ആദ്യം എന്നെ വെടിവെയ്ക്കൂ... പട്ടാളത്തെ അമ്പരിപ്പിച്ച മ്യാന്മാറിലെ കന്യാസ്ത്രി
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - മാര്‍ച്ച് 2021
മ്യാന്മാറിലെ പട്ടാളഭരണത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്കുനേരെ വെടിയുതിര്ക്കാനെത്തിയ പട്ടാളക്കാര്ക്കുമുമ്പില് മുട്ടുകുത്തിനില്ക്കുന്ന സി. ആന്‍ നു തവാംഗിന്റെ ചിത്രം ലോകമെങ്ങും വൈറലായി.
മ്യാന്മാറിലെ കച്ചിന് സ്റ്റേറ്റിലെ മിത്കിയന എന്ന സ്ഥലത്താണ് കന്യാസ്ത്രീ ചെറുപ്പക്കാരുടെ ജീവനുപകരം തന്റെ ജീവന് വേണമെങ്കില്‍ എടുത്തുകൊള്ളുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് മുന്നോട്ടുവന്നത്. വെടിവെയ്ക്കരുത്. നിഷ്കളങ്കരെ വെടിവെയ്ക്കരുത്. വേണമെങ്കില്‍ എന്നെ വെടിവെച്ചുകൊള്ളു എന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ധീരയായ ആ കന്യാസ്ത്രി പാഞ്ഞുവന്ന ട്രൂപ്പിനമുമ്പില് മുട്ടുകുത്തി.
സിസ്റ്റര്‍ ആനിന്റെ അപ്രതീക്ഷിതമായ പ്രവൃത്തി പട്ടാളക്കാരെ അമ്പരിപ്പിച്ചു. അവര്‍ മുന്നോട്ട് വരാതെ പിന്തിരിഞ്ഞു. സിസ്റ്റര്‍ ആനിന്റെ സമയോചിതവും ധീരവുമായ ഇടപെടല്‍ നൂറോളം ചെറുപ്പക്കാരുടെ ജീവന് രക്ഷിക്കുകയും ചെയ്തു.
സിസ്റ്റര്‍ ആന്‍ നു താംഗ് ഇന്ന് സഭാ നേതാക്കന്മാര്ക്ക് മാതൃകയാണെന്ന് മ്യാന്മാറിലെ കത്തോലിക് ന്യൂസ്പേപ്പറായ ഗ്ലോറിയ ന്യൂസ് ജേണല്‍ അഭിപ്രായപ്പെടുന്നു. ബിഷപ്പുമാരോടും വൈദികരോടും അവരുടെ കംഫര്‍ട്ട് സോണുകള്‍ വിട്ടുപേക്ഷിച്ച് സിസ്റ്റര്‍ ആനിന്റെ ധീരമായ മാതൃക പിന്തുടരുവാന് ന്യൂസ്പേപ്പര്‍ അഭ്യര്‍ത്ഥിച്ചു.
സിസ്റ്റര്‍ ആനിന്റെ ഇടപെടല്‍ മൂലം നൂറിലധികം പ്രതിഷേധക്കാരുടെ ജീവന് രക്ഷിക്കാനായി എന്നുമാത്രമല്ല കോണ്‍വെന്റ് തുറന്ന് അവര്‍ക്ക് അഭയമരുളിയതിനാല് അവരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.
അതേസമയം വൈദികരോടും കന്യാസ്ത്രീമാരോടുമൊപ്പം മണ്ഡാലയ് എന്ന സ്ഥലത്ത് നൂറുക്കണക്കിന് കത്തോലിക്കവിശ്വാസികള് രാജ്യത്തെ അനിശ്ചിതാവസ്ഥയ്ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് ജപമാല റാലി നടത്തി.
സമാധാനമാണ് ഒരേയൊരു മാര്‍ഗ്ഗമെന്നും സമാധാനം സാധ്യമാണെന്നുമാണ് സഭയുടെ നിലപാടെന്ന് യാംഗോണിലെ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മൗംഗ് ബേ പറഞ്ഞു.
ഫെബ്രുവരി 1 നാണ് മ്യാന്മാറില് പട്ടാളം ഭരണം പിടിച്ചെടുത്ത്. പട്ടാളഭരണത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പട്ടാളം വെടിവെക്കുകയും 20 ഓളം പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Send your feedback to : onlinekeralacatholic@gmail.com