ന്യുനപക്ഷക്ഷേമം:നീതി നടപ്പാക്കണം, ഒഴിഞ്ഞുമാറരുത്
ഡോ. ചാക്കോ കാളംപറമ്പില്‍ - ജൂണ്‍ 2021
ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള സ്കോളര്‍ഷിപ്പുകളും മറ്റു ധനസഹായപദ്ധതികളും വിതരണം ചെയ്തതില്‍ ഗുരുതരമായ വിവേചനം ഉണ്ടായിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിധി. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷണവും തൃണവത്ഗണിച്ചുകൊണ്ടും 1992 ലെ കേന്ദ്ര മൈനോരിറ്റി ആക്ടും 2014 ലെ സംസ്ഥാന മൈനോരിറ്റി ആക്ടും കാറ്റില്പ്പറത്തിക്കൊണ്ടുമാണ് സ്കോളര്‍ഷിപ്പുകളും മറ്റു ധനസഹായ പദ്ധതികളും വിതരണം ചെയ്തുപോന്നത്. കേരളത്തിലെ ക്രിസ്ത്യന്‍, സിക്ക്, ബുദ്ധര്‍, ജൈനര്‍, പാഴ്സി എന്നീ അഞ്ചു ന്യൂനപക്ഷങ്ങളെ നോക്കുകുത്തിയായി നിര്‍ത്തിക്കൊണ്ട് മുസ്ലിം സമുദായത്തിന് അനര്‍ഹമായാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കിപ്പോന്നത്. നഗ്നമായ ഭരണഘടനാലംഘനവും മൈനോറിറ്റി ആക്ടുകളുടെ മേലുള്ള കടന്നുകയറ്റവും ആണ് ഉണ്ടായതെന്നും ഹൈക്കോടതി വിധയില്‍ വ്യക്തമാക്കപ്പെട്ടു. ഈ സാമൂഹ്യ അനീതിയാണ് ഹൈക്കോടതി വിധിയിലൂടെ അവസാനിക്കേണ്ടത്.
ഒന്നര പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന ഈ അനീതി തിരുത്തി നീതി പുനസ്ഥാപിച്ചു കിട്ടണമെന്ന വിവിധ ക്രൈസ്തവ സംഘടനകളും സഭാസമൂഹങ്ങളും സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ക്കു മുന്നില്‍ നിരന്തരം ഉയര്‍ത്തിയ നിലവിളി ഇതുവരെ ബധിരവിലാപമായി മാറുകയായിരുന്നു. ജനാധിപത്യത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്ന ഭരണഘടനാ സംവിധാനങ്ങള്‍ക്ക് ഉണ്ടാകുന്ന വീഴ്ചകളെ ഒരു തിരുത്തല്‍ശക്തിയായി നിന്നുകൊണ്ട് നീതിന്യായ കോടതികള്‍ തിരുത്തുന്നതിന്റെ ഭാഗമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ ഇപ്പോഴത്തെ ഈ വിധി. അതു ജനാധിപത്യത്തിന്റെ കാവലാളായ നീതിന്യായ വ്യവസ്ഥിതിയുടെയും ജനാധിപത്യസംവിധാനങ്ങളുടെയും വിജയം തന്നെയാണ്.
തെറ്റുതിരുത്തിയാല്‍ സാമൂഹിക ധ്രുവീകരണമോ?
മറ്റൊരാള്‍ക്ക് അര്‍ഹതപ്പെട്ടത് അനര്‍ഹമായി പിടിച്ചെടുത്തത് തെറ്റാണ് എന്ന് കോടതി പറയുമ്പോള്‍ അത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നു എന്നു പറയുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. തെറ്റിനെ പിന്താങ്ങുന്നതാണോ, തെറ്റുതിരുത്തി സാമൂഹ്യനീതി നടപ്പാക്കണമെന്നു പറയുന്നതാണോ ഒരു സമൂഹത്തിലെ ധ്രുവീകരണത്തിന് അറുതിവരുത്തുന്നത്.
ഈ തെറ്റുതിരുത്തിയാല്‍ ഇവിടെ വര്‍ഗീയതയുടെ തീഗോളം രൂപപ്പെടുമെന്ന് നിയമനിര്‍മാണ സഭയില്നിന്നുകൊണ്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പറയാന്‍ മാത്രം നമ്മുടെ ജനാധിപത്യം അധപതിച്ചുവോ? അത്തരം പ്രസ്താവനകളെ തിരുത്തുവാന്‍ ആര്‍ജ്ജവമുള്ള നേതൃത്വങ്ങള്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇല്ലേ?
