തടവറയിലെ ഓരോ നിമിഷവും ഞാന്‍ ദൈവത്തെ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചു : അസിയാ ബീവിയുടെ ഓര്‍മ്മകള്‍
ജെയ്സണ്‍ പീറ്റര്‍ - മാർച്ച് 2020
പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ഒരു പതിറ്റാണ്ടോളം ജയിലിലടയ്ക്കപ്പെടുകയും ഒടുവില്‍ മോചിതയായി കാനഡയില്‍ അഭയം തേടുകയും ചെയ്ത പാക്കിസ്ഥാനിലെ കത്തോലിക്കയായ അസിയാ ബീവി ആദ്യമായി തന്റെ തടവറയിലെ നാളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. പാക്കിസ്ഥാനില്‍ വധഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ സ്വന്തം രാജ്യത്തുനിന്നും രക്ഷപ്പെട്ട അസിയാ ബീവിയും കുടുംബവും കാനഡയിലാണ് ഇപ്പോള്‍ കഴിയുന്നത്. രാഷ്ട്രീയ അഭയം തേടി ഫ്രാന്‍സിലെത്തിയ അസിയാ ബീവി അവിടുത്തെ ഒരു പ്രമുഖ കത്തോലിക്ക പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ഭീകരമായ നാളുകള്‍ അനുസ്മരിച്ചത്. ജയില്‍ മോചിതയായ ശേഷം വധഭീക്ഷണിയെത്തുടര്ന്ന് അവള്‍ക്കും കുടുംബത്തിനും സ്വന്തം രാജ്യം വിട്ട് ഓടിപ്പോകേണ്ടിവന്നു. കാനഡയിലാണ് അഭയം തേടിയിരിക്കുന്നത്. മോചനത്തിനുശേഷം അസിയാ ബീവിയുടെ വിശേഷങ്ങള്‍ ഒന്നും പുറം ലോകം അറിഞ്ഞില്ല. അടുത്ത ദിവസങ്ങളില്‍ പാരീസില്‍ അഭയം തേടിയെത്തിയ അവള്‍ക്ക് പാരീസ് നഗരത്തിന്റെ മേയര്‍ അന് ഹിഡാല്‍കോ ഹോണററി സിറ്റിസണ്‍ഷിപ്പ് നല്കി.
ഇന്ന് ലോകത്ത് അസിയാ ബീവിയുടെ നാമം കേള്ക്കാത്തവരാരുണ്ടാകില്ല. നിഷ്കളങ്കയും നിരാലംബയുമായ ഒരു ക്രൈസ്തവ വനിതയെ ദൈവദുഷണക്കുറ്റമാരോപിച്ച് 10 വര്‍ഷം ജയിലിടച്ചത് ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. വര്‍ഷങ്ങളോളം ലോകമാധ്യമങ്ങള്‍ അവളുടെ മോചനത്തിനായി പോരാടി. മാര്‍പാപ്പ പോലും അവളെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ലോകത്തിന്റെ മുക്കിലും മൂലയിലും വര്‍ഷങ്ങളോളം അസിയാ ബീവിയുടെയും കുടുംബത്തിന്റെയും കണ്ണുനീര്കണങ്ങള് ഒഴുകിയെത്തി. അനേകര്‍ അവര്‍ക്കുവേണ്ടി തെരുവിലിറങ്ങി. ഓരോ പ്രാവിശ്യവും അവളെ വിട്ടയക്കാന്‍ ഭരണകൂടം ഒരുങ്ങുമ്പോഴും മതമൗലികവാദികള്‍ അവളുടെ രക്തത്തിനായി തെരുവിലിറങ്ങി. മോചനമില്ലാതെ അവളുടെ ജീവിതം തടവറയിലൊതുങ്ങുമെന്ന് എല്ലാവരും കരുതി. എന്നാല്‍ 2019 ല്‍, വളരെ രഹസ്യമായി അവളെ മോചിപ്പിക്കുകയും കാനഡയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്നും അവളുടെ ജീവനു വേണ്ടിയുള്ള നിലക്കാത്ത നിലവിളികള്‍ ഉയരുന്നുണ്ട്. എന്നാല്‍, പാക്കിസ്ഥാനിലെ കിരാതമായ ദൈവദൂഷണക്കുറ്റത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി അവള് മാറിക്കഴിഞ്ഞു.
പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റം പണ്ടുമുതലേ കുപ്രസിദ്ധമാണ്. നാട്ടുകാര്‍ വ്യക്തിവൈരാഗ്യവും ദേഷ്യവും തീര്‍ക്കുവാനായി ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഈ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യുന്നത് സാധാരണമാണ്. ക്രൈസ്തവ പീഡനത്തിനുള്ള ഏറ്റവും വലിയ ഉപാധിയാണ് പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റം.
നീണ്ട പത്തുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം വിട്ടയക്കപ്പെട്ട അവള് അതീവരഹസ്യമായി കുടുംബത്തോടൊപ്പം കാനഡയിലേക്ക് ചേക്കേറുകയായിരുന്നു. ഒരിക്കലും ഓര്‍മ്മിക്കാനാവാത്ത കാലത്തെക്കുറിച്ച് അവള് മനസ് തുറക്കുന്നു...
