനങ്ങളെ അതിജീവിച്ചാല്‍ തന്റെ പ്രിയതമയുടെ പുഞ്ചിരിക്കുന്ന മുഖം കാണാനാകുമെന്ന ഒറ്റ പ്രതീക്ഷയില്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനങ്ങളെ അതിജീവിച്ച വ്യക്തിയാണ് വിക്ടര്‍ എമില്‍ ഫ്രാങ്ക്ള്‍. ഓസ്ട്രിയന്‍ വംശജനായ ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റും ഹോളോകോസ്റ്റിനെ അതിജീവിച്ച വ്യക്തിയുമായ അദ്ദേഹത്തെ മരണത്തില്‍ നിന്നും കാത്തുസൂക്ഷിച്ചത് സ്വന്തം ഭാര്യയോടുള്ള സ്നേഹം ഒന്നു മാത്രമായിരുന്നു. പില്ക്കാലത്ത് ജീവിതത്തെ പിടിച്ചുനിര്‍ത്തുവാനും മുന്നോട്ടു നയിക്കുവാനും ഒരു മനുഷ്യന് വേണ്ടത് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുകയാണ്െ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. ജീവിതത്തില്‍ പ്രതീക്ഷിക്കാനെന്തെങ്കിലുമുണ്ടെങ്കില്... അര്‍ത്ഥം നല്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍... എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
നാസികള്‍ പിടിമുറുക്കുമ്പോള്‍ വിക്ടര്‍ വിയയിലെ പ്രശസ്തമായ ഒരു ജൂത ഹോസ്പിറ്റലിലെ പേരുകേട്ട സൈക്യാട്രിസ്റ്റായിരുന്നു. അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്റെ മാതാപിതാക്കന്മാരോടൊപ്പം കഴിയുവാനുള്ള ആഗ്രഹവും താന്‍ സ്നേഹിക്കുന്ന ടില്ലിയെന്ന പെണ്‍കുട്ടിയെ പിരിയുവാനുള്ള വിമുഖതയും കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.
ജര്‍മ്മനിയില്‍ വിവാഹം കഴിക്കുന്നതിന് അനുവാദം കിട്ടിയ അവസാനത്തെ ജൂത ദമ്പതികളായിരുന്നു വിക്ടറും ടില്ലിയും. വിവാഹം കഴിഞ്ഞ് ടില്ലി ഗര്‍ഭിണിയായി, ജൂത വനിതകള്‍ക്ക് ഗര്‍ഭം ധരിക്കുവാന്‍ അനുവാദമില്ലാത്തതിനാല്‍ നാസികള്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യിപ്പിച്ചു. വിക്ടറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് ജൂതന്മാര്ക്കു മാത്രമായി ഒരുക്കിയിരുന്ന ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി. പട്ടിണിയും പീഡനവുമായിരുന്നു അവിടെ കൂട്ട്. വൈകാതെ, അവിടെ നിന്നും വിക്ടറിനെ ലേബര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. ലേബര്‍ ക്യാമ്പിലെ പീഡനവും വിശപ്പും അസഹനീയമായിരുന്നു. തണുത്തുറഞ്ഞ മഞ്ഞില്‍ നഗ്നപാദനായി നടന്നുവേണമായിരുന്നു ജോലി ചെയ്യാന്‍. ചുറ്റിലുമുള്ളവര്‍ പലരും അതിശൈത്യവും വിശപ്പും നിരാശയും സഹിക്കാനാവാതെ മരിച്ചുവീണുകൊണ്ടിരുന്നു. പക്ഷേ, മരണത്തിന് കീഴടങ്ങാന്‍ വിക്ടര്‍ കൂട്ടാക്കിയില്ല. ആ കൊടും തണുപ്പില്‍ അദ്ദേഹം തന്റെ പ്രിയപ്പെട്ട ടില്ലിയെ ഓര്‍ത്തു. അവള് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്നും ഈ ദുരിതങ്ങള്‍ കഴിഞ്ഞാല്‍ അവളെ കണ്ടെത്താമെന്നും അദ്ദേഹം ആശിച്ചു. അവളുടെ മുഖം ഒരു സൂര്യനെപ്പോലെ തിളങ്ങി തനിക്ക് ചൂടുപകരുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. തന്റെ പ്രിയപ്പെട്ടവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒന്നു മാത്രമായിരുന്നു അദ്ദേഹത്തെ മരണത്തില്‍ നിന്ന് കാത്തത്.
