കന്യാസ്ത്രികള്‍ക്ക് നേരെയുണ്ടായ അക്രമം അപലപനീയം: സീറോ മലബാര്‍ സഭ
ഫാ. അലക്സ് ഓണംപള്ളി, മീഡിയ കമ്മീഷന് സെക്രട്ടറി - മാര്‍ച്ച് 2021
ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലനീയമെന്ന് സീറോ മലബാര്‍ സഭ. മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലെ റൂര്‍ക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്സിലെ നാല് സന്യാസിനിമാര്‍ക്കാണ് ഉത്തര്‍പ്രദേശിലെ ത്ഡാന്സിയില് വച്ച് ദുരനുഭവമുണ്ടായത്.
റൂര്‍ക്കലയില്‍ നിന്നുള്ള 19 വയസുള്ള രണ്ട് സന്യാസാര്‍ത്ഥിനിമാരെ അവധിക്ക് നാട്ടില്‍ കൊണ്ടുചെന്നാക്കാന്‍ കൂടെ പോയവരായിരുന്നു ഒരു മലയാളി ഉള്‍പ്പെടെയുള്ള മറ്റ് രണ്ടു യുവസന്യാസിനിമാര്‍. യാത്രയ്ക്കിടയില്‍ സന്യാസാര്‍ത്ഥിനികള്‍ രണ്ടുപേരും സാധാരണ വസ്ത്രവും മറ്റു രണ്ടുപേര്‍ സന്യാസവസ്ത്രവുമാണ് ധരിച്ചിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡല്‍ഹിയില്‍നിന്നും തിരിച്ച അവര്‍ വൈകിട്ട് ആറരയോടെ ത്ഡാന്‍സി എത്താറായപ്പോള്‍ തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്റാംഗ്ദള് പ്രവര്‍ത്തകര്‍ അകാരണമായി അവര്‍ക്ക് നേരെ കുറ്റാരോപണങ്ങള്‍ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാര്‍ത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ ആരോപണം. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാര്‍ത്ഥിനികളുടെ വാക്കുകളെ അവര്‍ മുഖവിലയ്ക്കെടുത്തില്ല.
ത്ഡാന്‍സി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബജ്റാംഗ്ദള് പ്രവര്‍ത്തകര്‍ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തി സന്യാസിനികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്ത് വലിയ ശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നുറുക്കണക്കിന് ബജറാംഗദള് പ്രവര്‍ത്തകര്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് സന്യാസിനികളെ മോചിപ്പിച്ചത്. തുടര്‍ന്ന് ത്ഡാന്‍സി ബിഷപ്സ് ഹൗസിലേക്ക് ഇവരെ മാറ്റുകയും പിറ്റേന്ന് ഡല്‍ഹിയില്‍നിന്ന് പ്രൊവിഷ്യല്‍ സിസ്റ്റര്‍ എത്തുകയും തുടര്‍യാത്രയ്ക്ക് സൗകര്യമൊരുക്കുകയുമായിരുന്നു. പിറ്റേദിവസം അതേ ട്രെയിനില്‍ റെയില്‍വേ പോലീസ് പ്രൊട്ടക്ഷനില്‍ വികലാംഗര്‍ക്കുള്ള കോച്ചില്‍ രണ്ടുസീറ്റിലായി നാലുപേര്‍ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കിയത്.
കുറഞ്ഞ സമയത്തിനുള്ളില്‍ 150-ഓളം ആളുകള്‍ സ്റ്റേഷനില്‍ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിനു പിന്നിലും ഗൂഡാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ തീവ്ര വര്‍ഗ്ഗീയതയ്ക്ക് കീഴ്പ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് ത്ഡാന്സിയില് നാല് സന്യാസിനിമാര്‍ക്കുണ്ടായ അനുഭവം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് സന്യാസ്തരാണ്. ഇവരുടെ ജീവനും സഞ്ചാര സ്വാതന്ത്ര്യവും അപകടപ്പെടുത്താന്‍ തീവ്രവര്ഗ്ഗീയവാദികള് നടത്തുന്ന അക്രമ സംഭവങ്ങളെ സര്‍ക്കാര്‍ ഗൗരവമായി നേരിടണമെന്ന് സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു. അക്രമികളെ നിലയ്ക്കുനിര്‍ത്താനും സന്യസ്തരുടെ സുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം.
Send your feedback to : onlinekeralacatholic@gmail.com