കത്തോലിക്ക വിശ്വാസികള്‍ക്ക് ഫ്രീമേസന്‍ സംഘടനയില്‍ അംഗമാകാമോ?
റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍ - ഫെബ്രുവരി 2020
ഫ്രീമേസന്‍ സംഘടനയെ കത്തോലിക്കസഭ അംഗീകരിക്കുന്നില്ല. ഈ സംഘടനയിലുളള അംഗത്വം, കത്തോലിക്കസഭയിലെ അംഗത്വവും വിശ്വാസവുമായി ചേര്‍ന്നുപോകാത്തതാണ്. എന്നതിനാല്‍, കത്തോലിക്കര്‍ ഈ സംഘടനയില്‍ അംഗത്വമെടുക്കുന്നത് സഭ ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നു.
പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷമാണ് ഈ സംഘടനയുടെ ഉത്ഭവം. പ്രത്യേകമായ അടയാളങ്ങളും അംഗവിക്ഷേപങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചിരുന്ന സംഘടിത സമാജങ്ങളില്‍ ധാര്മ്മികവിഷയങ്ങളില് ചര്‍ച്ചചെയ്യുന്ന പതിവ് രൂപപ്പെട്ടു. ഇത്തരം നാല് സംഘടിത സമാജങ്ങള്‍ 1717 ല്‍ ഒന്നു ചേര്‍ന്നാണ് ഇംഗ്ലണ്ടില്‍ ഫ്രീമേസന്‍സിന്റെ ഗ്രാന്റ് ലോഡ്ജ് രൂപപ്പെട്ടത് പീന്നീട് ഈ സംഘടന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുകയുണ്ടായി. ലോഡ്ജ് എന്നത് ഈ സംഘടനയുടെ അടിസ്ഥാനപരമായ യൂനിറ്റാണ്.
ഫ്രീമേസന്‍ സംഘടന നമ്മുടെ നാട്ടിലെ മറ്റേതൊരു സാമുഹ്യ സംഘട പോലെയുളളതാണ് എന്നത് ശരിയല്ലെന്ന് വിവിധപഠനങ്ങളില്‍ നിന്നു തെളിയുന്നതാണ്. ഇത് ഒരു സോഷ്യല്‍ ക്ലബ് അല്ല എന്ന് സംഘടനയുടെ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്. ഈ സംഘടനയില്‍ ഏതു മതത്തിലുള്ള വ്യക്തിക്കും അംഗമാകാം. ആ വ്യക്തിയുടെ മതവിശ്വാസത്തിന് സംഘടന ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. പക്ഷേ, സംഘടനയ്ക്ക് അതിന്റേതായ ദൈവസങ്കല്പമുണ്ട്.
ഫ്രീമേസന്‍ വിശ്വസിക്കുന്ന ദൈവം മഹാനായ പ്രപഞ്ചസൃഷ്ടാവാണ് (ദ ഗ്രേറ്റ് ആര്‍ക്കിടെക്ട്). ഈ സംഘടനയക്ക് അള്‍ത്താര, പ്രത്യേക വസ്ത്രങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ധാര്‍മ്മിക സംഹിത, അധികാരശ്രേണി, ആഘോഷദിവസങ്ങള്‍, നിത്യതയെക്കുറിച്ചുളള പ്രബോധനങ്ങള്‍ എന്നിവയൊക്കെ സ്വന്തമായുണ്ട്. കുരിശ് പ്രകൃതിയുടെയും നിത്യജീവിതത്തിന്റെയും അടയാളം മാത്രമാണ്. പാപപരിഹാരത്തിനുവേണ്ടി കുരിശില്‍ മരിച്ച ഈശോയുടെ സ്വയം ത്യാഗത്തിന് പ്രാധാന്യം നല്‍കുന്നില്ല. ഈ സംഘടനയില്‍ അംഗമാകുന്ന ഒരു വ്യക്തി, അംഗത്വം ലഭിക്കുന്ന ചടങ്ങില്‍ പ്രകാശത്തെ അന്വേഷിക്കാനുള്ള ആഗ്രഹം പ്രകടമാക്കുകയും മറ്റൊരിടത്തും ലഭിക്കാത്ത പ്രകാശം നല്കപ്പെടുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്നു. ഈ സംഘടനയുടെ തത്വങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ ആ വ്യക്തിക്ക് സ്വര്‍ഗ്ഗീയ ലോഡ്ജില്‍ നിത്യവിശ്രമം കിട്ടുമെന്നും ഉറപ്പുകൊടുക്കുന്നു.
