നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ നീതിക്കായി നിലകൊള്ളുക
ആര്‍ച്ചുബിഷപ് തോമസ് തറയില്‍ - ഫെബ്രുവരി 2025
വി. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീര്‍ഷകം. നീതി പുലര്ത്തപ്പെടുന്നിടത്താണു സമാധാനം നിലനില്‍ക്കുന്നത്. അനീതികള്‍ക്കെതിരെ എല്ലായിടത്തും വിപ്ലവങ്ങള്‍ പൊട്ടിപുറപ്പെട്ടു എന്നുവരില്ല. സമാധാനപ്രിയരായ ജനങ്ങള്‍ വലിയൊരളവു വരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിന്റെ അസ്വസ്ഥതകള്‍ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളില്‍ ക്രൈസ്തവ സമുദായവും കര്‍ഷകസമൂഹവും അഭിമുഖീകരിക്കു അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ക്രൈസ്തവര്‍ നേരിടുന്ന അനീതികളെ വ്യക്തിമായി ചൂണ്ടിക്കാണിക്കുയാണ് ആര്‍ച്ചുബിഷപ് തോമസ് തറയില്‍.
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍
സംസ്ഥാനത്ത് ക്രൈസ്തവര്‍ ഏറ്റവും വലിയ അനീതി നേരിടുന്നത് ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഗുരുതരമായ വിവേചനമാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു വിഭാഗത്തിനു മാത്രം പ്രയോജനപ്പെടുന്ന പദ്ധതികള്‍ ധാരാളമായി പ്രഖ്യാപിച്ചിരിക്കുന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളിലെ പ്രമാദമായ 80:20 അനുപാതത്തിനെതിരെ ക്രൈസ്തവര്‍ നേടിയെടുത്ത ഹൈക്കോടതി വിധി അട്ടിമറിക്കാനെന്നു സംശയിക്കത്തക്കവിധം പൊതുവായ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറയ്ക്കുന്നു. കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട സംസ്ഥാന ന്യൂനപക്ഷ ധനകാര്യവികസന കോര്പറേഷന്, അപേക്ഷകര്‍ക്കു യഥാവിധം വായ്പകള്‍ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, അനുവദിക്കപ്പെട്ട വായ്പകളുടെ തുടര്‍ ഗഡുക്കള്‍ പോലും ക്രമമായി നല്‍കുന്നില്ല. എ്ന്നാല്‍, ഇതേ കോര്‍പറേഷനിലൂടെ ചിലര്‍ക്കുള്ള പലിശരഹിത ഭവനവായ്പ അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിച്ചുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഫെബ്രുവരി ഒന്നിന് ഉത്തരവിറക്കുകയും അതിനായി പതിനൊന്നുകോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ദളിത് ക്രൈസ്തവരുടെ കൂടി ഉന്നമനം ലക്ഷ്യം വച്ചുള്ള പരിവര്‍ത്തിത ക്രൈസ്തവ, ശിപാര്‍ശിത വിഭാഗ വികസന കോര്പറേഷന് ഈ ബജറ്റില്‍ പദ്ധതിവിഹിതത്തില്‍ കൂടുതലായി കാര്യമായ തുക അനുവദിച്ചിട്ടില്ല. ഫണ്ടില്ലാത്തതിനാല്‍ ഇവരുടെ വായ്പകളും സ്കോളര്‍ഷിപ്പുകളും മുടങ്ങുന്നു.
ജെ.ബി. കോശി കമ്മീഷന്
ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കല്‍ ഇന്നും ഒരു മരീചികയായി തുടരുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവരോട് കാണിക്കുന്ന അവഹേളനമാണിത്. ഈ കമ്മീഷന്റെ പ്രഖ്യാപനം ക്രൈസ്തവര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആറു ലക്ഷത്തോളം നിവേദനങ്ങളാണ് ക്രൈസ്തവര്‍ കമ്മീഷനു സമര്‍പ്പിച്ചത് എന്നുപറയുമ്പോള്‍ ഈ സമുദായത്തിന്റെ പ്രതീക്ഷ ആര്‍ക്കും മനസിലാകും. കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടു വര്‍ഷമായിട്ടും അതു പുറത്തുവിടാനോ അതിലെ 284 ശിപാര്‍ശകളില്‍ ഒന്നെങ്കിലും നടപ്പാക്കാനോ സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. എന്നാല്‍, പാലൊളി കമ്മീഷന് റിപ്പോര്‍ട്ടിനോട് ഈ സമീപനമായിരുന്നില്ല എ്ന്നറിയുമ്പോഴാണ് വിവേചനത്തിന്റെ ആഴം മനസ്സിലാക്കുന്നത്.
ഇ.ഡബ്ല്യൂഎസ്
സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 10% സംവരണം അനുവദിക്കുന്ന ഇഡബ്ല്യൂഎസ് റിസര്‍വേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി എന്നത് തികച്ചും സ്വീകാര്യമായ കാര്യമാണ്. എന്നാല്‍, അതിന്റെ മുന്നോട്ടുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണു കാണിക്കുന്നത്. ക്ന്ദ്രേ മാനദണ്ഡങ്ങളിലെ നാല് സെന്റ് ഹൗസ് പ്ലോട്ട് എ്നതിലെ അവ്യക്തത പരിഹരിച്ച് കേന്ദ്രം 2022 സെപ്തംബര്‍ 12 ന് പുറത്തിറക്കിയ ഉത്തരവു നടപ്പാക്കാന്‍ സംസ്ഥാസര്‍ക്കാര്‍ തയാറായില്ല. ഇതുമൂലം സംസ്ഥാനത്തെ ആയിരക്കണക്കിനു യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അവസരം നഷ്ടപ്പെട്ടു. ഒടുവില്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 2024 നവംബര്‍ 27 ന് ഇത് നടപ്പില്‍ വരുത്തി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കാത്തതിനാല്‍ പല താലൂക്ക് ഓഫീസുകളിലും സര്‍ട്ടിഫിക്കേറ്റിനായി സമീപിക്കുന്ന സാധാരണക്കാരെ ഇപ്പോഴും ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുകയാണ്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ് ഉത്തരവു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്, ലാന്‍ഡ് റവന്യൂ കമ്മീഷര്‍ക്കും റവന്യു മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ല. റവന്യൂ ഓഫീസുകളില്‍ കയറിയിറങ്ങുന്ന പാവങ്ങളെ ചില ഉദ്യോഗസ്ഥര്‍ പച്ചക്കള്ളങ്ങള്‍ പറഞ്ഞ് ഇഡബ്ല്യൂഎസ് സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ മടക്കിവിട്ടതിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. (കടപ്പാട്-ദീപിക. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ഭാഗം മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.)
Send your feedback to : onlinekeralacatholic@gmail.com