കമ്മിറ്റികള്‍ക്ക് നല്‍കിയത് ശിപാര്‍ശ മാത്രം
2005 ലെ സച്ചാര്‍ കമ്മിറ്റിയും തുടര്‍ന്ന് സംസ്ഥാനത്തു വന്ന പാലോളി കമ്മിറ്റിയും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ ഒരിടത്തുപോലുമില്ലാത്ത ന്യൂനപക്ഷ വിവേചനം ( 80:20 അനുപാതം) എങ്ങനെയാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണത്തില്‍ ന്യുനപക്ഷവകുപ്പിനു കീഴില്‍ നടപ്പിലാക്കിയത് എന്ന് സാമാന്യ വിവരമുള്ള ആര്‍ക്കും പിടികിട്ടാത്ത ഒരു ചോദ്യമാണ്. സച്ചാര്‍-പാലോളി കമ്മിറ്റികള്‍ക്ക് കേവലം ശിപാര്‍ശകള്‍ വയ്ക്കാന്‍ മാത്രമേ അധികാരമുള്ളു എന്നിരിക്കെ, ആ ശിപാര്‍ശകള്‍ നിയമ പരിരക്ഷയോടെ നടപ്പിലാക്കുവാനോ തള്ളുവാനോ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ കണ്ണുമടച്ച് ഈ വിവേചനം നടപ്പിലാക്കി എന്ന് വിശ്വസിക്കുവാന്‍ വിഷമമുണ്ട്.
നിയമങ്ങള്‍ എന്തുപറയുന്നു?
വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചാല്‍ അത് ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടല് തന്നെയാവും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 നല്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ പരിരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണല്ലോ ന്യൂനപക്ഷ വകുപ്പിലെ ന്യൂനപക്ഷ അവകാശങ്ങള്‍ ഒബിസിക്കു മാത്രമായി ചുരുക്കുക എ്ന നയം നീതിക്കോ നിയമവ്യവസ്ഥിതിക്കോ ചേര്‍ന്നതല്ല. മറിച്ച് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടനാപരമായ തുല്യനീതി ലഭ്യമാക്കണം എന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. അതുതന്നെയാണല്ലോ ന്യൂനപക്ഷ അവകാശങ്ങളും വികസനപദ്ധതികളും നടപ്പിലാക്കുമ്പോള്‍ ഒരു പ്രത്യേക സമുദായത്തിനും അനര്‍ഹമായ പരിഗണന ലഭിക്കാതെ നടപ്പില്‍ വരുത്തണം എന്ന് കേന്ദ്ര ന്യൂനപക്ഷ ആക്ടും ( 1992 മൈനോരിറ്റി ആക്ട് സെക്ഷന്‍:9) ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി വീതിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ആക്ടും (2014 സെക്ഷന്‍ 9 (കെ) വ്യവസ്ഥ ചെയ്യുന്നത്. അതുതന്നെയാണല്ലോ സച്ചാര്‍ കമ്മിറ്റിയും ഇക്വല് ഓപ്പര്‍ച്യൂണിറ്റി കമ്മീഷന് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
ന്യൂനപക്ഷ അവകാശവും സംവരണവും
ഒരു സമുദായത്തിലെ പിന്നോക്കം നില്‍ക്കുന്നവരെ സമുദ്ധരിക്കാനാണല്ലോ ഇവിടെ കഴിഞ്ഞ 30 വര്‍ഷമായി പിന്നോക്ക സമുദായ കോര്പറേഷന് പ്രവര്‍ത്തിച്ചുവരുന്നത്. അത്തരം സഹായങ്ങള്‍ സാമൂഹ്യക്ഷേമവകുപ്പിന്റേയോ പിന്നോക്ക സമുദായ കോര്‍പറേഷന്റെയോ കീഴില്‍ നടപ്പിലാക്കുന്നതിനെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. പിന്നോക്ക സംവരണത്തിന്റെ ഭാഗം ആകേണ്ട അത്തരം സഹായങ്ങളെ ന്യൂനപക്ഷ വകുപ്പിനു കീഴില്‍ കൂടി ചേര്‍ത്തുവച്ചുകൊണ്ട്, ഒരു വിധത്തില്‍ പറഞ്ഞാല്‍ അര്‍ഹതപ്പെട്ടവന്റെ പിടിച്ചെടുത്ത്, ഒരു സമുദായത്തിനു മാത്രം ഇരട്ട ആനുകൂല്യം സാധ്യമാക്കാനുള്ള കുടിലതന്ത്രങ്ങള്‍ ആണ് ഇവിടെ ചോദ്യം ചെയ്യുന്നത്.
പിന്നോക്കം എന്ന പേരുപറഞ്ഞ് മുസ്ലിം സമുദായത്തിലെ മുഴുവന്‍ മുന്നോക്കക്കാരെയും (തങ്ങള്‍, അറബി, മലബാറി എന്നീ വിഭാഗങ്ങള്‍) ഒബിസി ഗണത്തില്‍പ്പെടുത്തി ഒരു മതവിഭാഗത്തിനു മുഴുവനും ജാതിസംവരണം നേടിയെടുത്ത ഒരനീതി ഇവിടെ നിലനില്‍ക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് (പുസല, ഒസാന് വിഭാഗങ്ങള്‍)ലഭ്യമാക്കേണ്ട ക്ഷേമപദ്ധതികള്‍ സച്ചാര്‍ കമ്മിറ്റി പോലും സാക്ഷ്യപ്പെടുത്തിയ പ്രസ്തുത സമുദായത്തിലെ മുന്നോക്ക വിഭാഗങ്ങള്‍ (തങ്ങള്‍, അറബി, മലബാറി) കവര്‍ന്നെടുക്കുന്നു എന്ന യാഥാര്‍ത്ഥ്യം ആ സമുദായത്തിലെ പിന്നോക്കാവസ്ഥയിലുള്ള അംഗങ്ങള്‍ പോലും തിരിച്ചറിയുന്നുണ്ടോ എന്നു സംശയമാണ്.