ഫ്രീമേസന്‍ സംഘടനയില്‍ അംഗമാകുന്ന ഒരു വ്യക്തി രഹസ്യം സൂക്ഷിക്കാനുള്ള പ്രതിജ്ഞയെടുക്കണം. ബൈബിളോ ഇതര മതഗ്രന്ഥങ്ങളോ ഈ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചുവരുന്നു. സംഘടനയുടെ അധികാരശ്രേണിയില്പ്പെട്ട വ്യക്തിയുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് ജീവന് നഷ്ടപ്പെടുത്തിയും രഹസ്യം സൂക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ സൂക്ഷിക്കേണ്ട രഹസ്യങ്ങള്‍ ഏതൊക്കയാണെന്ന് ആ അംഗത്തിന് അറിയില്ല. ഒരു അംഗത്തിന്റെ സീനിയോരിറ്റിയും വിശ്വസ്തതയും അനുസരിച്ച് വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ സംഘടനയുടെ മുഴവുന്‍ രഹസ്യങ്ങളും ഒരു അംഗത്തിന് അറിയാന്‍ കഴിയുന്നത്.
ഫ്രീമേസന്‍ സംഘടനയുടെ വളര്‍ച്ചയോടൊപ്പം അതിന്റെ പ്രവര്‍ത്തനങ്ങളും വിശ്വാസസംഹിതകളും ഒപ്പം ഉയര്‍ന്നു കേട്ടിരുന്ന് നിഗൂഡതകളും വിശകലനം ചെയ്യുപ്പെടുകയുണ്ടായി. കത്തോലിക്ക വിശ്വാസവുമായി യാതൊരു വിധത്തിലും പൊരുത്തപ്പെട്ടുപോകാത്ത നിലപാടുകള്‍ സംഘടനയ്ക്ക് ഉണ്ട് എന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ക്ലെമന്റ് പന്ത്രണ്ടാമന് മാര്‍പാപ്പ 1738 ല്‍ ഇന്‍ എമിനേറ്റി എന്ന തിരുവെഴുത്ത് വഴി ഫ്രീമേസന്‍ സംഘടനയില്‍ ചേരുന്നതില്‍ നിന്ന് കത്തോലിക്കവിശ്വാസികളെ വിലക്കുകയും, വിലക്കു ലംഘിക്കുന്ന വരെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമനാനം സഭയില്‍ നടപ്പിലായതോടെ തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ സംഘടന ആരംഭിച്ചു. മനുഷ്യകുലത്തിന്റെ സമഗ്രവിമോചനത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു ജീവകാരുണ്യ സംഘടനയായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം തുടര്‍ന്നു. ഫ്രീമേസന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ നിരാകരിച്ചുകൊണ്ട് മറ്റ് മാര്‍പാപ്പമാരും പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട്.
കത്തോലിക്ക സഭയ്ക്ക് എതിരായി സംഘടന പ്രവര്‍ത്തിക്കുന്നില്ലായെന്ന പ്രതീതി ഉളവാക്കാന്‍ സാധിച്ചതിന്റെ ഫലമായി സഭയില്‍ നിന്നുതന്നെ ഈ സംഘടയോടുള്ള അകല്‍ച്ചയുടെ ദൂരം സാവകാശംം കുറഞ്ഞുവന്നു. അതിന്റെ ഫലമായി 1974 ല്‍ വത്തിക്കാന്‍ തിരുസംഘം അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍ജോ സെപ്പര്‍ കത്തോലിക്ക വിരുദ്ധരല്ലാത്ത മാസോണിക് ലോഡ്ജുകളില്‍ കത്തോലിക്കര്‍ക്ക് അംഗത്വമെടുക്കാമെന്ന ഒരു വ്യാഖ്യാനം നല്കുകയുണ്ടായി. എന്നാല്‍, ആറു വര്‍ഷത്തിനുശേഷം 1981 ല്‍ അതേ വിശ്വാസ തിരുസംഘം 1974 ലെ വ്യാഖ്യാനം തെറ്റാണെന്ന് പറഞ്ഞ് ഈ സംഘടനയേടുള്ള മൃദുസമീപനം അവസാനിപ്പിച്ചു.
