മലയാളി തമസ്ക്കരിച്ച നവോത്ഥാന നായകന്
ജോര്‍ജ് .കെ. ജെ - ജനുവരി 2020
ചാവറയച്ചന് എന്ന് എല്ലാവരും ആദരവോടെ വിളിക്കുന്ന വി. കുര്യാക്കോസ് ഏലിയാസ് ചാവറ എന്ന വിശുദ്ധാത്മാവ് മലയാളക്കരയെ സ്പര്‍ശിച്ച് കടന്നുപോയിട്ട് ഒന്നര നൂറ്റാണ്ട് പിന്നിടുകയാണ്. ജാതീയതയും വിഭാഗിയതയും കത്തിനിന്നിരുന്ന കാലത്ത്, അവര്‍ണ്ണര്‍ക്ക് വഴി നടക്കാന്‍ വിലക്കുകളുണ്ടായിരുന്ന തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും കാലത്ത്, സ്വാതന്ത്യം, സമത്വം, വിദ്യാഭ്യാസം എന്നതെല്ലാം വളരെ ചെറിയൊരു വിഭാഗത്തിനുമാത്രം അനുവദിച്ചിരുന്ന കാലത്ത്, കേരളത്തിലെ നവോത്ഥാന ശക്തികള്‍ രൂപംപൂണ്ടു വരുന്നതിനും മുമ്പുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനവും ജീവിതവും.
സ്കൂളുകളില്‍ മേല്‍ജാതിക്കാര്‍ക്കൊപ്പം കീഴ്ജാതിക്കാരന്റെ കുഞ്ഞുങ്ങള്‍ക്കും പ്രവേശനം നല്കിയതും, ഓരോ പള്ളിയോടും ചേര്‍ന്നു പള്ളിക്കൂടം വേണം അല്ലെങ്കില്‍ പള്ളി വേണ്ടെന്നു കല്പിച്ചതും, അക്രൈസ്തവര്‍ക്കു കൂടി വിദ്യാഭ്യാസം നല്കാന് സംസ്കൃത സ്കൂള്‍ തുടങ്ങിയതും സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി പദ്ധതി ആരംഭിച്ചതും അറിവിന്റെ വിപ്ലവത്തിന് തിരികൊളുത്താന്‍ പ്രിന്റിംഗ് പ്രസ് സ്ഥാപിച്ചതും നിരാലംബര്‍ക്കായി അഗതിമന്ദിരം സ്ഥാപിച്ചതുമടക്കം അന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന നവോത്ഥാന വിപ്ലവത്തിനാണ് വി. ചാവറയച്ചന് തുടക്കംകുറിച്ചത്. വി.ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150 വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് തിരിതെളിയുമ്പോഴും ചാവറയച്ചന് മലയാളിക്കും മാനവകുലത്തിനും നല്കിയ സംഭാവനകള്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കുവാനും അര്‍ഹിക്കുന്ന അംഗീകാരം നല്കുവാനും നമുക്ക് കഴിഞ്ഞിട്ടില്ല.
ലോകം ദര്‍ശിച്ച പ്രമുഖരായ നവോത്ഥാന നായകരെക്കാളും മുമ്പേ കേരളത്തില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയായിരുന്നു വി. ചാവറ കുര്യാക്കോസ്. ഒരു പക്ഷേ, രാജാറാം മോഹന്‍ റോയ്, മഹോദേവ് ഗോവിന്ദ് റാനഡെ, ദേവേന്ദ്രനാഥ ടാഗോര്‍, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയവരുടെ സമകാലികനോ, അവര്‍ക്ക് മുമ്പോ, പിമ്പോ നടന്നവനോ ആയിരുന്നു ചാവറയച്ചന്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വക്കം മൗലവി, വി.ടി ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭന് എന്നിവര്‍ക്കൊക്കെ എത്രയോ മുമ്പ് തന്നെ ചരിത്രപരമായ നവോത്ഥാനത്തിന് ചാവറയച്ചന് തുടക്കം കുറച്ചിരുന്നു.
