കുരിശിന്റെ വഴി എപ്പോഴാണ് തുടങ്ങിയതെന്നറിയാമോ
ജെയ്സണ്‍ പീറ്റര്‍ - മാര്‍ച്ച് 2021
നോമ്പുകാലത്തെ ഏറ്റവും വിശിഷ്ടമായ ഭക്താഭ്യാസങ്ങളില്‍ ഒന്നാണ് കുരിശിന്റെ വഴി. നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ളതും ഓരോ വര്‍ഷവും പ്രസക്തി കൂടിവരുന്നതുമായ ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മകള്‍ നിറയുന്ന പ്രാര്‍ത്ഥനകളും പീഡാനുഭവയാത്രയിലെ വ്യത്യസ്തമായ സംഭവങ്ങള്‍ ധ്യാനവിഷയമാക്കുന്ന ഈ പ്രാര്‍ത്ഥന ഏതൊരു വിശ്വാസിയുടെയും നോമ്പുകാല അനുഷ്ഠാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. നൂറ്റാണ്ടുകളായി ഈ പ്രാര്‍ത്ഥന പ്രചാരത്തിലുണ്ട്.
കുരിശിന്റെ വഴി എപ്പോഴാണ് തുടങ്ങിയത്
ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്ത ശേഷം പരിശുദ്ധ ദൈവമാതാവ് തന്റെ തിരുക്കുമാരന്റെ സഹനങ്ങളുടെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്ഥലങ്ങള്‍
എല്ലാ ദിവസവും സന്ദര്‍ശിച്ചിരുന്നുവെന്ന് ഒരു പാരമ്പര്യം സാക്ഷ്യപ്പെടത്തുന്നു. മറ്റൊരു പാരമ്പര്യം പറയുന്നത് പരിശുദ്ധ അമ്മ ഈശോയെ കാല്‍വരിയിലേക്ക് അനുധാവനം ചെയ്തുവെന്നാണ്.
അങ്ങനെയൊക്കെയാണെങ്കിലും പരിശുദ്ധ അമ്മയല്ല കൃത്യമായ പ്രാര്‍ത്ഥനകളും സ്ഥലവുമൊക്കെയായി കുരിശിന്റെ വഴിയ്ക്ക് തുടക്കമിട്ടതെന്ന് വ്യക്തമാണ്. ഈശോയുടെ പീഡാനുഭവയാത്രയിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിച്ച് അവിടുത്തെ മഹനീയമായ ബലിയെക്കുറിച്ച് ധ്യാനിക്കുകയാണ് മാതാവ് ചെയ്തത്.
പീഡാനുഭവ ഷ്രൈനുകള്
അഞ്ചാം നൂറ്റാണ്ടിലാണ് ബോലോഗ്നയിലെ വി. പെട്രോണിയസ്, ജറുസലേമിലെ പ്രധാനപ്പെട്ട ദേവാലയങ്ങള്‍ക്കു സമാനമായി പരസ്പരബന്ധിതമായ കുറെ ചാപ്പലുകള്‍ നിര്‍മ്മിച്ചതെന്ന് കാത്തലിക് എന്‍സൈക്ലോപീഡിയ രേഖപ്പെടുത്തുന്നു. ഇതായിരിക്കാം ഒരു പക്ഷേ പീന്നീട് കുരിശിന്റെ വഴിയുടെ സ്ഥലങ്ങളുടെ അടിസ്ഥാനമായിത്തീര്ന്നതെന്ന് കണക്കാക്കുന്നു. എങ്കിലും 15-ാം നൂറ്റാണ്ടിന് മുമ്പ് ഇന്നത്തെപ്പോലെയുള്ള ഒരു കുരിശിന്റെ വഴി പ്രാര്‍ത്ഥന നിലനിന്നിരുന്നില്ല.
ഹോളി ലാന്‍ഡിലെ ഫ്രാന്‍സിസ്ക്കന്‍സ്
മദ്ധ്യകാലഘട്ടത്തില്‍ ഹോളിലാന്‍ഡ് അസ്ഥിരമായ സ്ഥലമാവുകയും തീര്‍ത്ഥാടകര്‍ക്ക് ഈശോയുടെ പീഡാനുഭവ സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി ഫ്രാന്‍സിസ്കന്‍ വൈദികര്‍ ജറുസലേമിലെ ഈ പീഡാനുഭവ സൈറ്റുകള്‍ക്ക് സമാനമായ ചാപ്പലുകള്‍ യൂറോപ്പിലുടനീളം നിര്‍മ്മിച്ചു.
