ഫാ. ടിക് ടോക് സൂപ്പര്‍ സ്റ്റാറായി; ടിക് ടോക് അവാര്‍ഡും വാങ്ങിക്കൊണ്ടുപോയി.
ബോബന് എബ്രാഹം - ജൂലൈ 2021
ടിക് ടോക് എന്ന് കേട്ടാല്‍ തന്നെ നെറ്റി ചുളിക്കുന്നവരാണ് നമ്മില്‍ പലരും. ടിക് ടോക് എന്ന് കേട്ടാല്‍ പോലും ഓടിയകലണമെന്ന് പലരും ഉപദേശിക്കാറുണ്ട്. എന്നാല്‍, ഫാ. ടിക് ടോക് എന്ന് കേട്ടാല്‍ എന്തുചെയ്യണം. സംഗതി സത്യമാണ് ഫിലിപ്പീന്‍സുകാരനാണ് ഫാ. ടിക് ടോക്. ആട്ടും പാട്ടുമൊന്നുമല്ല കക്ഷിയുടെ സ്പെഷ്യലൈസേഷന്. കഴിഞ്ഞ വര്‍ഷത്തെ ലോക് ഡൗണ്‍ കാലത്താണ് കക്ഷി ഒരു ടിക് ടോക് അക്കൗണ്ട് തുറന്നത് ഇപ്പോള്‍ ഏതാണ്ട് 11 ലക്ഷം ഫോളോവേര്സ് ഉണ്ട് അദ്ദേഹത്തിന്. അച്ചന് ചില്ലറക്കാരനല്ല. അടുത്തിടെ നടത്തിയ ആദ്യത്തെ ടിക് ടോക് അവാര്‍ഡില്‍ റൈസിംഗ് സ്റ്റാര്‍ കാറ്റഗറിയില്‍ അവാര്‍ഡും നേടിയാണ് ഫാ ടിക് ടോക് വിശ്വാസികളെയും സഭാധികാരികളെയും വീണ്ടും ഞെട്ടിച്ചത്.
ഫാ. ടിക് ടോക് എന്ന് കളിയാക്കി വിളിക്കുന്ന പേരാണ്. ഫിലിപ്പീന്‍സിലെ മനില അതിരൂപതയിലെ വൈദികനായ ഫാ. ഫിയല്‍ പരേജയാണ് ഫാ. ടിക് ടോക് എന്ന അപരനാമത്തിലറിയപ്പെടുന്നത്. 30 വയസുകാരനായ അദ്ദേഹത്തിന് ന്യൂജനറേഷന്റെ മര്‍മ്മമറിയാം. ദൈവവചനവും ചിന്തകളും പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ എന്തുചെയ്യും എന്ന് ചിന്തിച്ച് കഴിയുന്നവര്‍ക്ക് അദ്ദേഹം നല്ലൊരു മാതൃകയാണ്. സോഷ്യല്‍ മീഡിയ തന്നെയാണ് അവരുടെ ഹൃദയത്തിലേക്കുള്ള എളുപ്പവഴി എന്ന് കണ്ടെത്തിയ ആളാണ് ഫാ. ടിക് ടോക്.
ടിക് ടോക് എന്നാല്‍ പാട്ടിനും കൂത്തിനുമുള്ള ആപ്പല്ല ദൈവവചനം പ്രഘോഷിക്കുവാനും കൂടിയുളളതാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. അദ്ദേഹം നിര്‍മ്മിച്ച വിശ്വാസാധിഷ്ഠിതമായ നൂറുക്കണക്കിന് ടിക് ടോക് വീഡിയോകളാണ് ടിക് ടോക് അച്ചനെ വൈറലാക്കിയത്. അദ്ദേഹത്തിന്റെ വീഡിയോസ് അധികവും പ്രാദേശികഭാഷയിലാണെങ്കിലും ഇടയ്ക്കൊക്കെ ചെയ്യുന്ന ഇംഗ്ലീഷ് വീഡിയോസാണ് അദ്ദേഹത്തിന്റെ വലയിലേയ്ക്ക് ലോകം മുഴുവനുമുള്ളവരെ ആകര്‍ഷിക്കുന്നത്.
