മോസൂളില്‍ വീണ്ടും ദേവാലയ മണി മുഴങ്ങുമ്പോള്‍
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2021
ഇറാക്കിലെ മോസൂളില്‍ 2014 ന് ശേഷം ആദ്യമായി ദേവാലയമണി മുഴങ്ങി. സുദീര്‍ഘമായ ഇടവേളയക്ക് ശേഷം ആദ്യത്തെ മണിമുഴങ്ങിയത് മോസൂളിലെ മാര്‍ തോമസ് സിറിയന്‍-കത്തോലിക്ക ദേവാലയത്തിലാണ്.
പീഡനങ്ങളേറ്റുവാങ്ങി തകര്‍ന്നുപോയ ക്രൈസ്തവസഭയ്ക്ക് പുത്തനുണര്‍വായി മാറുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് മോസൂളിലെ ദേവാലയത്തില്‍ നിന്നും വീണ്ടും ഉയര്‍ന്ന മണിമുഴക്കം. മാര്‍പാപ്പ മോസൂള്‍ സന്ദര്‍ശിച്ച് ഏതാണ്ട് ആറ് മാസം പൂര്‍ത്തിയായപ്പോഴാണ് മോസൂളില്‍ നിന്നും ദേവാലയമണി വീണ്ടും മുഴങ്ങുന്നത്.
ഒരു കാലത്ത് കത്തോലിക്ക സഭയുടെ ഈറ്റില്ലമായിരുന്ന ഇറാക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പിടിമുറുക്കിയതോടെ അനേകം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അവശേഷിച്ചവര്‍ ജീവനും കൊണ്ട് പലായനം ചെയ്യുകയുമായിരുന്നു.
ഇറാക്കിലെ ചെറിയ ക്രൈസ്തവസമൂഹം നശിപ്പിക്കപ്പെട്ടതെല്ലാം പുനര്‍നിര്‍മ്മിക്കുവാനുള്ള വെമ്പലിലാണെന്ന് ഇടവക വികാരി പിയൂസ് അഫാസ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാവര്ക്കും പുതിയ ദേവാലയ മണിനാദം പുത്തനുണര്‍വ് നല്കിയിരിക്കുന്നു. അത് പുതിയൊരു തുടക്കമാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ദേവാലയവും അതിന്റെ അടിത്തറയും അള്‍ത്താരയും പ്രതിമകളും എല്ലാം തകര്ത്തുതരിപ്പണമാക്കിയിരുന്നു. എന്തിന് ദേവാലയത്തിലെ ബൈബിളും പുസ്തകങ്ങളുമെല്ലാം ചാമ്പലാക്കി.
2018 ജൂലൈ 3 നാണ് ഫാ. പീയൂസ് ദേവാലയത്തില്‍ തിരിച്ചെത്തിയത്. നഷ്ടപ്പെട്ടതെല്ലാം ഒരുമിച്ചുകൂട്ടുകയായിരുന്നു പിന്നീട് അദ്ദേഹം ചെയ്തത്. ഇവിടെ നടന്ന എല്ലാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഫ്രറ്റേണറ്റ ഇന്‍ ഇറാക്ക് അസോസിയേഷന് സഹായിച്ചിരുന്നു. ക്രൈസ്തവര്‍ക്കും യസീദികള്‍ക്കും സഹായങ്ങള്‍ നല്കുന്ന സംഘടനയാണത്. അവരുടെ സഹായത്തോടെയാണ് ലബനോനില്‍ നിന്നും ഈ ദേവാലയമണി ഇവിടെയെത്തിക്കാന്‍ കഴിഞ്ഞതെന്നും ഫാ. പീയൂസ് പറഞ്ഞു.
2000 വര്‍ഷത്തിലധികമായി ക്രൈസ്തവര്‍ ഇറാക്കിലുണ്ടായിരുന്നു. ഇസ്ലാം അവിടെയെത്തുന്നതിനുമുമ്പേ ക്രൈസ്തവര്‍ ഇറാക്കിലുണ്ടായിരുന്നു. ഒടുവില്‍ ക്രൈസ്തവരെല്ലാം ഈ നാട്ടില്‍നിന്നും പുറത്താക്കപ്പെട്ടു. ഈ ദേവാലയമണി ക്രൈസ്തവരുടെ സാന്നിധ്യം വിളിച്ചോതുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം ദേവാലയനിര്‍മ്മാണം കൂടുതല്‍ വേഗത്തിലാക്കി. ഇറാക്ക് സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ദേവാലയങ്ങളും മോസ്ക്കുകളും പുനര്നിര്മ്മിക്കുവാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഫാദര്‍ പറഞ്ഞു.
മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം എല്ലാവരേയും സ്പര്‍ശിച്ചിരുന്നു. ദേവാലയം നശിച്ചുകിടക്കുന്നതുകണ്ട് മാര്‍പാപ്പ വിതുമ്പിയിരുന്നെന്നും വളരെ മഹത്തായ ഒരു പ്രസംഗമാണ് മാര്‍പാപ്പ നല്‍കിയതെന്നും അദ്ദേഹം അനുസ്മരിച്ചു.
ദേവാലയം പുനരുദ്ധരിക്കുന്നുവെങ്കിലും ഇവിടെ അവശേഷിക്കുന്നത് വെറും 30 കുടുംബങ്ങള്‍ മാത്രമാണ്. അവരാകട്ടെ കുര്ദ്ദിസ്ഥാനിലാണ് താമസിക്കുന്നത്. അവിടെ നിന്നാണ് അവര്‍ ദേവാലയമണിയുടെ ഉത്ഘാടനത്തിന് എത്തിയത്. ഒരു ദിവസം അവര്‍ മടങ്ങിയെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സദാം ഹുസൈന്റെ കാലത്ത് ഇറാക്കില്‍ 15 ലക്ഷം ക്രൈസ്തവരുണ്ടായിരുന്നു ഇറാക്കില്‍.
Send your feedback to : onlinekeralacatholic@gmail.com