ശിശു-സൗഹൃദമാകണം നമ്മുടെ സമൂഹംവീണ്ടും ചില ശിശുദിനചിന്തകള്‍
കെ.ജെ.ജി. - നവംബര്‍ 2020
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഒരിക്കല്‍ ജപ്പാന് സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി.
ആനയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവിടുത്തെ കുട്ടികള്‍ ആനയെ കണ്ടിട്ടില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. തിരികെ ഇന്ത്യയിലെത്തിയ അദ്ദേഹം ഇവിടെ നിന്ന് ഒരു ആനക്കുട്ടിയെ ജപ്പാനിലെ കുട്ടികള്‍ക്ക് സമ്മാനമായി അയച്ചുകൊടുത്തു. സ്വന്തം മകളെപ്പോലെ ലോകത്തെ എല്ലാ കുഞ്ഞുങ്ങളെയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്ത മഹാനായ വ്യക്തിയായിരുന്നു ചാച്ചാ നെഹ്രു. അതുകൊണ്ടാണ് കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാജി എന്ന് ഇന്നും വിളിക്കുന്നത്. അദ്ദേഹത്തിന്റെ ജډദിനമാണ് നാം ശിശുദിനമായി ആചരിക്കുന്നത്.
ഒരു വര്‍ഷത്തേക്കാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ കൃഷിചെയ്യുക. പത്ത് വര്‍ഷത്തേക്കാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. ഒരു നൂറ്റാണ്ടിലേക്കാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ കുട്ടികളെ നന്നായി വളര്‍ത്തുക. ചാച്ചാജിയുടെ അവിസ്മരണിയമായ വാക്കുകളാണിത്. എത്രയോ മഹത്തായ ഒരു കാര്യമാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞുവെച്ചത്. വാചകകസര്‍ത്ത് മാത്രമായിരുന്നില്ല അതെന്ന് അദ്ദേഹം തെളിയിച്ചു. ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ഐ.ഐ.ടി പോലെയുള്ള ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അദ്ദേഹം ആരംഭിക്കുകയും ചെയ്തു.
ഒരിക്കല്‍ ചാച്ചാ നെഹ്രു ഒരു അനാഥാലയം സന്ദര്‍ശിച്ച് കടന്നുപോകുമ്പോള്‍ ഓര്‍ഫേനജ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു. ആ വാക്ക് അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ചു. ആ ബോര്‍ഡ് അപ്പോള്‍ തന്നെ അവിടെ നിന്ന് നീക്കം ചെയ്യുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനുശേഷം അദ്ദേഹം ആ അനാഥാലയത്തിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളുടെയും പിതൃത്വം ഏറ്റെടുക്കുകയും കുട്ടികളെ സംരക്ഷിക്കുവാനുള്ള യഥോചിതമായ നടപടികള്‍ കൈകൊള്ളുകയും ചെയ്തു.
നിങ്ങള്‍ ശിശുക്കളെപ്പോലെയാകുവിന്‍, ശിശുക്കളെപ്പോലെയാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തുകയില്ല എന്നാണ് ബൈബിള്‍ സൂചിപ്പിക്കുന്നത്. കാരണം
പിള്ള മനസ്സില്‍ കള്ളമില്ല എന്ന ഒരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. സത്യമാണ് കുഞ്ഞുങ്ങളുടെ മനസ്സില്‍ കള്ളമില്ല. അവര്‍ക്ക് സ്വാര്‍ത്ഥതയില്ല. ഉള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കും.
വിദ്വേഷവും വെറുപ്പുമില്ല. ആരോടും കലിപ്പില്ല. ഉണ്ടെങ്കില്‍ തന്നെ അതിന് അധികകാലം ആയുസുമില്ല. എല്ലാം എളുപ്പത്തില്‍ മറക്കുകയും പൊറുക്കുകയും ചെയ്യും.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ബാല്യകാലം. കുട്ടികള്‍ പൂന്തോട്ടത്തിലെ പൂക്കളെപ്പോലയാണ്. അവരെ വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും പരിചരിക്കണം. കാരണം അവര്‍ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരډാരുമാണ് എന്ന് അതുകൊണ്ടായിരിക്കാം ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്.
ഇതൊക്കെ പറഞ്ഞാലും കുട്ടികളുടെ ബാല്യം മാതാപിതാക്കള്‍ കവര്‍ന്നെടുക്കുന്ന കാലമാണിത്. ഓരോ വര്‍ഷം കഴിയുന്തോറും കുട്ടികള്‍ക്ക് ബാല്യം കുറഞ്ഞുകുറഞ്ഞുപോകുകയാണ് എന്ന് തോന്നുന്നു. യൂട്യൂബില്‍ വൈറലായ, എടപ്പാള്‍ സി. സുബ്രഹ്മണ്യന് രചിച്ച പാവം ഉണ്ണി എന്നൊരു കവിതയുണ്ട്;
നേരമില്ലുണ്ണിക്കുനേരമില്ല.
നേരമ്പോക്കോതുവാന്‍ നേരമില്ല.
മുറ്റത്തെ മാവിന്റെ തോളിലൊന്നേറുവാന്‍
മാറിലൊന്നാടുവാന്‍ നേരമില്ല.
നെല്ലിമരത്തിലേക്കാഞ്ഞൊന്നെറിയുവാന്
കല്ലെടുത്താലമ്മ കണ്ണുരുട്ടും.
ഒരു തുള്ളിപുതുമഴയെങ്ങാനും കൊള്ളുകില്‍
ഒരു പാടുചീത്തപറയുമച്ഛന്.
അപ്പൂപ്പന് താടിയൊടൊപ്പം നടക്കുകില്‍
അപ്പൂപ്പന് പോലും വഴക്കിടുന്നു...
ഈ കവിത സത്യത്തില്‍ പഠിക്കുവാന്‍ മാത്രം വിധിക്കപ്പെട്ട, പഠനഭാരം ചുമന്നു തളരുന്ന ഇന്നത്തെ കുഞ്ഞുങ്ങളുടെ ബാല്യത്തിന്റെ നേര്‍ചിത്രമാണ്.
ചാച്ചാജി സ്വപ്നം കണ്ട ഒരു കാലമല്ല. നമ്മുടെ കുട്ടികള്‍ക്കിപ്പോള്‍ എന്നാണ് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.എത്രയോ കുട്ടികള്‍ ജീവിതത്തില്‍ നിന്ന് പിരിമുറുക്കം കൊണ്ട് സ്വയം വിടവാങ്ങുന്നു...എത്രയോ കുട്ടികള്‍ പഠിക്കുവാന്‍ കഴിയാതെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തെരുവുകളില്‍ കൈനീട്ടുന്നു. എത്രയോ കുഞ്ഞുങ്ങള്‍ ആക്രമത്തിനും പീഡനത്തിനും ഇടയാകുന്നു. ഈ കാഴ്ചകള്‍ കാണുമ്പോള്‍ മധുസുദനന്‍ നായരുടെ ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വരവിലാപം എന്ന വാക്കുകളാണ് ഓര്‍മ്മവരിക. സത്യമതാണ് കുഞ്ഞുങ്ങളുടെ നിലവിളികള്‍കേട്ട് ദൈവം പോലും കണ്ണീരൊഴുക്കുകയാണ്.
സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന പരിഗണന തന്നെയാണ് ഒരു സമൂഹത്തിന്റെ, സംസ്ക്കാരത്തിന്റെ ഔന്നത്യത്തിന്റെ സൂചന എന്ന സത്യം നമുക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല.
Send your feedback to : onlinekeralacatholic@gmail.com