ആത്മീയ യുദ്ധത്തില്‍ തോല്ക്കാതിരിക്കണമെങ്കില് ഈ ആയുധങ്ങള്‍ കരുതുക
ജോര്‍ജ് കെ.ജെ - മാര്‍ച്ച് 2021
ആത്മാവിനെ രക്ഷിക്കുവാനുള്ള നിരന്തരമായ ആത്മീയ പോരാട്ടത്തില്‍ വിജയിക്കണമെങ്കില്‍ നാം ദൈവികമായ ആയുധങ്ങള്‍ ധരിക്കണം.
വി. പൗലോസ് ശ്ലീഹ എഴുതി... എന്തെന്നാല്‍, നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്... (ഏഫേ: 6:12)
നമ്മുടെ ജീവിതം യഥാര്‍ത്ഥത്തിലുള്ള ആത്മീയ യുദ്ധമാണ്. പിശാച് നമ്മെ ദൈവത്തില്‍ നിന്നും അകറ്റുവാന്‍ അതിയായി ആഗ്രഹിക്കുന്നു. അവനെ പിഞ്ചെല്ലാനും നമ്മുടെ നിത്യനാശവും അതാണ് പിശാചിന്റെ ആഗ്രഹം.
സഭ തന്റെ മക്കളോട് പറയുന്നത് ഈ ആത്മീയ യുദ്ധത്തില്‍ വിജയിക്കണമെങ്കില്‍ താഴെപറയുന്ന ആത്മീയ ആയുധങ്ങള്‍ കൈവശം വെക്കുവാനും എടുത്ത് പ്രയോഗിക്കുവാനുമാണ്.
1. കുമ്പസാരം
പാപത്തിന്റെ പാതയിലൂടെയുള്ള നമ്മുടെ യാത്ര അവസാനിപ്പിക്കുവാന്‍ പാപങ്ങളേറ്റുപറഞ്ഞ് കുമ്പസാരിക്കണം. തിരിച്ച് പുതിയ പാതയിലൂടെ സഞ്ചരിക്കണം. വി. മരിയാ വിയാനിയുടെ പക്കല്‍ മഹാപാപികള്‍ കുമ്പസാരിക്കുവാന്‍ വരുമ്പോള്‍ അവരെ പിന്തിരിപ്പിക്കുവാന് സാത്താന് വളരെയധികം പരിശ്രമിച്ചിരുന്നവെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കുമ്പസാരം സാത്താന് ഒട്ടും ഇഷ്ടപ്പെടാത്ത സംഭവമാണ്. നമ്മെ നിരായുധനാക്കുവാനുള്ള ഒരവസരവും സാത്താന് പാഴാക്കുകയില്ല.
2. കുര്‍ബാന സ്വീകരണം
സാത്താന്റെ സ്വാധീനത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുവാന്‍ ദിവ്യകാരുണ്യം പോലെ മറ്റൊന്നില്ല. ദിവ്യകാരുണ്യത്തില്‍ എഴുന്നുള്ളിവരുന്നത് ഈശോ തന്നെയാണ്. യേശുവിന്റെ മുമ്പില്‍ സാത്താന് കുതറിയോടുമെന്ന് പറയേണ്ടതില്ലല്ലോ.
3. മാതാവിന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുക
ഭൂതോച്ഛാടന സമയത്ത് പരിശുദ്ധ മാതാവിനെ വിളിച്ചപേക്ഷിച്ചപ്പോഴെല്ലാം സാത്താന്, എനിക്കിനി അതിനെയും (മേരിയെയും) നിന്നെയും ചെറുത്തുനില്ക്കാന് കഴിയില്ല എന്ന് വിലപിക്കുമായിരുന്നുവെന്ന് ഇറ്റാലിയന്‍ ഭൂതോച്ഛാടകനായ ഫാ. സാന്റെ ബബോലിന്‍ സാക്ഷ്യപ്പെടുത്തുന്നു.
