പാക്കിസ്ഥാനില്‍ 13 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 44 കാരന് വിവാഹം കഴിച്ചു; വ്യാപക പ്രതിഷേധം
റിപ്പോര്‍ട്ടര്‍ - നവംബര്‍ 2020
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി കോടതിയുടെ ഒത്താശയോടെ വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. കറാച്ചിയില്‍ വെറും 13 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 44 കാരനായ അലി അസ്ഹര്‍ എന്ന മുസല്മാന് തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചതിനെ ശരിവെച്ചുകൊണ്ട് സിന്ധ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ലോകവ്യാപകമായ പ്രതിഷേധം.
ആര്‍സു രാജ എന്ന തന്റെ മകളെ കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് തളര്‍ന്നുവീഴുന്ന അവളുടെ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആ അമ്മയുടെ മനംതകര്ന്നുള്ള, കരളലിയിക്കുന്ന വിലാപം മനസാക്ഷിയുള്ള ഏതൊരു മനുഷ്യന്റെയും കണ്ണുനനയ്ക്കുന്നതാണ്. ആ അമ്മയുടെ രോദനം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഗസല്ല ഷാഫിക്ക് എന്ന പാസ്റ്ററായിരുന്നു.
ഒക്ടോബര്‍ 13 നായിരുന്നു കറാച്ചി റെയില്‍വേ കോളനിയില്‍ നിന്നും പട്ടാപകല്‍ 13 കാരിയായ ആര്‍സു എന്ന ക്രിസ്ത്യന്‍ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ജോലിക്കുപോയ നേരത്ത് അലി അസ്കര്‍ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പെണ്‍കുട്ടി മതംമാറി 44 കാരനായ അലി അസ്കറിനെ വിവാഹം കഴിച്ചുവെന്ന് പോലീസ് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അതേതുടര്ന്ന് ആര്‍സുവിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു.
എന്നാല്‍, ഒക്ടോബര്‍ 27 ന് കോടതി പ്രതിയ്ക്ക് അനുകൂലമായ വിധിപ്രഖ്യാപിച്ചുകൊണ്ട് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചു. പെണ്‍കുട്ടി സ്വമനസ്സാലേ മതംമാറി തന്നെ വിവാഹം കഴിച്ചുവെന്ന പ്രതിയുടെ വാദം കോടതി ശരിവെക്കുകയും പ്രതിയായ അലി അസ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് വിധിക്കുകയും ചെയ്തു. വിധികേട്ട് പെണ്‍കുഞ്ഞിന്റെ മാതാവ് ബോധരഹിതായായി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കാണാന്‍ പോലും മാതാപിതാക്കളെ അനുവദിച്ചില്ല. അതേസമയം അമ്മയുടെ അടുത്തേക്ക് ഓടാന്‍ തുടങ്ങിയ കുഞ്ഞിനെ പ്രതി പിടിച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെണ്‍കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് മാതാപിതാക്കള്‍ ഹാജരാക്കിയെങ്കിലും കോടതി പരിഗണിച്ചില്ല.
കേടതിവിധി പാക്കിസ്ഥാനിലെ ക്രൈസ്തവരെ ഞെട്ടിച്ചു. കറാച്ചിയില്‍ നടന്ന സമാധാനപരമായ പ്രതിഷേധത്തില്‍ നൂറുക്കണക്കിന് ഹതാശരായ ക്രൈസ്തവര്‍ പങ്കെടുത്തു.
കര്‍ദ്ദിനാള്‍ ജോസ്ഫ് കുട്ടോസ് സംഭവത്തെ അതിനിശിതമായി വിമര്‍ശിച്ചു. പെണ്‍കുട്ടിക്ക് സിന്ധ് അധികാരികളും പോലീസും ജുഡീഷ്യറിയും നീതി നടത്തിക്കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത ക്രൈസ്തവ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം കൂടാതെ വിധിപ്രഖ്യാപിച്ചതിനെ കറാച്ചി അതിരൂപത വികാര്‍ ജനറാള്‍ ഫാ. സലേഹ് ഡിയേഗാ വിമര്‍ശിച്ചു. കോടതിയില്‍ നടന്നത് മ്ലേച്ഛവും അപലനീയവുമായ നടപടിയാണെന്നും കോടതി പെണ്‍കുഞ്ഞിന്റെ പ്രായം പരിഗണിക്കാതെയാണ് തട്ടിക്കൊണ്ടുപോയവനൊപ്പം പോകാന്‍ വിധിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് കുട്ടിയുടെ ജനനം 2007 ലാണ് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബിന്ധിച്ച് വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്നും പാക്കിസ്ഥാനിലെ മതന്യുനപക്ഷങ്ങള്‍ രീതിയിലാണെന്നും അദ്ദേഹം പറ്ഞ്ഞു.
ഇത് നീതിക്കും നിയമത്തിനുമെതിരായ വെല്ലുവിളിയാണെന്ന് ക്രൈസ്തവ അഭിഭാഷകനായ സലീം മൈക്കിള്‍ അഭിപ്രായപ്പെട്ടു. ഞങ്ങളുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കുകയില്ലെന്നും 9-15 വയസിനിടയിലുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകാന്‍ കഴിയില്ലെന്നുള്ള സിന്ധിലെ നിയമം ലംഘിച്ചുകൊണ്ടാണ് മതത്തിന്റെ മറവില്‍ മജിസ്ട്രേറ്റ് വിധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനില്‍ ഹൈന്ദവ-ക്രിസ്ത്യന്‍ ന്യൂനപക്ഷസമുദായങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കോടതിയുടെ ഒത്താശയോടെ വിവാഹം ചെയ്യുന്നത് പതിവാണ്. ഏതാനും നാള് മുമ്പ് തട്ടിക്കൊണ്ടുപോയവനൊപ്പം പോകാന്‍ കോടതി വിധിച്ച പ്രായപൂര്‍ത്തിയാകാത്ത മരിയ എന്ന പെണ്‍കുട്ടിയുടെ കദനകഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയവനെ ഭര്‍ത്താവായി സ്വീകരിക്കുവാന്‍ കോടതി വിധിച്ചെങ്കിലും ആ പെണ്‍കുട്ടി തടവില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയാണ്.