ഈ പശ്ചാത്തലത്തില്‍ 1983 നവംബര്‍ 26-ാം തിയതി അന്നത്തെ മാര്‍പാപ്പയായിരുന്ന വി. ജോണ്‍ പോള്‍ രണ്ടാമന്റെ അംഗീകാരത്തോടെ വിശ്വാസ തിരുസംഘം അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ റാറ്റ്സിംങര്‍ മാസോണിക് ലോഡ്ജില്‍ അംഗത്വമെടുക്കുന്നതിനെതിരായി വ്യക്തമായ പ്രബോധനം നല്കി. ഫ്രീമേസന്‍ സംഘടനയിലുള്ള അംഗത്വവും കത്തോലിക്കവിശ്വാസവും തമ്മിലുള്ള പൊരുത്തക്കേിടിനെക്കുറിച്ച് ആധികാരികമായ വിധത്തില്‍ ഇങ്ങനെ പറയുന്നു. സഭയുടെ വിശ്വസ തത്വസംഹിതകളുമായി അവരുടെ തത്വങ്ങള്‍ പൊരുത്തപ്പെട്ടു പോകാത്തതിനാല്‍ മാസോണിക് സംഘടനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സഭയുടെ നിഷേധാത്മകമായ നിലപാട് മാറ്റമില്ലാതെ തുടരുകയും അവയിലുള്ള അംഗത്വം നിരോധിക്കപ്പെട്ടതായി തുടുരുകയും ചെയ്യുന്നു. മാസോണിക് സംഘടനകളില്‍ അംഗത്വമെടുക്കുന്ന വിശ്വാസികള്‍ ഗുരുതരമായ പാപാവസ്ഥയിലാണെന്നതിനാല് അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ നിന്ന് വിട്ടുനില്ക്കേണ്ടതാണ്. ഫ്രീമേസന്‍ സംഘടനയില്‍ അംഗമാകുന്നവരെ സഭയില്‍ നിന്നു പുറത്താക്കുമെന്ന മുന്‍ നിലപാടില്‍ നിന്നു മാറി ഈ സംഘടനയില്‍ അംഗമാകുന്നവര്‍ക്ക് വി. കുര്‍ബാന സ്വീകരണവും കുമ്പസാരവും മുടക്കുന്നതാണ് നിലവിലെ സഭയുടെ നിലപാട്.
ഫ്രീമേസന്‍ സംഘടനയുടെ വിശ്വാസ സംഹിതകളും അടിസ്ഥാന തത്വങ്ങളും പല സ്ഥലങ്ങളിലും അതേപടി നടപ്പിലാക്കിയെന്നും ഇങ്ങനെയുള്ള ഒരു കാര്യവും സംഘടനയില്‍ പറഞ്ഞുപോലും കേട്ടിട്ടില്ലായെന്നും ഇത് സര്‍വ്വസാഹോദര്യം വളര്‍ത്തുന്ന ഒരു സാമൂഹ്യ സംഘടന മാത്രമാണെന്നും പറഞ്ഞ് സഭയുടെ ഔദ്യോഗിക നിലപാടിനെ പ്രാദേശികതലത്തില്‍ മയപ്പെടുത്താതിരിക്കാനുള്ള മുന്‍കരുതലും കര്‍ദ്ദിനാള്‍ റാറ്റ്സിംങര്‍ രേഖയില്‍ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത രേഖയുടെ അവസാനഭാഗത്ത്, മാസോണിക് സംഘടനകളുടെ സ്വഭാവത്തെക്കുറിച്ച് വിലയിരുത്തി സഭയുടെ പൊതുനിലപാടിനെതിരായി വ്യത്യസ്തമായ നിലപാട് സ്വീകരിക്കുവാന്‍ പ്രദേശിക സഭാധികാരികള്‍ക്ക് അവകാശമില്ലെന്ന് കൃത്യമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതിനാല്‍, ഫ്രീമേസന്‍ ലോഡ്ജിന്റെ പ്രവര്‍ത്തനങ്ങളെ അതില്‍ അംഗമായിരിക്കുന്ന കത്തോലിക്കവിശ്വാസികള് എത്രകണ്ട് പുകഴ്ത്തിയാലും സഭയുടെ ഔദ്യോഗിക നിലപാട് 1983 ല്‍ വിശ്വാസതിരുസംഘം നല്‍കിയിരിക്കുന്ന രേഖയില്‍ പറഞ്ഞിരിക്കുന്നതാണ്. ഫ്രീമ്സേന് സംഘടനയിലെ അംഗത്വവും കത്തോലിക്കവിശ്വാസവും പരസ്പരം ചേര്‍ന്നുപോകുന്നതല്ല. ഈ സംഘടനയില്‍ അംഗമാകുന്നവര്‍ ഗുരുതരമായി പാപാവസ്ഥയിലാണ്. അതിനാല്‍ അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് അണയാന്‍ പാടില്ല. ഇവരെ സഭപുറത്താക്കുന്നില്ല. കുമ്പസാരവും വി. കുര്‍ബാന സ്വീകരണമവുമൊഴികെ മറ്റൊരു കൂദാശയില്‍ നിന്നും മാറ്റിനിര്‍ത്തുന്നുമില്ല. ഇതാണ് സുചിന്തിതവും ചരിത്രപാഗ്രഥനത്തില് അടിസ്ഥാനമിട്ടതുമായ സഭയുടെ നിലപാട്.
Send your feedback to : onlinekeralacatholic@gmail.com