പ്രത്യേകിച്ചും ഡൊമിനിക്കന്‍ വൈദികനായ വാഴ്ത്തപ്പെട്ട അല്‍വാരോ ഓഫ് കോര്‍ഡോബ യൂറോപ്പില്‍ ഈ ഭക്തി പ്രചരിപ്പിച്ചു. കോര്‍ഡോബയില്‍ അദ്ദേഹം ഇന്നത്തെ കുരിശിന്റെ വഴിയിലെ സ്റ്റേഷനുകള്‍ക്ക് സമാനമായി ചെറിയ പ്രസംഗപീഠങ്ങള്‍ നിര്‍മ്മിച്ചു.
ഇംഗ്ലീഷ് തീര്‍ത്ഥാടകനായ വില്യം വേ എന്ന വ്യക്തി 1462 ല്‍ ഹോളി ലാന്‍ഡ് സന്ദര്‍ശിക്കുകയും സ്റ്റേഷന്‍സ് (സ്ഥലങ്ങള്‍) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുകയും ചെയ്തു. ഓരോ സ്ഥലത്തും തീര്‍ത്ഥാടകര്‍ ക്രിസ്തുവിന്റെ പാദമുദ്രകള്‍ പിന്തുടരുന്ന രീതിയും അദ്ദേഹം വിശദീകരിച്ചു. പെട്ടെന്നു തന്നെ സ്റ്റേഷന്‍സ് എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയില്‍ പോപ്പുലറാകുകയും ദേവാലയങ്ങളില്‍ സ്ഥാപിച്ചിരുന്ന പീഡാനുഭവ സീനുകള്‍ക്ക് ആ വിശേഷണം ലഭിക്കുകയും ചെയ്തു.
17-ാം നൂറ്റാണ്ടോടുകൂടി ഫ്രാന്‍സിസ്കന്‍ വൈദികര്‍ ഈ സ്റ്റേഷനുകള്‍ ദേവാലയ ഭിത്തികളില്‍ സ്ഥാപിക്കുകയും റോമില്‍നിന്ന് അനുവാദത്തിനായി അപേക്ഷിക്കുകയും ചെയ്തു. മാത്രമല്ല, ജറുസലേമിലെ ക്രിസ്തുവിന്റെ പീഡാനുഭവസ്ഥലങ്ങള് സന്ദര്‍ശിക്കുന്നവര്‍ ലഭിക്കുന്ന ദണ്ഡമോചനം ഈ സ്റ്റേഷനുകളിലൂടെ ധ്യാനനിമഗ്നരായി കടന്നുപോകുന്ന എല്ലാ വിശ്വാസികള്‍ക്കും നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇന്നസെന്റ് പതിനൊന്നാമന്‍ മാര്‍പാപ്പ അവരുടെ അപേക്ഷ അംഗീകരിക്കുകയും ഇന്നത്തെ നിലയിലുള്ള കുരിശിന്റെ വഴിക്ക് വഴിയൊരുക്കുകയും ചെയ്തു.
സത്യത്തില്‍, കുരിശിന്റെ വഴി എന്ന ഭക്തി ഏതെങ്കിലും ഒരു വ്യക്തി തുടങ്ങിയതാണെന്ന് പറയുവാന്‍ കഴിയില്ലെന്ന് ചരിത്രം പറയുന്നു. പരിശുദ്ധ അമ്മ തുടങ്ങി ഈശോയുടെ പീഡാനുഭവ പാതകളിലൂടെ നടന്ന വിശുദ്ധാത്മാക്കള്‍ ഈ കുരിശിന്റെ വഴി എന്ന പ്രാര്‍ത്ഥനയ്ക്ക് കാരണക്കാരായിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കുരിശിന്റെ വഴി നൂറ്റാണ്ടുകളിലൂടെ സ്വഭാവികമായി വളര്‍ന്നു പന്തലിച്ച ഒരു ഭക്താഭ്യാസമാണെന്നതാണ് അതിനെക്കാള്‍ വലിയ സത്യം.
Send your feedback to : onlinekeralacatholic@gmail.com