ശുഭപ്രതീക്ഷകളോടെ പുതുവത്സരത്തെ വരവേല്‍ക്കാം
ജോര്‍ജ് .കെ. ജെ - ഡിസംബര്‍ 2020
അവിചാരിതമായി പടികയറി വന്ന കോവിഡ് എന്ന മഹാമാരിക്കുമുമ്പില്‍ മുട്ടുമടക്കി നിന്ന 2020 വിടവാങ്ങുകയാണ്. മാനവരാശി മഹാമാരിയുടെ കൂരിരുട്ടില്‍ നിന്നുകൊണ്ട് 2021 ലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്. 2020 നോട് നാം വിടപറയുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ ഓര്‍മ്മിക്കാന്‍ മധുരമുള്ള ചിന്തകള്‍ വളരെ കുറവായിരിക്കും എന്ന് നമുക്കറിയാം. നമ്മുടെ ചിന്തകളെ ശരിവെക്കുന്ന വിധത്തില്‍ മാധ്യമങ്ങളിലും നാം കാണുന്നത് കടന്നുപോകുന്ന വര്‍ഷത്തെക്കുറിച്ചുള്ള അശുഭചിന്തകളുടെ കുത്തൊഴുക്കാണ്. പക്ഷേ, നാം ഓര്‍ക്കണം അതൊന്നും അവസാന വാക്കുകളല്ല.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒരിക്കല്‍ പറഞ്ഞു, തിന്മ നന്മയെക്കാള് ബഹളമായമാകുകയും കൊലപാതകങ്ങളും അക്രമങ്ങളും അനീതിയുമൊക്കെ തലക്കെട്ടായിമാറുന്നു; അതേസമയം സ്നേഹപ്രവൃത്തികളും സേവനവും, ക്ഷമയോടും വിശ്വസ്തതയോടും കൂടിചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ എന്താണ് യാഥാര്‍ത്ഥ്യം എന്ന് മനസിലാക്കുക ദുഷ്ക്കരമാണ്. അതുകൊണ്ടുമാത്രം, ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും കുറിച്ച് മനസ്സിലാക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് വാര്‍ത്തകള്‍ വായിക്കാതിരിക്കാനാവില്ല.
പക്ഷേ അശുഭ ചിന്തകള്‍ വിതറുന്ന ഹെഡ്ലൈനുകള് നമ്മുടെ ജീവിതത്തെ സ്വാധീനിക്കാതിരിക്കട്ടെ. നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കാതിരിക്കട്ടെ. നമ്മെ നിരാശരാക്കതിരിക്കട്ടെ. മറിച്ച് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്തെന്ന് കണ്ടെത്തുന്നതിനായി നമുക്ക് ദൈവത്തിലേക്ക് തിരിയാം.
പഴയതുകടന്നുപോകുകയും പുതിയത് കടന്നുവരികയും ചെയ്യുന്ന നിമിഷങ്ങളില്‍ നിബ്ദമായി അല്പനേരം നില്ക്കാം. ദൈവികചിന്തകളോടെ ശാന്തരായി നില്ക്കുവാന് നമുക്ക് പരിശ്രമിക്കാം. ദൈവത്തിന് നന്ദിപറയാം. ഈ വിധത്തില്‍ നമ്മുടെ മനസ്സിനെ അനുദിനജീവിതത്തിലെ അനിവാര്യമായ മുറിപ്പാടുകളില്‍ നിന്ന് നമുക്ക് സുഖപ്പെടുത്താന്‍ കഴിയും. കണ്ണില്‍ കാണുന്നതിനപ്പുറത്തേക്ക് നോക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ഉളളിലേക്ക് കടന്നുചെല്ലുവാനുള്ള ദൈവികജ്ഞാനം നമുക്ക് ലഭിക്കും.
ക്രൈസ്തവര്‍ പ്രത്യശയുടെ ജനമാണ്. പ്രതീക്ഷയുടെ മനുഷ്യരാണ്. ലോകത്തില്‍ നിറഞ്ഞിരിക്കുന്ന അന്ധകാരത്തിനു മധ്യത്തിലും നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ലോകത്തില്‍ നിറഞ്ഞിരിക്കുന്ന അന്ധകാരം ഒരിക്കലും ദൈവത്തിന്റെ പദ്ധതിയല്ല. മറിച്ച് അത് മനുഷ്യന്റെ തെറ്റായ തിരഞ്ഞെടുപ്പുകളുടെ പരിണിതഫലമാണ്. പക്ഷേ, കൂരാക്കൂരിരുട്ടിനെയും പ്രകാശിപ്പിക്കുവാന്‍ ദൈവത്തിന് കഴിയുമെന്ന് നമുക്കറിയാം. വിശ്വാസത്തിന് മലകളെ മാറ്റാന്‍ തക്ക ശക്തിയുണ്ടെന്നും നമുക്കറിയാം.
2020 നോട് വിടപറയുമ്പോള്‍ ചുറ്റും നിറയുന്ന നെഗറ്റീവ് ചിന്തകള്‍ നമ്മെ ഭരിക്കാതിരിക്കട്ടെ. മറിച്ച് നമ്മുടെ ചിന്തകള്‍ ക്രിസ്തുവിലര്പ്പിക്കാം. കാരണം ക്രിസ്തുവിന് മാത്രമെ എല്ലാ പ്രതിസന്ധികളെയും കീഴടക്കാന്‍ കഴിയൂ. പുതുവത്സരത്തെ വരവേല്ക്കുമ്പോള് നമുക്ക് ദൈവത്തെ സ്തുതിക്കാം. ആയിരിക്കുന്നവനും, ആയിരുന്നവനും വരാനിരിക്കുന്നവനുമായ ദൈവത്തോട് (വെളി.1 8) അനുതാപത്തോടെ വിളിച്ചപേക്ഷിക്കാം. നമ്മുടെ പാപങ്ങളും കുറവുകളും ക്ഷമിക്കണമേ എന്ന് യാചിക്കാം. പരിശുദ്ധനായ ദൈവം ഈ കാലയളവില്‍ നല്കിയ അസംഖ്യമായ നന്മകള് അനുസ്മരിക്കാം. ദൈവത്തിന്റെ പുത്രനായ യേശുവിനെ നമുക്ക് നല്‍കിയതിനെ ഓര്‍ത്ത് നന്ദിപറയാം. കാരണം അവനിലാണ് മാനവരാശിയുടെ സമ്പൂര്‍ണത. അവനിലാണ് ഓരോ മനുഷ്യന്റെയും ഭാവി. അവനിലാണ് സഭയുടെയും ലോകത്തിന്റെയും പ്രതീക്ഷകള്‍ പൂവണിയുക.
Send your feedback to : onlinekeralacatholic@gmail.com