മതിലുകെട്ടുന്നവരും പാലം പണിയുന്നവരും
ജിയോ ജോര്‍ജ് - മാർച്ച് 2020
ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങള്‍. ജ്യേഷ്ഠനും അനുജനും. വളരെ നല്ല കര്‍ഷകരായിരുന്നു അവര്‍. അവരുടെ വീടുകള്‍ക്കിടയില്‍ ചെറിയൊരു അരുവിയുണ്ടായിരുന്നു. അതിനു കുറുകെയുള്ള ഒരു തടിപ്പാലം കടന്നുവേണമായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും പോകുവാന്‍. വളരെ സന്തോഷത്തിലും സ്നേഹത്തിലുമായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. നാട്ടുകാര്‍ ആ സഹോദരങ്ങളെ വളരെ ആസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്. കാരണം അത്രമേല്‍ സ്നേഹമായിരുന്നു അവര്‍ തമ്മില്‍. എന്നാല്‍ എന്തോ ഒരു നിസ്സാരകാര്യത്തിന് അനിയനും ജ്യേഷ്ഠനും തമ്മില്‍ വാക്കുതര്‍ക്കമായി. കോപിഷ്ഠനായ അനുജന് തന്റെയും ജ്യേഷ്ഠന്റെയും വീടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തുകളഞ്ഞു. എന്നാല്‍, അനുജനെ അങ്ങനെ വെറുതെ വിടേണ്ടെന്ന് ജ്യേഷ്ഠനും തീരുമാനിച്ചു. അനുജനെയും കുടുംബത്തെയും ഇനി കാണേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ആശാരിയെ വിളിച്ച് തങ്ങളുടെ പുരയിടങ്ങളെ ബന്ധിപ്പിക്കുന്ന ആ പാലം നിന്നിടത്ത് മരം കൊണ്ട് ഒരു മതില് പണിയാന്‍ ഏല്പിച്ചു. എന്നാല്‍ വൃദ്ധനായ ആശാരി വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന് അവര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. ഏതായാലും ജ്യേഷ്ഠന് പറഞ്ഞു. നിങ്ങള്‍ ഒരാഴ്ചകൊണ്ട് പണിതീര്‍ക്കണം. അതുവരെ ഞാനും കുടുംബവും ഇവിടെ നില്ക്കുന്നില്ല, ഒരു യാത്രപോവുകയാണ്. ഏതായാലും യാത്രകഴിഞ്ഞ് ജ്യേഷ്ഠന് തിരിച്ചെത്തി. താന്‍ പറഞ്ഞതുപോലെയൊന്നും ആശാരി ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം അടുത്തുവന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ കൂടുതല്‍ ദ്വേഷ്യം പിടിപ്പിച്ചു. മതിലിനുപകരം ആശാരി പഴയതിനെക്കാള്‍ മനോഹരമായ പാലം പണിതുവെച്ചിരിക്കുന്നു. പെട്ടെന്നതാ അനുജന് ആ തടിപ്പാലത്തിലൂടെ നടന്ന് ജ്യേഷ്ഠന്റെ മുമ്പിലെത്തി. അദ്ദേഹത്തോട് പറഞ്ഞു. പഴയതിനെക്കാള്‍ മനോഹരമായ ഒരു പാലം പണിത് ജ്യേഷ്ഠന് എന്നോട് ക്ഷമിച്ചല്ലോ. നമ്മുടെ സ്നേഹം പുതുക്കുവാനാണല്ലോ അങ്ങനെ ചെയ്തത്. എന്നോട് ക്ഷമിക്കണം അനുജന് ജ്യേഷ്ഠനോട് അപേക്ഷിച്ചു. രണ്ടുപേരും പഴയ സ്നേഹത്തിലേക്ക് തിരികെ വന്നു. വീണ്ടും അവര്‍ക്കിടയിലെ സ്നേഹത്തിന്റെ അരുവി ഒഴുകിത്തുടങ്ങി.
വൃദ്ധനായ ആശാരി മതിലിനുപകരം പാലം പണിതതുകൊണ്ട് ആ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം പഴയതുപോലെ തന്നെയായി. ആ ആശാരിയെപ്പോലെ പാലം പണിയുന്നവരാണോ നമ്മള്. അതോ മതിലുകള്‍ പണിത് ഹൃദയങ്ങളെ വേര്തിരിക്കുന്നവരാണോ? അതോ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ എന്റെ പ്രശ്നമല്ല എന്ന് കരുതി മാറിനില്‍ക്കുന്നവരാണോ?
നമുക്കും പാലം പണിയുന്നവരാകാം.
Send your feedback to : onlinekeralacatholic@gmail.com