കന്യാസ്ത്രികള്‍ അക്രമിക്കപ്പെട്ട സംഭവം: കേന്ദ്ര മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ദുഖകരമെന്ന് തിരുഹൃദയ സന്യാസിനി സമൂഹം
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - മാര്‍ച്ച് 2021
ട്രെയിന്‍ യാത്രയ്ക്കിടയില്‍ നാല് കത്തോലിക്ക കന്യാസ്ത്രികള്‍ക്കു നേരെ ഉത്തര്‍പ്രദേശില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവന ഞെട്ടിച്ചുവെന്ന് തിരുഹൃദയ സന്യാസിനി സമൂഹം. മാര്‍ച്ച് 19ന് തിരുഹൃദയ സന്യാസിനി സമൂഹം ഡല്‍ഹി പ്രൊവിന്‍സില്‍പ്പെട്ട കന്യാസ്ത്രികളും സന്യാസാര്ത്ഥികളുമാണ് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിലും ത്ഡാന്‍സി റെയില്‍വേ സ്റ്റേഷനിലും എ.ബി.വി.പി പ്രവര്‍ത്തകരുടെ അധിക്ഷേപത്തിനും ഭീഷണിക്കും ഇരയായത്.
കേന്ദ്രമന്ത്രിയുടെ പരമാര്‍ശത്തില്‍ അങ്ങേയറ്റം ദുഖമുണ്ട്. സത്യത്തില്‍ ആ സംഭവത്തിന്റെ തന്നെ ഞെട്ടലില്‍ നിന്നു പൂര്‍ണമായും മുക്തരായിട്ടില്ല. ഇത്രയധികം തെളിവുകളും നടന്ന സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളും ഉള്ള കേസിലാണ് മന്ത്രി ഇത്തരമൊരു അഭിപ്രായപ്രകടനം പരസ്യമായി നടത്തിയത്. നൂറു ശതമാനം തെളിവുകള്‍ ഉള്ള ഒരു കേസാണിത്. എന്നിട്ടും റെയില്‍വേ മന്ത്രി ഇത്തരത്തില്‍ നിഷേധിക്കുന്നത് ഏറെ ദുഖകരമാണ്. ഈ സാഹചര്യത്തില്‍ ആരെയാണ് വിശ്വാസത്തിലെടുക്കേണ്ടത് എന്നതില്‍പോലും ആശങ്കയുണ്ട്. പരാതി നല്‍കിയതിന് പിന്നാലെ രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് റെയില്‍വേ പോലീസ് അറിയിച്ചത്. അക്കാര്യത്തിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കേസന്വേഷണത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സഭയുടെ ഡല്‍ഹി പ്രൊവിഷ്യല്‍ പി.ആര്.ഒ അറിയിച്ചു.
സംഭവത്തില്‍ തിരുഹൃദയ സന്യാസിനി സമൂഹം ഡല്‍ഹി പ്രൊവിഷ്യല്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്നു മാത്രമാണ് ത്ഡാന്‍സി റെയില്‍വേ പോലീസ് പറയുന്നത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പത്രസമ്മേളനത്തിനിടെയാണ് ത്ഡാന്സിയില് കന്യാസ്ത്രികള്ക്കുനേരെ ആക്രമണം ഉണ്ടായി എന്നത് വെറും നുണപ്രചരണമാണെന്നു പറഞ്ഞത്.
Send your feedback to : onlinekeralacatholic@gmail.com