ആരെയാണ് വീട്ടില്‍ കയറ്റേണ്ടത്
ഷേര്‍ളി മാണി - മാർച്ച് 2020
ഒരിടത്ത് ഒരു കര്‍ഷകനും ഭാര്യയും ജീവിച്ചിരുന്നു. ഒരു ദിവസം കര്ഷകന് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കര്ഷകന് വീട്ടിലെത്തി. കൈകാലുകള്‍ കഴുകി നിലത്തൊരു പലകയില്‍ ആയാള്‍ ഇരുന്നു. ഭാര്യ അയാള്‍ക്ക് ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോള്‍ വീടിനു പുറത്തുനിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ടു. കര്ഷകന് ഭാര്യയോട് ആരാണതെന്നു നോക്കാന്‍ പറഞ്ഞു. പുറത്തുചെന്നു നോക്കിയപ്പോള്‍ നാലു യുവാക്കള്‍ നില്‍ക്കുന്നത് കണ്ടു. കര്‍ഷകന്റെ ഭാര്യ, ആരാണ് നിങ്ങള്‍? എന്തിനാണ് നിങ്ങള്‍ വന്നത്? എന്നും ചോദിച്ചു. യുവാക്കളില്‍ ഒരാള്‍ പറഞ്ഞു. ഞങ്ങള്‍ വളരെ ദൂരെനിന്നും വരികയാണ്. ഞങ്ങളുടെ പേര് ധനം, ഐശ്വര്യം, സമാധനം, സ്നേഹം എന്നാണ്. ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലം വേണം കൂടെ നല്ല ഭക്ഷണവും. പക്ഷേ, ഞങ്ങളില്‍ ഒരാളെ മാത്രമേ വിളിക്കാന്‍ പാടുള്ളു. ഭാര്യ അകത്തേക്ക് പോയി ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. വന്നിരിക്കുന്നത് സാധാരണക്കാരല്ലെന്നും ദേവന്മാരാണെന്നും കര്ഷകന് മനസ്സിലായി.
ഭാര്യ പറഞ്ഞു നമുക്ക് ധനത്തെ അകത്തേക്ക് വിളിക്കാം, അതാകുമ്പോള്‍ നമുക്കിനി കഷ്ടപ്പെടേണ്ടല്ലോ... എന്നാല്‍ വിവേകിയായ കര്ഷകന് ഭാര്യയോട് പറഞ്ഞു നീ പോയി സ്നേഹത്തെ വിളിക്കൂ..ഇഷ്ടക്കേടോടെ ഭാര്യ പുറത്തേക്ക് ചെന്നു സ്നേഹത്തെ അകത്തേക്കു വിളിച്ചു. സ്നേഹം കാല് കഴുകി അകത്തേയ്ക്ക് കയറിയപ്പോള്‍ സമാധാനവും അകത്തേക്ക് കയറി. ഇതുകണ്ട് ഐശ്വര്യം പറഞ്ഞു സ്നേഹവും സമാധനവും ഉള്ളിടത്തെ ഞാനും താമസിക്കുന്നുള്ളു. ഐശ്വര്യവും കാല് കഴുകി അകത്തേക്ക് കയറി. അപ്പോള്‍ ധനം പറഞ്ഞു സ്നേഹമുള്ളിടത്തു സമാധാനമുണ്ടെങ്കില്‍ അവിടെ ഐശ്വര്യം കുടിയേറുന്നുണ്ടെങ്കില്‍ ധനമെന്ന ഞാന്‍ മാത്രം എന്തിനു പുറത്തുനില്ക്കണം. ഞാനും നിങ്ങളുടെകൂടെ ഇവിടെ തമാസിക്കാം. ധനവും കാല്‍കഴുകി അകത്തുകയറി.
നമ്മുടെ ഹൃദയവാതിക്കല് ഇതുപോലെ നാലുപേര്‍ നില്ക്കുന്നുണ്ടായിരുന്നു. ആരെയാണ് നമ്മള് അകത്തേക്ക് വിളിച്ചത്. ആരാണ് നമ്മുടെ ഉള്ളില്‍ കുടിയേറിയിരിക്കുന്നത്. ചിലര്‍ വിളിച്ചത് ധനത്തെയായിരിക്കും. പക്ഷേ, സമാധാനം ഉണ്ടാവില്ല. ചിലര്‍ ഐശ്വര്യത്തെ മാത്രമാണ് ക്ഷണിച്ചതെങ്കില്‍ സ്നേഹമില്ല. എന്നാല്‍, സ്നേഹത്തെ ഒന്നു വിളിച്ചുനോക്കു. അതുവന്നു ഹൃദയത്തില്‍ നിറഞ്ഞാല്‍ സ്നേഹത്തിന്റെ സുഹൃത്തുക്കളായ സമാധാനവും ഐശ്വര്യവും ധനവും പിറകെ വന്നുകൊള്ളും.
ദൈവം സ്നേഹമാണ്. ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുമ്പോള്‍ ബാക്കിയെല്ലാം നമ്മുടെ ജീവിതത്തില്‍ വന്നു നിറഞ്ഞുകൊള്ളും. അതുകൊണ്ടാണ് ഈശോ പറഞ്ഞത് നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍ ബാക്കിയെല്ലാം നിങ്ങള്‍ക്ക് ലഭിച്ചുകൊള്ളുമെന്ന്.
Send your feedback to : onlinekeralacatholic@gmail.com