സ്വര്ഗ്ഗത്തിന് കാത്തിരിക്കാനാവില്ല;
വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ജീവിതം അഭ്രപാളികളില്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ജനുവരി 2023
കേവലം 15 വയസുവരെ മാത്രം നീണ്ട ജീവിതമത്രയും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ചെലവഴിച്ച, അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ ജീവിതം തീയറ്ററുകളിലേക്ക്. ഈശോയ്ക്കുവേണ്ടി ആധുനിക സാങ്കേതിക വിദ്യകൾ സമർത്ഥമായി വിനിയോഗിച്ച കാർലോയുടെ ജീവിതം ‘ഹെവൻ കെനോട്ട് വെയിറ്റ്’ എന്ന പേരിലാണ് ഡോക്യുഫിക്ഷനായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. സ്പാനിഷ് വേർഷൻ ഫെബ്രുവരി 24ന് സ്പെയിനിലെ നിരവധി തീയറ്ററുകളിൽ പ്രീമിയറായി റിലീസ് ചെയ്യും.
പ്രമുഖ പത്രപ്രവർത്തകനും ‘ദ മിസ്റ്ററി ഓഫ് പാദ്രെ പിയോ’ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവുമായ ജോസ് മരിയ സവ്ലയാണ് ഡോക്യുഫിക്ഷന്റെ സംവിധായകൻ. വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ മാധ്യസ്ഥത്താൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ച വിവിധ പ്രായക്കാരുടെ സാക്ഷ്യമാണ് ‘ഹെവൻ കെനോട്ട് വെയിറ്റി’ന്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം കാർലോയുടെ ജീവിതവഴിയിലെ നാഴികക്കല്ലുകളും ചിത്രീകരിച്ചിട്ടുണ്ട്. ഇനിയും പ്രസിദ്ധീകൃതമാവാത്ത, കാർലോയുടെ ചിത്രങ്ങളും ചില രേഖകളും ‘ഹെവൻ കെനോട്ട് വെയിറ്റി’ലൂടെ പുറം ലോകം കാണുമെന്നതും സവിശേഷതയാണ്.
‘ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് 1991ൽ ലണ്ടനിലാണ് ജനിച്ചത്. ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12ന് ഇഹലോകവാസം വെടിഞ്ഞു. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്. 11-ാം വയസിൽ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവൻ കംപ്യൂട്ടറിൽ ശേഖരിക്കാൻ തുടങ്ങി.
അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോകണമെന്ന് കാർലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വർഷത്തെ പ്രയത്നത്തിനൊടുവിൽ കാർലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏതാണ്ട് എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും കോർത്തിണക്കി ഒരു വെബ്സൈറ്റും തയാറാക്കി. വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് അവൻ ശേഖരിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളിൽ വെർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തി.
കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കും വേണ്ടിയാണ് കാഴ്ചവെച്ചത്. 21-ാം നൂറ്റാണ്ടിൽ ജീവിച്ചവരിൽനിന്നുള്ള ആദ്യത്തെ വാഴ്ത്തപ്പെട്ടവനെന്ന വിശേഷണത്തോടെ 2020 ഒക്ടോബർ 10നാണ് കാർലോ അക്യുറ്റിസ് അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടത്. (കടപ്പാട്: സണ്‍ഡേശാലോം)
Send your feedback to : onlinekeralacatholic@gmail.com