കര്‍ണാടകയില്‍ ക്രൈസ്തവ മിഷണറിമാരെ കണ്ടെത്തുവാനുള്ള സര്‍വ്വേയ്ക്കെതിരെ ആഞ്ഞടിച്ച് ആര്‍ച്ചുബിഷപ് പീറ്റര്‍ മാക്കാഡോ
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഒക്ടോബര്‍ 2021
കര്‍ണാടകയില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കുനേരെ നടക്കുന്ന നിരന്തരമായ ഉപദ്രവങ്ങളെയും ക്രൈസ്തവ മിഷനറിമാരുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും കണ്ടെത്തുവാന്‍ സര്‍വേ നടത്തുവാനുമുള്ള ഗവണ്മെന്റ് നീക്കത്തെയും ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ അപലപിച്ചു.
കര്‍ണാടകയില്‍ സേവനം ചെയ്യുന്ന എല്ലാ ക്രൈസ്തവ മിഷനറിമാരെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് സര്‍വേ നടത്താന്‍ ബാക് വേര്‍ഡ് ക്ലാസ്സസ് ആന്റ് മൈനോരിറ്റീസ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളെക്കുറിച്ചും അവരുടെ ആരാധാനാലയങ്ങളെക്കുറിച്ചും മാത്രം സര്‍വേ നടത്തുവാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നതെന്നും ആര്‍ച്ചുബിഷപ് പത്രക്കുറിപ്പില്‍ ചോദിച്ചു.
അതിനുപകരമായി, ക്രൈസ്തവ മിഷണറിമാര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആതുരാലയങ്ങളുടെയും എണ്ണമെടുക്കുക, അത് ക്രൈസ്തവ സമൂഹം രാഷ്ട്രനിര്‍മ്മാണത്തിനായി നല്കുന്ന സേവനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുതരും, ക്രൈസ്തവ സ്ഥാപനങ്ങള്‍ എത്ര ആളുകളെ മതം മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തുവാനും അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിച്ചു.
ക്രൈസ്തവ മിഷണറിമാരെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുവാനുള്ള ഈ നീക്കം അനാവശ്യവും ഉപയോഗശൂന്യവുമായ നടപടിയാണ്. മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ആരോപണങ്ങളും മതവൈരവും കണക്കിലെടുത്ത് ഇതുപോലൊരു സര്‍വേ നടത്തുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വേ ക്രൈസ്തവ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും വൈദികരെയും സന്യസ്തരെയും പാസ്റ്റര്‍മാരെയും കണ്ടെത്തി വെളിപ്പെടുത്തുന്നത് ഭാവിയില്‍ അവരെ കൃത്യമായി ടാര്‍ഗറ്റ് ചെയ്ത് അക്രമിക്കുന്നതിന് വഴിയൊരുക്കും. അതുപോലെയുള്ള നിരവധി സംഭവങ്ങള്‍ നോര്‍ത്ത് ഇന്ത്യയിലും കര്‍ണാടകയിലും അരങ്ങേറുന്നുണ്ടെന്നും ആര്ച്ചുബിഷ്പ് പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ സമൂഹത്തിലെ സമാധാനവും മതമൈത്രിയും സഹവര്‍ത്തിത്വവും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മതമൗലികവാദികളുടെ സമ്മര്ദ്ദത്തിനുവഴങ്ങുന്നത് അത്യന്തം ഖേദകരമാണ്. ക്രൈസ്തവര്‍ യാതൊരു വകതിരിവുമില്ലാതെ മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെങ്കില് മറ്റ് മതങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരുടെ എണ്ണം സ്ഥിരമായി കുറയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
നിര്‍ബന്ധിച്ചും ചതിയില്‍പ്പെടുത്തിയും സമ്മാനങ്ങള്‍ നല്‍കിയും മതപരിവര്‍ത്തനം നടത്തുന്നതിന് തങ്ങള്‍ എതിരാണെന്നും ഇന്ത്യയുടെ ഭരണഘടന അനുസരിച്ചാണ് കത്തോലിക്കര്‍ ജീവിക്കുന്നതെന്നും അത് തങ്ങളെ സംബന്ധിച്ച് പരമോന്നതവും വിശുദ്ധവുമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കുറ്റക്കാരെ ശിക്ഷിക്കുവാന്‍ രാജ്യത്ത് ഒരു ഭരണഘടനയും നീതിവ്യവസ്ഥയും നിലവിലുള്ളപ്പോള്‍ സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുവാനുള്ള ശ്രമം അപലനീയമാണെന്നും കൂടുതല്‍ നിയമങ്ങള്‍ നിഷ്കളങ്കരെയും നിരപരാധികളെയും വേട്ടയാടുന്നതിന് മതമൗലികവാദികള്‍ക്ക് ഉപകരണമായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ക്രൈസ്തവര്‍ രാജ്യസ്നേഹികളും നിയമം അനുസരിക്കുന്നവരും രാജ്യത്തെ പാവപ്പെട്ടവരെയും പതിതരെയും സേവിക്കുന്നതില്‍ മുമ്പത്തിയിലുമാണ്. ഞങ്ങള്‍ക്കാവശ്യം ഗവണ്മെന്റിന്റെ സപ്പോര്‍ട്ടും പ്രോത്സാഹനവുമാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Send your feedback to : onlinekeralacatholic@gmail.com