അടച്ചിട്ട ദേവാലയത്തിന്റെ കിളിവാതിലിലൂടെ കുര്‍ബാന കാണുന്ന അമ്മച്ചി വൈറലാകുന്നു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഏപ്രില്‍ 2021
കോവിഡ് മഹാമാരി ഭീകരതാണ്ഡവം നടത്തിയ ബ്രസീലിലെ പാറ്റോസ് നഗരത്തിലെ ദേവാലയത്തില്‍ നിന്ന് ആരോ പകര്‍ത്തിയതാണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രം. കോവിഡ് കാരണം ദേവാലയം അടച്ചിട്ട പശ്ചാത്തലത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന ഒരു അമ്മച്ചി ജനവാതിലിലൂടെ കുര്‍ബാന കാണുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ ആരോ പങ്ക് വെച്ചത്. അപാരമായ ദിവ്യകാരുണ്യസ്നേഹത്തിന്റെ ആ ചിത്രം ലോകമെമ്പാടും പെട്ടെന്നുതന്നെ കൊറോണ പോലെ വൈറലായി.
മാര്‍ച്ച് മാസത്തില്‍ പാറ്റോസിലെ ഔര്‍ ലേഡി ഓഫ് ദ സ്നോസ് ഇടവകയിലാണ് സംഭവം. ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളെ അനുവദിച്ചിരുന്നില്ല. ആ സമയത്താണ് ദിവ്യകാരുണ്യഭക്തയായ ഈ സ്ത്രീ വാക്കറില്‍ വന്ന് പുറത്ത് നിന്ന് ആര്‍ക്കും ഒരു ശല്യവുമില്ലാതെ കുര്‍ബാന ദൂരെനിന്ന് വീക്ഷിച്ചത്.
ഇടവക വികാരിയായ ഫാ. എസ്പെഡിറ്റോ കെയ്റ്റാനോ ദിവ്യബലി മധ്യേ കൂദാശവചനം ചൊല്ലുവാനായപ്പോഴാണ് ജനലിലൂടെ പുറത്ത് ഒരു വാക്കറില്‍ പിടിച്ചുകൊണ്ട് ദിവ്യബലിയില്‍ പങ്കുകൊളളുന്ന ആ അമ്മയെ കണ്ടത്.
ഏതായാലും ആ അമ്മയുടെ ഭക്തി കണ്ട് മനസലിഞ്ഞ വൈദികന് പുറത്തേക്ക് വന്ന് ആ അമ്മയ്ക്ക് ദിവ്യകാരുണ്യം നല്കി. ആ സമയത്ത് വൈദികന്റെ സഹായികളിലാരോ പകര്‍ത്തിയതായിരുന്നു ആ ചിത്രം.
ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പെട്ടെന്നുതന്നെ വൈറലായി. ആര്‍ക്കും ഒരു ഉപദ്രവും ഇല്ലാതെ ദൂരെ കുര്‍ബാന കാണുന്ന ആ അമ്മച്ചിയുടെ തീക്ഷണതയെ അഭിനന്ദിച്ചുകൊണ്ട് അനേകം കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഈ മഹാമാരികാലത്ത് ഇത്ര തീക്ഷണതയോടെ പ്രതിസന്ധികളെ വകവെക്കാതെ ദിവ്യബലിക്കെത്തിയ ആ അമ്മയുടെ ചിത്രം നാമോരോരുത്തരെയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്.
Send your feedback to : onlinekeralacatholic@gmail.com