4. ജോസഫിലേക്ക് തിരിയുക
മുന്‍ സാത്താനിക് പ്രീസ്റ്റായിരുന്ന വാഴ്ത്തപ്പെട്ട ബാര്‍ത്തലോ ലോംഗോയുടെ മാനസാന്തരത്തില്‍ സുപ്രധാന പങ്കാണ് വി. യൗസേപ്പിതാവ് വഹിച്ചതെന്ന് സുപ്രസിദ്ധ ഗ്രന്ഥകാരനായ ഫാ. ഡൊണാള്‍ഡ് കാലോവേ പറയുന്നു. ബര്‍ത്തലോ, യൗസേപ്പിതാവന്റെ വലിയ ഭക്തനും എല്ലാ ദിവസവും യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല പിശാചിന്റെ പേടിസ്വപ്നമേ എന്ന യൗസേപ്പിതാവിന്റെ വിശേഷണം അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നുവെന്നും കാലോവേ പറയുന്നു. പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ യൗസേപ്പിതാവിന്റെ പക്കലേക്ക് പോകുവാന്‍ ബര്‍ത്തലോ എല്ലാവരോടും പറയുമായിരുന്നുവത്രെ.
5. ഭക്തിയോടെ ഉത്തരീയം ധരിക്കുക
ഒരിക്കല്‍ വി. ഫ്രാന്‍സിസ് അസീസിയുടെ ബ്രൗണ്‍ സ്കാപുലര്‍ താഴെ വീണു. അദ്ദേഹം അത് വീണ്ടും അണിയാന്‍ ശ്രമിച്ചപ്പോള്‍ അതെടുത്തുമാറ്റുക, അത് ഒരുപാട് ആത്മാക്കളെ എന്നില്‍ നിന്നും തട്ടിയെടുക്കുന്നുവെന്ന് സാത്താന് ആക്രോശിച്ചുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സാത്താന് ഏറ്റവും അധികം ഭയപ്പെടുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് വി. ഫ്രാന്‍സിസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്... ഈശോയുടെ നാമം, പരിശുദ്ധ മാതാവിന്റെ നാമം, കാര്‍മ്മലിന്റെ വിശുദ്ധമായ ഉത്തരീയം എന്നിവയാണ് ആ മുന്ന് കാര്യങ്ങള്‍.
6. അനുദിനപ്രാര്ത്ഥനാശീലം
സാത്താന് ഏറ്റവും ഇഷ്ടം ക്രമരഹിതമായ ജീവിതമാണ്. നമ്മുടെ പ്രാര്‍ത്ഥനാജീവിതം തകര്‍ക്കാനായി ചെയ്യാന്‍ കഴിയുന്നതെല്ലാം സാത്താന് ചെയ്യും. അതുകൊണ്ടാണ് പ്രാര്‍ത്ഥനയ്ക്കായി ഒരു നിശ്ചിതസമയം മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. എപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കാമെന്ന് വെച്ചാല്‍ അത് മുടക്കാനുള്ള കഴിവ് സാത്താനുണ്ട്. കൃത്യസമയം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവെക്കുമ്പോള്‍ ദൈവത്തിന് നാം മുന്‍തൂക്കം നല്‍കുകയും സാത്താനെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു.
7. എളിയോടെ വര്‍ത്തിക്കുക
ആത്മീയ യുദ്ധത്തില്‍ എളിമ പരമപ്രധാനമാണ്. എളിമയുള്ളവനിലേ ദൈവമുള്ളു. എളിമ, വിശ്വാസം, പ്രാര്‍ത്ഥന (ജപമാല), സ്ഥിരമായ കൂദാശസ്വീകരണം, കുമ്പസാരം, സുവിശേഷാനുസൃതമായ ക്രൈസ്തവ ജീവിതം, ഉപവി പ്രവര്‍ത്തനങ്ങള്‍, ശത്രക്കളോട് ക്ഷമിക്കുക... ഇതൊക്കെയാണ് രണ്ടായിരം വര്‍ഷം മുമ്പേ തന്നെ നമുക്ക് ആത്മീയ യുദ്ധത്തിനായി കൈമാറിത്തന്നിട്ടുള്ള ആയുധങ്ങള്‍. അത് അന്നും ഇന്നും മൂര്‍ച്ചയേറിയതും ഫലപ്രദവുമാണ്..
ദൈവത്തിന്റെ പോര്‍ച്ചട്ട ധരിച്ച് ആത്മീയയുദ്ധത്തിന് ഇറങ്ങിനോക്കു. സുനിശ്ചിതമായും വിജയം നിങ്ങള്‍ക്കായിരിക്കും.
Send your feedback to : onlinekeralacatholic@gmail.com