തങ്ങളുടെ കുഞ്ഞുങ്ങളെയും താലിബാന് കൊണ്ടുപോകുമോ? ഭയചകിതരായി അഫ്ഗാനിസ്ഥാനിലെ നാമമാത്ര ക്രൈസ്തവര്‍.
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഓഗസ്റ്റ് 2021
അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയില്‍ 99 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. അവശേഷിക്കുന്ന ഒരു വിഭാഗത്തില്‍ ക്രൈസ്തവരും ബുദ്ധിസ്റ്റുകളും, ഹിന്ദുക്കളും ബഹായിസ് എന്ന വിഭാഗവും ഉള്‍പ്പെടുന്നു. ഒരു ജൂതമതവിശ്വാസിയും അഫ്ഗാനിസ്ഥാനിലുണ്ട്. പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ ക്രൈസ്തവരാണ് അഫ്ഗാനിലുള്ളത്. അതില്‍ കത്തോലിക്കര്‍ വെറും 200 മാത്രമാണ്. അവിടുത്തെ ക്രൈസ്തവരില്‍ ഭൂരിഭാഗവും ഇസ്ലാമില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ചവരാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് മുമ്പേ ഉണ്ടായിരുന്ന നിയമംപോലും മതംമാറുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതായിരുന്നു. ലോകത്ത് ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമത്തെ സ്ഥാനമാണ് അഫ്ഗാനിസ്ഥാനുള്ളത്. കൊടിയ പീഡനം അനുഭവിച്ചുപോരുന്ന അവിടുത്തെ ക്രൈസ്തവര്‍ പൊതുജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും സമൂഹത്തില്‍ നിന്ന് അകന്നുകഴിയുകയും ചെയ്യുന്നവരാണ്. അഫ്ഗാനിസ്ഥാനിലെ തീവ്രവാദഗ്രൂപ്പുകള്‍ എപ്പോഴും ലക്ഷ്യമിടുന്നത് ഇസ്ലാമതം വിട്ടുപോയവരെയാണ്.
താലിബാന് ഭരണം പിടിച്ചെടുത്തതോടെ അവിടുത്തെ നാമമാത്രമായ ക്രൈസ്തവരുടെ ഭാവി അനിശ്ചിതത്തിലായി. ഭയചകിതരായി കഴിയുകയാണ് അവിടുത്തെ ക്രൈസ്തവരെന്ന് അവിടുത്തെ ക്രൈസ്തവ നേതാക്കളും ബന്ധപ്പെട്ട സംഘടനകളും പറയുന്നു. ഏതായാലും ക്രൈസ്തവരോട് വീടുകളില്‍ തന്നെ കഴിയുവാനും പുറത്തിറങ്ങുന്നത് അപകടകരമാണെന്നും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത അവിടുത്തെ ക്രൈസ്തവ നേതാക്കള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോടു പറഞ്ഞു. പേരു വെളിപ്പെടുത്താത് സുരക്ഷയെ കരുതിയാണ്.
താലിബാന് ഉടന്‍ തന്നെ ക്രൈസ്തവരെ അക്രമിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും എപ്പോഴാണ് അക്രമിക്കപ്പെടുക എന്ന കാര്യം മാത്രമേ അറിയേണ്ടതുള്ളെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുന്നത് മാഫിയ സ്റ്റൈലിലായിരിക്കും. കൊലപാതകം നടത്തുകയും ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
ഇതിനകം തന്നെ ക്രൈസ്തവര്‍ക്ക് ഫോണിലൂടെ താലിബാന്റെ ഭീഷണി ലഭിച്ചുകഴിഞ്ഞു. ഞങ്ങളിതാ വരുന്നു എന്നാണ് പല ക്രൈസ്തവരെയും വിളിച്ച് അവര്‍ ഭീഷണിപ്പെടുത്തുന്നത്.
താലിബാന്റെ കീഴില്‍ ക്രൈസ്തവരുടെ ജീവിതം നരകതുല്യമാകുമെന്ന് ക്രൈസ്തവനേതാക്കള്‍ മുന്നറിയിപ്പുനല്കുന്നു. താലിബാന് ഒരു ഗ്രാമം പിടിച്ചടക്കിയാല്‍ ആ ഗ്രാമത്തിലെ എല്ലാവരോടും മോസ്കിലേക്ക് പോകുവാന്‍ ആവശ്യപ്പെടും. അപ്പോള്‍ ക്രൈസ്തവരെ തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
താലിബാന് തങ്ങളുടെ കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോകുമോ എന്ന ഭയത്തിലാണ് അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍. നൈജീരിയയിലും സിറിയയിലും തീവ്രവാദികള്‍ ചെയ്തിരുന്നതുപോലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവര്‍ കൊണ്ടുപോകും. പെണ്‍കുട്ടികളെക്കൊണ്ട് അവര്‍ താലിബാന് തീവ്രവാദികളെ വിവാഹം കഴിപ്പിക്കുകയും ആണ്‍കുട്ടികളെ അവര്‍ താലിബാന് പോരാളികളാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
അഫ്ഗാനിസ്ഥാനിലെ എല്ലാവര്ക്കും ഇത് ഹൃദയഭേദകമായ നിമിഷങ്ങളാണെന്നും ക്രൈസ്തവരെ സംബന്ധിച്ച് അതിഭീകരമായ അവസ്ഥയാണെന്നും അവിടുത്തെ പീഡിത ക്രൈസ്തവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഡോര്‍സ് ഇന്‍ ഏഷ്യ എന്ന സംഘടനയുടെ ഫീല്‍ഡ് ഡയറക്ടര്‍ പറയുന്നു.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന് താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. ആ കാലത്ത് ശരിയ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്നു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനോ, വിദ്യാഭ്യാസം നേടാനോ അനുവദിച്ചിരുന്നില്ല.
അന്തര്‍ദ്ദേശീയ സമൂഹം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ശബ്ദം ഉയര്‍ത്തണമെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന ആഹ്വാനം ചെയ്യുന്നു. മതസ്വാതന്ത്ര്യം ഇവിടെ വളരെ വലിയ വെല്ലുവിളി നേരിടുമെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ന്ഗെല്ഡം പറയുന്നു. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഈ സമയത്ത് അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ അനുമാനത്തില്‍ അഫ്ഗാനിസ്ഥാനില്‍ പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെന്നും തീവ്ര ഇസ്ലാമത നിലപാടുകളെടുക്കാത്തവരുടെ ജീവിതം അപകടത്തിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
Send your feedback to : onlinekeralacatholic@gmail.com