സ്വയം നിര്‍മ്മിച്ച തടവറയിലാണോ നമ്മള്
ജെയ്സണ്‍ പീറ്റര്‍ - മാർച്ച് 2019
രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസികള്‍ 60 ലക്ഷത്തോളം യഹൂദരെയാണ് കൊന്നൊടുക്കിയത്. പോളണ്ടില്‍ നാസികള്‍ നിര്‍മിച്ച ഔഷോവിറ്റ്സ് കോണ്സെന്ട്രേഷന് ക്യാമ്പില്‍ മാത്രം 11 ലക്ഷം പേരെയായിരുന്നു ഗ്യാസ്ചേംബറിലടച്ച് കൊന്നത്. 1941-45 കാലഘട്ടത്തില്‍ നാസികള്‍ നടത്തിയ ഈ നരവേട്ടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാന്‍ ധാരാളം യഹൂദര്‍ക്ക് ഭാഗ്യം ലഭിച്ചുവെങ്കിലും അവരില്‍ പലരുടെയും ജീവിതം നാസിക്യാമ്പുകളിലെ ഭികരതയില്‍ വിറങ്ങലിച്ചുപോയി. എന്നാല്‍ ചിലര്‍ അതില്‍ നിന്നെല്ലാം കരയകയറി. അവരിലൊരാളായിരുന്ന വിക്ടര്‍ ഫ്രങ്ക്ളിന്. അദ്ദേഹമെഴുതിയ എ മാന്‍സ് സേര്‍ച്ച് ഫോര്‍ മീനിംഗ് എന്ന പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു. എന്നാല്‍ മറ്റു പലരുടെയും ജീവിതത്തെ നാസി ക്യാമ്പുകളിലെ അനുഭവം ദോഷകരമായ ബാധിച്ചു. അങ്ങനെയുള്ള ഒരാളായിരുന്നു കാസിമേഴ്സ് സിമന്സ്കി. ജര്‍മനിയുടെ നാസിപടയാളികള്‍ പോളണ്ട് കീഴടക്കിയപ്പോള്‍ അവര്‍ ആദ്യം ചെയ്തത് യഹൂദരെയെല്ലാം തടവിലാക്കുക എന്നതായിരുന്നു. അങ്ങനെയാണ് സിമന്സ്കി നാസികളുടെ തടങ്കലിലായത്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ നാസികളുടെ തടവറയില്‍ അവശേഷിച്ചിരുന്നവരെല്ലാം മോചിപ്പിക്കപ്പെട്ടു. മരണത്തില്‍ നിന്നും ഭാഗ്യം കൊണ്ട് അന്ന് ഔഷ്വറ്റിസ് ക്യാമ്പില്‍ നിന്നും മോചിതരായവര്‍ രണ്ടുലക്ഷം പേരായിരുന്നു. സിമിന്സ്കിയും ആ കൂട്ടത്തിലുണ്ടായിരുന്നു.
തടവറയില്‍നിന്ന് മോചിതരായെങ്കിലും മുന്നോട്ടുള്ള അവരുടെ ജീവിതം സുഖകരമായിരുന്നില്ല. അവരില്‍ ഏറെപ്പേര്‍ക്കും തങ്ങളുടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ജീവിക്കാന്‍ പാടുപെട്ട അവര്‍ പലരാജ്യങ്ങളിലേക്കും കുടിയേറി. സിമിന്സ്കി കുടിയേറിയത് ഇംഗ്ലണ്ടിലേയക്കായിരുന്നു. അവിടെ ഒരു തൊഴില്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ, നാസി തടവറയിലെ തിക്താനുഭവങ്ങള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. പഴയകാലത്തെ ദുരിതങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞു. നോര്‍ത്ത് ലണ്ടനിലെ ഹോളവേ എന്ന സ്ഥലത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പ്രായമായപ്പോള്‍ അദ്ദേഹം ഒരു തടവുകാരനെപ്പോലെ ജീവിക്കുവാന്‍ തുടങ്ങി. സിമിന്സ്കി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് ഒരു തടവറയാക്കി മാറ്റി. ജനാലകളില്‍ ജയിലറകളിലേതുപോലെ കമ്പികള്‍ സ്ഥാപിച്ചു. എന്നാല്‍ വാതില്‍ സദാസമയവും തുറന്നിട്ടിരുന്നു. ആരെങ്കിലും മുറിയില്‍ ഗ്യാസ് നിറച്ച് തന്നെ കൊല്ലുമെന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. അദ്ദേഹം ഉറങ്ങിയിരുന്നതും സ്വയം ഉണ്ടാക്കിയ ഒരു കമ്പികൂട്ടിലായിരുന്നുവത്രെ. 81 -ാമത്തെ വയസ്സില്‍ മരിക്കുന്നതുവരെയും അദ്ദേഹം സ്വയം നിര്‍മ്മിച്ച ജയിലില്‍ കഴിഞ്ഞു.
നമ്മില്‍ പലരും അതുപോലയുള്ള സ്വയം നിര്‍മ്മിത ജയിലുകളില്‍ കഴിയുന്നവരാണ്. ആത്മവിശ്വാസമില്ലായ്മയുടെയും പരസ്പരവിശ്വാസമില്ലായ്മയുടെയും പാപത്തിന്റെയുമൊക്ക തടവറയില്‍. സ്വയം ജയിലുകള്‍ സൃഷ്ടിക്കാതെ, തടവറകളില്‍നിന്നും നമുക്ക് മോചനം നേടാം.
Send your feedback to : onlinekeralacatholic@gmail.com