കോവിഡ് പ്രതിരോധം:സഭാംഗങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ പാലിക്കണം - കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഏപ്രില്‍ 2021
കോവിഡ് 19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സ്വാഗതം ചെയ്ത് സര്‍ക്കാരിന് പിന്തുണ അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചു സഭാംഗങ്ങള്‍ കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കത്തോലിക്ക സഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്സിനേഷനും നടക്കുന്നു.
വൈറസ് വ്യാപനത്തിന്റെ വര്‍ധന കണക്കിലെടുത്തു കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുക്കും.
കത്തോലിക്ക ദേവാലയങ്ങളില്‍ ആരാധനകര്‍മ്മങ്ങള്‍ നടത്തേണ്ടതും ദേവാലയകര്മ്മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാനസര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം.
കുമ്പസാരം, രോഗിലേപനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ കോവിഡ് ബാധിതര്‍ക്കായി വൈദികര്‍ പരികര്‍മ്മം ചെയ്യുമ്പോള്‍ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണം.
ഈ മഹാവിപത്തിനെ നേരിടുന്നതിനായി എല്ലാവരും തീക്ഷണമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. കത്തോലിക്കസഭയും മറ്റു സഭകളും ഒന്നുചേര്‍ന്ന് 2021 മെയ് 7 ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്ക മെത്രാന് സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
സര്‍ക്കാരിനോടു സഹകരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കെസിബിസി ഹെല്‍ത്ത് കമ്മീഷന്റെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
Send your feedback to : onlinekeralacatholic@gmail.com