ഇന്ത്യയില്‍ 273 ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരെ 305 അക്രമങ്ങള്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഒക്ടോബര്‍ 2021
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടക്കുന്നതായി വസ്തുതാപഠന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മൗവില്‍ ഉര്‍സുലിന്‍ ഫ്രാന്‍സിസ്കന്‍ സന്യാസസഭാംഗങ്ങളായ രണ്ടു കന്യാസ്ത്രികള്‍ക്ക് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ളവ ഇതിന്റെ തുടര്‍ച്ചയാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസപ്രകാരമുള്ള ആരാധനാക്രമങ്ങള്‍ പാലിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും ഉള്ളതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ചു പോലീസിനുമേല്‍ സമ്മര്‍ദ്ദം ചൊലുത്തി അറസ്റ്റുചെയ്യിക്കുന്ന സാഹചര്യമാണുള്ളത്. യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാപഠനത്തില്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ 273 ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള 305 അക്രമസംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഒരു ദിവസം ഒന്നിലേറെ ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് വസ്തുതാപഠനസംഘം പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എ.സി. മൈക്കിള്‍ വെളിപ്പെടുത്തി. സംഘടനയുടെ ഹെല്പ് ലൈന്‍ നമ്പറില്‍ സഹായം ചോദിച്ചെത്തിയ കോളുകള്‍ ഏറെയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ നടന്നത്. 69 സംഭവങ്ങളാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശ്, ചത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 169 ആക്രമണങ്ങളുണ്ടായി. ഇക്കാലയളവില്‍ കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെ 32 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 ലധികം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 28 സ്ഥലങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു.
ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ വ്യാപ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നു യൂണിറ്റി ഇന്‍ കംപാഷന്‍ പ്രസിഡന്റ് മീനാക്ഷി സിങ് പറഞ്ഞു. മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. പോലീസും ഇതിനു കൂട്ടുനില്‍ക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയില്‍ കാര്യമായ കുറവാണുണ്ടായിട്ടുള്ളതെന്നും മീനാക്ഷി വിശദീകരിച്ചു.
Send your feedback to : onlinekeralacatholic@gmail.com