ഇറ്റലിയില്‍ അപ്രത്യക്ഷമാകുന്ന മറ്റേണിറ്റി വാര്‍ഡുകള്‍;ചൈനയിലെ പ്രേതനഗരങ്ങള്‍; മനുഷ്യവര്‍ഗ്ഗം നാശത്തിലേക്കോ?
ജോര്‍ജ് കെ.ജെ - മെയ് 2021
ഒരു കാലത്ത് കുതിച്ചുയരുന്ന ജനസംഖ്യ പരിസ്ഥിതിയുടെയും മാനവരാശിയുടെ തന്നെയും നാശത്തിന് കാരണമാകുന്നായിരുന്നു ജനസംഖ്യാ വിദഗ്ദ്ധന്മാര് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ അവികസിത രാജ്യങ്ങളിലെ ജനനനിരക്ക് കുറയ്ക്കുവാനായി വികസിത രാജ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഫണ്ടിറിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ സംഗതി തലതിരിഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളും ജനനനിരിക്കിലെ അമിതമായ കുറവ് കണ്ട് തലകറങ്ങുകയാണ്. കുറയുന്ന ജനനനിരക്കിനെക്കുറിച്ച് ആകുലപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആകുലതകള്‍ സമ്മാനിക്കുന്നതാണ് താഴെപറയുന്ന സംഭവങ്ങള്‍.
ഇറ്റലിയിലെ കപ്രാകോട്ട എന്ന ചെറിയ പട്ടണത്തിലെ സ്കൂള്‍ അടുത്തകാലത്ത് നഴ്സിംഗ് ഹോം ആക്കി മാറ്റി. നോര്‍ത്ത് ഈസ്റ്റ് ചൈനയിലെ ഹെഗാംഗ് എന്ന നഗരം താമസക്കാരില്ലാത്തതിനാല്‍ പ്രേതനഗരമായി മാറി. അവിടെ വീടുകള്‍ക്ക് കാബേജിന്റെ വില പോലുമില്ല, എന്നിട്ടും വാങ്ങാന്‍ ആളില്ല. ജപ്പാനില്‍ കുട്ടികള്‍ക്കുള്ള ഡയപ്പറുകളെക്കാള് കൂടുതല്‍ ഡിമാന്‍ഡ് പ്രായമായവര്‍ക്കുള്ള ഡയപ്പറുകള്ക്കാണ്. സ്വീഡനില്‍, സ്കൂളുകള്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ താല്പര്യം വൃദ്ധമന്ദിരങ്ങള്‍ പണിയുന്നതിനാണ്. പ്രസവിക്കാനാളില്ലാതെ ഹോസ്പിറ്റലുകള്‍ നഷ്ടത്തിലായതു കാരണം ഇറ്റലിയില്‍ ചില ഹോസ്പിറ്റലുകളില്‍ മറ്റേണിറ്റി വാര്‍ഡുകള്‍ അപ്രത്യക്ഷമായി തുടങ്ങി. സൗത്ത് കൊറിയയിലെ യുനിവേഴ്സിറ്റികളില്‍ പഠിക്കാന്‍ ആവശ്യത്തിന് വിദ്യാര്ത്ഥികളില്ലാതായി. ജര്‍മ്മനിയില്‍ ആളില്ലാത്ത വീടുകള്‍ ഇടിച്ചുനിരത്തി പാര്ക്കുകളാക്കുന്നു. ഏതായാലും ജനനനിരക്ക് കുറയുന്നത് വംശനാശത്തിന്റെ മുന്നറിയിപ്പുകളാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനും സ്പെയിനും മാത്രമായിരുന്നു ഇടിയുന്ന ജനനനിരക്കിനെയോര്ത്ത് വിലപിച്ചിരുന്നതെങ്കില് ഇന്ന് ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളും ജനസംഖ്യ മുരടിപ്പിനെ നേരിടുകയാണ്. ആദ്യത്തെ ബെര്‍ത്ത് ഡേ പാര്‍ട്ടികള്‍ കബറടക്കത്തെക്കാള് അപൂര്‍വ്വമാകുന്ന കാലം വിദൂരമല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടാം പാദമാകുമ്പോഴക്കെും ചിലപ്പോള്‍ അതിനുമുമ്പോ, ആഗോള ജനന നിരക്ക് ആദ്യമായി സ്ഥിരമായ താഴ്ചയിലേക്ക് നിപതിക്കാന്‍ തുടങ്ങും ന്നാണ് ഡിമോഗ്രാഫിക് പണ്ഡിതന്മാര് പറയുന്നത്. ജനനനിരക്ക് കുറയുമ്പോള്‍, വളര്‍ന്നുവരുന്ന കുറച്ച് പെണ്‍കുട്ടികള്‍ മാത്രമായിരിക്കും മക്കള്‍ക്ക് ജന്മം നല്കാനാഗ്രഹിക്കുക, അവരാകട്ടെ അവരുടെ മാതാപിതാക്കളെ പോലെ ചെറിയ കുടുംബം തിരഞ്ഞെടുക്കുകയും ചെയ്യുമ്പോള്‍ ജനനിരക്ക് പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ അതിവേഗം താഴേക്ക് നിപതിക്കും. ഈ പതനത്തെ മലമുകളില്‍ നിന്ന് താഴേക്ക് നിപതിക്കുന്ന പാറക്കല്ലിന്റെ പതനത്തോടാണ് അവര്‍ ഉപമിക്കുന്നത്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള കുടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ സംലഭ്യമാകുകയും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കുകയും ദമ്പതികള്‍ ഗര്‍ഭധാരണം വൈകിപ്പിക്കുകയും ചെയ്യുന്നതാണ് ജനനിരക്കിലെ ഭയാനകമായ കുറവിന് കാരണം എന്നാണ് പണ്ഡിതന്മാര് വിലയിരുത്തുന്നത്.
ധീരമായി ജനനനിരക്കിനെ പ്രോത്സാഹിക്കുന്ന നയവും അറിവും സംസ്ക്കാരവുമാണ് നമുക്കാവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇടിയുന്ന ജനസംഖ്യയെക്കുറിച്ച് ഇറ്റലിയില്‍ നടന്ന കോണ്ഫ്രന്സില് ഓര്‍മ്മപ്പെടുത്തിയിരുന്നു.
Send your feedback to : onlinekeralacatholic@gmail.com