1805 ല്‍ ജനിച്ച് 1871 ല്‍ ലോകത്തോടു വിടപറഞ്ഞ ചാവറയച്ചന്റെ കാലഘട്ടത്തിനുശേഷമാണ് സോവിയറ്റ് യൂണിയനില്‍ ലെനിന് അടക്കമുള്ളവര്‍ നവോത്ഥാനത്തിനു തുടക്കമിട്ടത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിലൂടെ കുതിപ്പു നേടുന്നതിനു തുടക്കമായതിനും 70 വര്‍ഷം മുമ്പാണ് ചാവറയച്ചന് ഇതിനു കേരളത്തില്‍ തുടക്കമിട്ടത്. വിദ്യാഭ്യാസത്തിലൂടെ വിമോചനം എന്ന ആശയത്തിന്റെ
ഉപജ്ഞാതാവായ ലാറ്റിന്‍ അമേിരിക്കന്‍ ചിന്തകനും വിദ്യാഭ്യാസ പരിഷ്കര്‍ത്താവുമായ പൗലോ ഫ്രയറിന്റെ പെഡേഗോഗി ഓഫ് ദി പ്രൈസ്ഡ് പ്രസിദ്ധീകരിച്ചതുപോലും ചാവറയച്ചന് മരിച്ച് 97 വര്‍ഷങ്ങള്‍ക്കുശേഷം 1968 ലാണ്.
കത്തോലിക്കസഭയുടെയോ, ക്രൈസ്തവരുടേയോ മാത്രം ഉന്നതിയല്ല മനുഷ്യകുലത്തിന്റെ മൊത്തം ഉന്നമനത്തിനുവേണ്ടി യത്നിച്ച പുണ്യാവാനാണ് ചാവറയച്ചന്. അസാധാരണവും അത്യപൂര്‍വ്വവും അതിവിശിഷ്ടവുമായ ഒട്ടേറെ കാര്യങ്ങളാണു ചാവറയച്ചനില്‍ നിന്നു മാനവസമൂഹത്തിനു കിട്ടിയത്.
ചാവറയച്ചനെപ്പോലെയുള്ള ഒരു അസാധാരണ വ്യക്തിപ്രതിഭയെ, ഒരാദ്ധ്യാത്മിക ദിവ്യതേജസ്സിനെ, ഇത്രയും വലിയ ഒരു ഭാഷാസ്നേഹിയെ, ഒരു കവിയെ, എല്ലാറ്റിനുമപരി നൂറുശതമാനം സമര്‍പ്പിതജീവിതം ദൈവത്തിനു നല്കിയ ഒരു മഹാത്മാവിനെ അല്പമായൊന്നറിഞ്ഞ് ആദരിക്കുവാന്‍ ഇത്ര വൈകി മാത്രമേ എനിക്കവസരം കിട്ടിയുള്ളു എന്നോര്‍ക്കുമ്പോള്‍ നമ്മുടെ സാമൂഹികജീവിതത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള കനത്ത ഭിത്തികള്‍ എത്ര കടുത്ത ദ്രോഹമാണ് വരുത്തിക്കൂട്ടിയിരിക്കുന്നതെന്ന് ചിന്തിക്കാതിരിക്കുവാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ നിത്യചൈതന്യയതിയോടൊപ്പമാണ് മലയാളികളില്‍ ഭൂരിഭാഗവും. എന്തുകൊണ്ടാണ് ചാവറയച്ചനെ ഇത്രയും കാലം നവോത്ഥാനനായകരുടെ പട്ടികയില്‍ നിന്നെല്ലാം പടിക്കുപുറത്ത് നിറുത്തിയതെന്ന വസ്തുത കണ്ടെത്തുന്നതോടൊപ്പം വി. ചാവറയച്ചന് കേരളക്കരയ്ക്ക് നല്കിയ സംഭാവനകളെ അംഗീകരിക്കുവാന്‍ നാം തയാറായാല്‍ മാത്രമേ കേരളം കണ്ട ഏറ്റവും മഹാനായ ഒരു നവോത്ഥാനനായകനോടുള്ള നമ്മുടെ കടപ്പാട് പൂര്‍ത്തീകരിക്കാനാകൂ.
Send your feedback to : onlinekeralacatholic@gmail.com