വൈദികര്‍ നമ്മുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരല്ലേ,
പിന്നെ നാം വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ടോ?
ജോര്‍ജ് കൊമ്മറ്റം - ജൂണ്‍ 2023
ഇന്നത്തെകാലത്ത് ഒരു വൈദികനായി ജീവിക്കുക എന്നത് വളരെ ദുഷ്ക്കരമായ കാര്യമാണ്. മാധ്യമങ്ങളും വിശ്വാസികളും വൈദികരുടെ കുറ്റവും കുറവുകളും ചികഞ്ഞുകണ്ടെത്തി, അവരെ തേജോവധം ചെയ്യുന്നതിനായി അലറുന്ന സിംഹത്തെപ്പോലെ ഓടിനടക്കുന്ന ഈ കാലഘട്ടത്തില്‍ വൈദികര്‍ക്കുവേണ്ടി തീര്‍ച്ചയായും പ്രാര്ത്ഥിക്കണമെന്നുതന്നെയാണ് സഭ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഓരോ ദിവ്യബലിക്കുശേഷവും നാം വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും.
നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും നമ്മുടെ വിഷമങ്ങള്‍ അകറ്റുകയും ചെയ്യുന്ന അമാനുഷരായിട്ടാണ് പലപ്പോഴും നാം വൈദികരെ കാണുന്നത്. അവര്‍ക്കും നമ്മുടെ പ്രാര്‍ത്ഥന വേണമെന്ന് നാം എന്നെങ്കിലും പ്രാര്‍ത്ഥിച്ചിട്ടുണ്ടോ. ബലി മധ്യേ വൈദികന് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് യാചിക്കുമ്പോഴെല്ലാം നാം അത് ശ്രദ്ധിക്കാതെ പോകുന്നു. ദൈവത്തോട് അടുത്തുനില്ക്കുന്ന വൈദികര്ക്കെന്തിനാണ് നമ്മുടെ പ്രാര്‍ത്ഥന എന്നായിരിക്കാം പലരും ചിന്തിക്കുന്നത്.
വൈദികരും നമ്മെപ്പോലെ ഈ ലോകത്തിലൂടെ യാത്രചെയ്യുന്നവരാണ്. അവരും തളരുകയും തകരുകയും പ്രലോഭനങ്ങളില്‍ വീഴുകയും ചെയ്തേക്കാം. സാത്താന്റെ പരീക്ഷണങ്ങളും തീര്‍ച്ചയായും വൈദികര്‍ക്ക് കൂടുതലായിരിക്കും. ഒരു വൈദികന് മൂലമുണ്ടാകുന്ന ഉതപ്പ് സാത്താന്റെ ജോലി കൂടുതല്‍ എളുപ്പമാക്കിയേക്കാം. അതുകൊണ്ടാണ് വി. ജോണ്‍ പോള്‍ രണ്ടമാന് മാര്‍പാപ്പ പറഞ്ഞത് വൈദികര്‍ക്കുവേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന്.
കത്തോലിക്കസഭയിലൂടെ കടന്നുപോയ അനേകം വിശുദ്ധന്മാര് അവരുടെ ജീവിതം തന്നെ ക്രിസ്തുവിന്റെ പുരോഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി മാത്രം സമര്‍പ്പിച്ചിരുന്നു. അതിലൊരാളായിരുന്ന ിസ്യൂവിലെ കൊച്ചുത്രേസ്യ പുണ്യവതി വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ അതീവ തീക്ഷ്ണതയുള്ളവളായിരുന്നു. വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനി വൈദികര്‍ക്കുവേണ്ടി സ്വന്തമായൊരു പ്രാര്‍ത്ഥന തന്നെ എഴുതിയുണ്ടാക്കിയിരുന്നു. വൈദികര്‍ നല്ല ഇടയനായ ഈശോയുടെ യോഗ്യതയുള്ള പ്രതിനിധികളായിരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന തന്നെ.
1979 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അമേരിക്കയിലെ വൈദികര്‍ക്ക് നല്കിയ സന്ദേശത്തില്‍ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് പ്രത്യേകം ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹം അന്ന് ഇങ്ങനെ പറഞ്ഞു...പലപ്പോഴും നാം വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍, ഇന്ന് പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കയിലെ എല്ലാ വിശ്വാസികളോടും ഞാന്‍ പേക്ഷിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയാണ്. നിങ്ങള്‍ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, അങ്ങനെ ഓരോ വൈദികനും ദൈവം നല്കിയ വിളിയോട് യെസ് എന്ന് നിരന്തരം പ്രത്യുത്തരിക്കട്ടെ, സുവിശേഷം പ്രഘോഷിക്കുന്നതില്‍ സുസ്ഥിരതയുള്ളവരായിരിക്കട്ടെ, ഈശോയാകുന്ന സുഹൃത്തിനോട് എന്നും വിശ്വസ്തരുമായിരിക്കട്ടെ....
സോള്‍ ഓഫ് ദ അപ്പസ്തലേറ്റ് എന്ന പുസ്തകത്തില്‍ ഡോം ഷീന്‍ ബാപ്റ്റിസ്റ്റെ നാം വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ആ പുസ്തകത്തില്‍ അദ്ദേഹം വൈദികന്റെ വിശ്വാസത്തിനൊപ്പം കുറയുകയും കൂടുകയും ചെയ്യുന്ന വിശ്വാസികളുടെ ആത്മീയതയെക്കുറിച്ച് സൂചിപ്പിക്കുന്ന രസകരമായ ഒരു കാര്യമുണ്ട്... അതിങ്ങനെയാണ്....
വൈദികന് വിശുദ്ധനാണെങ്കില്‍,
വിശ്വാസികള്‍ വിശ്വാസതീക്ഷണതയുള്ളവരായിരിക്കും.
വൈദികന് തീക്ഷണമതിയാണെങ്കില്,
വിശ്വാസികള്‍ ഭക്തിയുള്ളവരായിരിക്കും.
വൈദികന് ഭക്തിയുള്ളവനാണെങ്കില്‍,
വിശ്വാസികള്‍ മാന്യമായി ജീവിക്കുന്നവരായിരിക്കും.
വൈദികന് മാന്യന് മാത്രമാണെങ്കില്‍,
വിശ്വാസികള്‍ ദൈവമില്ലാത്തവരായിരിക്കും.
എപ്പോഴും വൈദികനെക്കാള്‍ ഒരു ഡിഗ്രി തീക്ഷ്ണത കുറഞ്ഞവരായിരിക്കും അജഗണങ്ങള്‍ എന്ന സത്യമാണ് അദ്ദേഹം ഇതിലൂടെ പറയുന്നത്. ഓരോ വൈദികനും തന്റെ വിളിയോട് ആത്മാര്‍ത്ഥത കാണിക്കുവാനായി കഷ്ടപ്പെടുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ എല്ലാ ദിവസവും വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു തന്നെയാണ് സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നത്..
Send your feedback to : onlinekeralacatholic@gmail.com