സ്നേഹത്തിലൂടെ മാത്രമേ, സ്നേഹത്തില്‍ മാത്രമേ മനുഷ്യന് മോചനമുള്ളുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിഷാദത്തോട് സ്വയം പൊരുതിക്കൊണ്ടിരിക്കുമ്പോഴും സഹ തടവുകാര്‍ക്ക് വിഷാദമകറ്റാനുള്ള തെറാപ്പികള്‍ അദ്ദേഹം നല്‍കിയിരുന്നു. നിങ്ങളുടെ കഴിഞ്ഞുപോയ ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കുക, ഇതുപോലെയുള്ള കൊടിയ പീഡനങ്ങളെ അതിജീവിക്കുന്നവര്‍ ജീവിതത്തില്‍ എന്തെങ്കിലും പ്രതീക്ഷിക്കുവാനുള്ളവരും പ്രത്യേക ലക്ഷ്യമുള്ളവരുമാണെന്നും അദ്ദേഹം അവരോട് പറഞ്ഞു. സ്വന്തം ജീവിതം എന്തിനുവേണ്ടിയെ ചോദ്യത്തിന് ഉത്തരം നല്കാന് കഴിയുവര്‍ ഏതു ദുരിതത്തെയും അതിജീവിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി.
1945 ല്‍ അമേരിക്കന്‍ സൈന്യം അവരെ മോചിപ്പിച്ചു. പ്രതീക്ഷയോടെ വീട്ടിലേക്കോടിയെത്തിയ വിക്ടറിനെ കാത്തിരുന്നത് അമ്മയും സഹോദരനും തന്റെ പ്രിയതമയും നാസി ക്യാമ്പില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടുവെന്ന ഹൃദയം പിളര്‍ക്കുന്ന വാര്‍ത്തയായിരുന്നു. നാസി ക്യാമ്പില്‍ ക്രൂരമായ മരണത്തിന് കീഴടങ്ങുമ്പോള്‍ അവള്‍ക്ക് വെറും 24 വയസ്സായിരുന്നു. കണ്ടുകണ്ടു കൊതി തീരാതെ, സ്നേഹിച്ചു സ്നേഹിച്ചു മതിയാവാതെ, തന്റെ പ്രിയപ്പെട്ടവളെയും മരണം തട്ടിക്കൊണ്ടുപോയെന്നറിഞ്ഞ അദ്ദേഹം തളര്‍ന്നുപോയി.
നിരാശയുടെ പടുകുഴിയിലേക്ക് പതിച്ച വിക്ടര്‍ പിന്നീട് ജീവിതം തിരിച്ചുപിടിച്ചത് ജോലിയില്‍ കൂടുതല്‍ ആമഗ്നനായിക്കൊണ്ടാണ്. ലേബര്‍ ക്യാമ്പിലെ ആരും ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന ദുരിതപൂര്‍ണമായ ഓര്‍മ്മകള്‍ അക്ഷരങ്ങളിലാക്കുന്നതിനായി പിന്നീട് അദ്ദേഹത്തിന്റെ ശ്രമം. അദ്ദേഹത്തിന്റെ ഹൃദയം തൊട്ടെഴുതിയ എ മാന്‍സ് സേര്‍ച്ച് ഫോര്‍ മീനിംഗ് എന്ന പുസ്തകം ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ള പ്രചോദനാത്മകമായ പുസ്തകങ്ങളില്‍ ഒന്നായിത്തീര്‍ന്നു. പുസ്തകത്തിന്റെ ദശലക്ഷക്കണക്കിന് കോപ്പികള്‍ ചൂടപ്പം പോലെ വിറ്റുപോയി.
എന്തുകൊണ്ടാണ് താങ്കള്‍ ഈ കഥകള്‍ പങ്കുവെക്കാനാഗ്രഹിച്ചതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏത് ദുരിതപൂര്‍ണമായ സാഹചര്യത്തിലും ജീവിതം അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു. താന്‍ ആ അര്‍ത്ഥം കണ്ടെത്തിയതുകൊണ്ടാണ് സഹനങ്ങളെ അതിജീവിച്ചത്. തന്റെ പ്രിയതമയെന്ന മാത്രമായിരുന്നു, അവളോടുള്ള സ്നേഹമായിരുന്നു തന്റെ ജീവിതത്തിന്റെ അര്‍ത്ഥം.
മനുഷ്യ ജീവിതത്തിലെ പ്രധാന പരിഗണന സുഖഭോഗങ്ങളോ, വേദനയില്ലാത്ത അവസ്ഥയോ അല്ല മറിച്ച് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുക എന്നതു മാത്രമണെന്ന വിക്ടറിന്റെ വാക്കുകള്‍ ലോകത്തെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com