സംവരണം ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ആണെങ്കില്‍, ന്യൂനപക്ഷാവകാശങ്ങള്‍ അംഗബലത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ആണെന്ന് ഓര്‍ക്കണം. രണ്ടും രണ്ടും വകുപ്പിനു കീഴില്‍ വരുന്നതാണ്. എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങളെ സംവരണവുമായി കൂട്ടിക്കുഴച്ച് സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ആണ് ചിലര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ആടിനെ പട്ടിയാക്കാന്‍ ഉള്ള ഈ ശ്രമം മനപൂര്‍വ്വമാണ്.
വിധി നടപ്പിലാക്കിയാല്‍ സാമുദായിക ധ്രുവീകരണം സംഭവിക്കും എന്നുള്ള ഉമ്മാക്കി കാണിച്ച്, മസില് പവറും മണി പവറും ഉപയോഗിച്ചു സമൂഹത്തില്‍ അന്തച്ഛിദ്രം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ചില തത്പരകക്ഷികള്‍ ഇവിടെ നടത്തുന്നുണ്ട്. തെറ്റ് ചെയ്യുന്നതല്ല, ചൂണ്ടിക്കാണിക്കുന്നതാണ് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നത് എന്ന പുതിയ സിദ്ധാന്തം ഇത്തരക്കാരുടെ പുസ്തത്താളുകളില്‍ നിന്നു വന്നതാണ്.
ക്രൈസ്തവ സമൂഹവും ന്യൂനപക്ഷ അവകാശവും
ജനസംഖ്യയും ജനനനിരക്കും കുറഞ്ഞുവരുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഒരു ന്യൂനപക്ഷ സമുദായത്തിന്റെ വളര്‍ച്ചയെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഏതു നീതിബോധത്തിലാണ്. അവിവാഹിതരും മധ്യവയസ്കരും ആയി മാറിക്കൊണ്ടിരിക്കുന്ന വലിയൊരു ശതമാനം യുവാക്കളും കാര്‍ഷിക-വിദ്യാഭ്യാസ കടക്കെണിയില്‍ കുടുങ്ങി ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ വിഷമിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരും മത്സ്യത്തൊഴിലാളികളും ആയിട്ടുള്ളവരാണ് സമാധാനം കാംക്ഷിക്കുന്ന ക്രൈസ്തവസമൂഹം. ഈ സമുദായത്തിന് ഭരണഘടന നല്കുന്ന പരിരക്ഷയെ, അവരുടെ അവകാശങ്ങളില്‍ കൈയിട്ടുവാരി ഇനിയും വേട്ടയാടാതിരിക്കുന്നതാണ് നല്ലത്.
വിധിയും ഉന്നതാധികാര സമിതിയും
ഹൈക്കോടതി വിധിയെ മറികടക്കാന്‍ സര്‍വകക്ഷിയോഗത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമിക്കുന്ന ഉന്നതാധികാര കമ്മിറ്റി എന്ത് ശിപാര്‍ശ നല്കിയാലും അതൊന്നും കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒഴികഴിവാകില്ല. മറിച്ച് വിധിക്കെതിരെ നല്കുന്ന ഏതു ശിപാര്‍ശയും നടപ്പിലാക്കാനുള്ള ശ്രമം സര്‍ക്കാരിനെ കൂടുതല്‍ നിയമക്കുരുക്കിലേക്കു നയിക്കുകയേ ഉള്ളു. ഉന്നതാധികാര സമിതിയുടെ ശിപാര്‍ശയ്ക്ക് ഒരിക്കലും ഹൈക്കോടതി വിധിയെ മറികടക്കാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജനസംഖ്യാനുപാതികമായി കോടതി വിധിയനുസരിച്ച് സ്കോളര്‍ഷിപ്പുകള്‍ പുനക്രമീകരിക്കുമ്പോള്‍ നഷ്ടം സംഭവിക്കാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യക്ഷേമവകുപ്പിന്റെയോ പിന്നോക്ക സമുദായ കോര്‍പറേഷന്റെയോ കീഴില്‍പ്പെടുത്തി മാനുഷിക പരിഗണന മാനിച്ചു നല്‍കാവുന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ക്രൈസ്തവ സമുദായത്തിനും മറ്റ് നാല് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഈ സര്‍ക്കാര്‍ ഉത്തരവുകള്‍ മൂലം നഷ്ടമായ നീതി ന്യൂനപക്ഷ വകുപ്പ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
(കടപ്പാട്: ദീപിക)
Send your feedback to : onlinekeralacatholic@gmail.com