അഫ്ഗാനിസ്ഥാനില്‍ താലിബാന് ക്രൈസ്തവനെ ജീവനോടെ തൊലിയുരിഞ്ഞു, ക്രൈസ്തവര്‍ ഭീതിയുടെ നിഴലില്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഓഗസ്റ്റ് 2021
താലിബാന് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ ഒരു ക്രൈസ്തവനെ തൊലിയുരിഞ്ഞ് തൂണില്തൂക്കിയിട്ടതായി മുന്‍ അമേരിക്കന്‍ പ്രതിനിധിസംഭാംഗം മാര്‍ക്ക് വാക്കര്‍ വെളിപ്പെടുത്തി. കടുത്ത ഭീഷണി നിലനില്‍ക്കുമ്പോഴും അവിടുത്തെ ക്രൈസ്തവ പുരോഹിതര്‍ വിശ്വാസികളുടെ അടുത്തെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്രൈസ്തവര്‍ ആശങ്കയിലാണെന്നും ക്രൈസ്തവ വിശ്വാസം കൈവിടണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന കുടുംബത്തിലെ അംഗങ്ങളുടെ മുമ്പിലിട്ടാണ് അവരുടെ ബന്ധുവിനെ താലിബാന് ജീവനോടെ തൊലിയുരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അവിടെ ജോലി ചെയ്യുന്നവരുമായുള്ള ബന്ധത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയുന്നതെന്നും എല്ലാ കാര്യങ്ങളും തനിക്ക് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന് അഫ്ഗാനിസ്ഥാന് കൈയടക്കിയതോടെ അവിടുത്തെ ക്രൈസ്തവരുടെ ഭാവി തികച്ചും അനിശ്ചിതത്തിലായി. പല രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സ്വീകരിക്കുവാന്‍ താല്പര്യം കാണിക്കുന്നുണ്ട്. താലിബാന്റെ കീഴില്‍ വംശഹത്യ നടത്തപ്പെട്ടേക്കാവുന്ന ന്യുനപക്ഷങ്ങളെ സ്വീകരിക്കുവാന്‍ കാനഡ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അഫാഗാനിസ്ഥാനില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന ന്യൂനപക്ഷം തീര്‍ച്ചയായും ക്രൈസ്തവരാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരെ കണ്ടെത്തുക ദുഷ്ക്കരമായി കഴിഞ്ഞുവെന്നും അവരെ രക്ഷിക്കുവാന്‍ കഴിയാത്തവിധം സമയം വൈകിപ്പോയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ എണ്ണം ഏകദേശം 10000 നും-12000 നും ഇടയിലാണ്. അതില്‍ ഭൂരിഭാഗവും മുസ്ലിം സമൂദായത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. പതിറ്റാണ്ടുകളായി അവര്‍ തങ്ങളുടെ വിശ്വാസം ആചരിച്ചുപോന്നത് അണ്ടര്‍ഗ്രൗണ്ടിലായിരുന്നു. കാരണം അഫ്ഗാനിസ്ഥാനില്‍ നേരത്തെ തന്നെ മതംമാറ്റം വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായിരുന്നു.
2001 ല്‍ താലിബാന് ഭരണം തകര്‍ന്നതോടെ, ക്രൈസ്തവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു, അമേരിക്കന്‍ സേനയുടെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ട് വലിയ ഭീഷണികളും കുറവായിരുന്നു. അവിടുത്തെ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ ചിലരെങ്കിലും തങ്ങളുടെ മതം നാഷണല്‍ ഐഡന്റിറ്റി കാര്‍ഡില്‍ വെളിപ്പെടുത്താന്‍ തുടങ്ങിയിരുന്നു. വരും തലമുറയ്ക്കെങ്കിലും തങ്ങളുടെ വിശ്വാസം വെളിപ്പെടുത്തി അവിടെ ജീവിക്കുവാന്‍ കഴിയണമെന്ന ആഗ്രഹം കൊണ്ടായിരുന്നു അത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് നിലവിലുള്ള ക്രൈസ്തവരെ കണ്ടെത്തുവാുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവിടുത്തെ സഭാ നേതാക്കള്‍ അവരോട് വീടുകളില്‍ തന്നെ കഴിയുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും സ്വന്തം രാജ്യത്തുനിന്നും രക്ഷപ്പെടുക മാത്രമാണ് അവര്‍ക്കു മുമ്പിലുള്ള ഏക മാര്‍ഗ്ഗം. പലരും വീടുകളില്‍ നിന്നും കാടുകളിലേക്ക് ഓടിപ്പോയികഴിഞ്ഞു. ഒളിവില്‍ പോയ ക്രൈസ്തവര്‍ക്ക് താലിബാന് ഭീഷണികള്‍ അയക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ എവിടെയാണെന്നും എന്ത് ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്കറിയാം എന്നുമാണ് അവര്‍ക്ക് ലഭിക്കുന്ന ഭീഷണി. അതുകൊണ്ട് പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുകഴിഞ്ഞു.
ആരെയും ഉപദ്രവിക്കില്ലെന്ന് താലിബാന് പറയുന്നുണ്ടെങ്കിലും തങ്ങള്‍ മാഫിയ സ്റ്റൈലില്‍ വധിക്കപ്പെടുമെന്നു തന്നെയാണ് ക്രൈസ്തവര്‍ കരുതുന്നത്. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്ന ക്രൈസ്തവരെയും ന്യൂനപക്ഷങ്ങളെയും താലിബാന് കൊല്ലുന്നു. മാത്രമല്ല, തങ്ങളുടെ ഫോണില്‍ ബൈബിള്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരെയും അവര്‍ തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഏറ്റവും വലിയ ഭയം തങ്ങളുടെ കുഞ്ഞുങ്ങളെ ഓര്‍ത്താണ് . ക്രൈസ്തവരായ പെണ്‍കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവര്‍ ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടുപോകും. ബാലന്മാരെ താലിബാന് പോരാളികളാക്കും.
അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരെ രക്ഷിക്കാമെന്നുവച്ചാല്‍ വെറും 30 ശതമാനത്തിനുമാത്രമേ പാസ്സ്പോര്‍ട്ട് ഉള്ളു. മാത്രമല്ല, താലിബാന് ചെക്ക് പോയിന്റുകള്‍ കടന്ന് എയര്‍പോര്‍ട്ടിലെത്തുക എന്നത് വളരെ ദൂഷ്ക്കരവുമാണ്. അവരുടെ കൈയില്‍പ്പെട്ടാല്‍ മരണം തീര്‍ച്ചയാണ്. മത്രമല്ല, ഫോണുകള്‍ ഓഫാക്കിയതോടെ അവരെ കണ്ടെത്തുക എന്നത് അസാധ്യമായിക്കഴിഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Send your feedback to : onlinekeralacatholic@gmail.com