ഫാ. ടിക് ടോക്കിന്റെ അക്കൗണ്ടില്‍ പ്രാര്‍ത്ഥനകളും വിശ്വാസ പരിശീലനവും നിര്‍ദ്ദേശവും ഒക്കെയുണ്ട്. കൂടാതെ ചലഞ്ചുകളും. അതില്‍ അദ്ദേഹത്തെ പ്രശസ്തനാക്കിയ ചലഞ്ച് വീഡിയോയിലൊന്നാണ് വൈപ് ഇറ്റ് ഡൗണ്‍. അവാര്‍ഡിനര്‍ഹമായ ഈ വിഡീയോയില്‍ ടിക് ടോക് അച്ചന് ഒരു കണ്ണാടിക്കുമുമ്പില്‍ നില്ക്കുന്നു. കണ്ണാടി തുടക്കുന്നു. ഓരോ പ്രാവശ്യവും കണ്ണാടി തുടയ്ക്കുമ്പോള്‍ അദ്ദേഹം ഓരോ നിറത്തിലുള്ള പുരോഹിതവസ്ത്രത്തിലാകുന്നു. ഈ വീഡിയോ കണ്ടത് ആയിരക്കണക്കിന് ആളുകളാണ്. പക്ഷേ അദ്ദേഹത്തിന്റെ 90 സെക്കന്‍ഡ്സ് ബൈബിള്‍ വിചിന്തനങ്ങള്‍ക്ക് കിട്ടുന്ന പോപ്പുലാരിറ്റി അതിലും വലുതാണ്.
അപ്രതീക്ഷിതമായിരുന്നു തനിക്ക് ലഭിച്ച സ്വീകാര്യത എന്ന് ഫാ. പരേജ പറയുന്നു. ഒരിക്കലും ടിക് ടോക് ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ല. ആളുകള്‍ തന്റെ വീഡിയോസ് സന്തോഷത്തോടെ സ്വീകരിക്കുമോ എന്ന ഭയം അദ്ദേഹത്തിനുമുണ്ടായിരുന്നു. ഫിലിപ്പീന്‍സുകാര്‍ക്ക് ആടുകയും പാടുകയും ചെയ്യുന്ന വൈദികരെ കണ്ടുപരിചയമില്ല. അതൊക്കെ വൈദികര്‍ക്ക് വിലക്കപ്പെട്ട കനിയാണ്. വലിയ പാപവുമായിട്ടാണ് പലരും കാണുന്നതുപോലും. ഒരു വൈദികന് കുര്‍ബാന ചൊല്ലുന്നതും വചനം പ്രഘോഷിക്കുന്നതും മാത്രം കാണുവാനാണ് ആളുകള്ക്കിഷ്ടമെന്ന് ഈ യുവ വൈദികന് പറയുന്നു.
ഇതൊക്കെ ആണെങ്കിലും കോവിഡ് ആണ് ഈ പണിപറ്റിച്ചത്. മഹാമാരിക്കാലത്ത് അച്ചന് കിട്ടി ഇഷ്ടം പോലെ ഫ്രീ ടൈം. പിന്നെന്തു ചെയ്യും. അച്ചന് വെറുതെ സുവിശേഷവും സങ്കീര്ത്തനവുമൊക്കെ ചേര്‍ത്ത് വെച്ച് ചെറിയ ചിന്തകള്‍ പങ്കിടുന്ന വീഡിയോസ് ചെയ്യാന്‍ തുടങ്ങി. സംഗതി ഹിറ്റായി. വീഡിയോസ് വൈറലായി. അച്ചന് പോപ്പുലറായി. ദശലക്ഷക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ ചില വീഡിയോസ് വാച്ച് ചെയ്തത്.
ഫിലിപ്പീന്‍സിലെ ടിക് ടോക് സൂപ്പര്‍ സ്റ്റാറാണെങ്കിലും അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. സോഷ്യല്‍ മീഡിയയിലെ തന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് അതൊന്നും തനിക്കുള്ളതല്ല, മറിച്ച് ദൈവവചനം സ്വീകരിക്കുന്നവര്ക്കുള്ളതാണ് എന്നാണ്.