പാക്കിസ്ഥാനിലെ ഒരു കൃഷിഫാമില്‍ പഴം ശേഖരിക്കലായിരുന്നു എന്റെ ജോലി. 2009 ജൂണ്‍ 14. നല്ല ചൂടുള്ള ദിവസമായിരുന്നു. അന്ന് ഞാന്‍ കൂടെ ജോലി ചെയ്യുന്ന മുസ്ലിം വനിതകള്‍ക്കൊപ്പം കിണറില്‍ നിന്നും വെള്ളം കുടിക്കാന്‍ പോയി. അവരിലൊരാള്‍ കുടിച്ച പാത്രം ഉപയോഗിച്ച് വെള്ളം കോരിക്കുടിച്ചതിന് വെള്ളം അശുദ്ധമാക്കി എന്നാരോപിച്ച് മറ്റ് മുസ്ലിം സ്ത്രീകള്‍ എന്നോട് വഴക്കിട്ടു. ഏതാനും ദിവസം കഴിഞ്ഞ്, പോലീസ് വന്ന് ദൈവദുഷണക്കുറ്റം ആരോപിച്ച് എന്നെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. വിചാരണ ചെയ്യ്ത് എന്നെ തുക്കലേറ്റുവാന് വിധിച്ചു. 2014 ല്‍ ലാഹോര്‍ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്റെ കുഞ്ഞുങ്ങള്‍ ആ സമയത്ത് പറക്കമുറ്റാത്തവരായിരുന്നു. അവരെയോര്ത്തായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം. പക്ഷേ, ജയിലിലെ ഓരോ നിമിഷവും ഞാന്‍ ദൈവത്തെ എന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി. നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇത് ദൈവം നല്കിയ ഒരു പരീക്ഷണമായിട്ടാണ് ഞാന്‍ കരുതിയത്. ആ പരീക്ഷണത്തെ ജയിക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു. അതിന് ദൈവം എനിക്ക് പല അടയാളങ്ങളും നല്കിക്കൊണ്ടിരുന്നു. ഒരു ദിവസം സ്വപ്നത്തില്‍ ഒരു വൈദികന് പ്രത്യക്ഷപ്പെട്ട് ഒരു ദൈവവചനം എന്നെക്കൊണ്ട് ഉച്ചരിപ്പിച്ചു. ഞാന്‍ കണ്ണുതുറന്നപ്പോള്‍ അദ്ദേഹത്തെ കണ്ടില്ല. അത് ഞാന്‍ പിടിച്ചുനില്ക്കുന്നതിനുവേണ്ടി ബൈബിള്‍ വചനങ്ങള്‍ ഓര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്ന് എന്നെ ഓര്‍മ്മപ്പെടുത്താനായി ദൈവം അയച്ച അടയാളമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അതുപോലെ ഞാന്‍ ചെയ്തു. ഞാന്‍ എല്ലാ ദിവസവും സുവിശേഷം വായിച്ചു. ബൈബിള്‍ തുറന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ട വാക്ക് കര്‍ത്താവ് എന്റെ സങ്കേതമാകുന്നുവെന്ന സങ്കീര്‍ത്തനമായിരുന്നു. അത് എനിക്ക് വലിയ ശക്തിയായിരുന്നു.
എന്നും എന്റെ കഷ്ടപ്പാടിന്റെ കാലങ്ങളില്‍ എനിക്ക് ആശ്രയമായിരുന്നത് എന്റെ ഭര്‍ത്താവ് ആഷിക് ആയിരുന്നു. എത്രയോ ഭീക്ഷണിയും കഷ്ടപ്പാടുകളുമുണ്ടായിട്ടും അദ്ദേഹം എന്നെ കൈവെടിഞ്ഞില്ല. നിനക്കുവേണ്ടി ആന്‍ ഇസബല്ല ടോലറ്റ് എന്ന പത്രപ്രവര്‍ത്തക ശബ്ദമുയര്‍ത്തുന്നുണ്ടെന്നും അനേകമാളുകള്‍ എന്റെ കാര്യത്തില്‍ ഇടപെടുന്നുവെന്നും. മാര്‍പാപ്പ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതുകേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. എന്നെ അദ്ദേഹം കാണാന്‍ വരുമ്പോള്‍ മക്കളെക്കുറിച്ചായിരുന്നു അധികവും സംസാരിച്ചിരുന്നത്. കാരണം അവര്‍ക്കും വധഭീഷണ ഉണ്ടായിരുന്നു. അതുകൊണ്ട് അവരെ കാണാന്‍ സാധിക്കുമായിരുന്നില്ല. അവര്‍ സ്കൂളില്‍ പോകുന്നുണ്ടോ എന്ന് ഞാന്‍ ഭര്‍ത്താവിനോട് ചോദിക്കുമായിരുന്നു.
എന്നെ വിട്ടയക്കുന്നുവെന്നറിഞ്ഞപ്പോള് അത് വലിയ പ്രശ്നമായി. എന്നെ വധിക്കണമെന്ന് അവര്‍ ആക്രോശിക്കുന്നത് എനിക്കുതന്നെ കേള്‍ക്കമായിരുന്നു. എങ്കിലും ഞാന്‍ ഭയപ്പെട്ടില്ല.
എന്നെ വിധിച്ചവരോടെല്ലാം ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. കുടുംബത്തില്‍ നിന്നകന്ന് ജയിലില്‍ കഴിഞ്ഞ കാലം ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അവരോടെല്ലാം ക്ഷമിച്ചിരിക്കുന്നു.
ഞാന്‍ 10 വര്‍ഷം കഴിഞ്ഞ സെല്ലില്‍ ഇപ്പോള്‍ എനിക്കുപകരം ഷാ ഗുപ്ത കൗസര്‍ എന്ന മറ്റൊരു വനിത തടവിലാക്കപ്പെട്ടിരിക്കുകയാണ്. കത്തോലിക്കയായ അവരും എന്നെപ്പോലെ മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് എന്റെ പൂര്‍ണപിന്തുണ ഞാന്‍ നല്കുന്നു. കൗസറും എന്നെപ്പോലെ തന്നെ ഒരു അമ്മയാണ്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ദൈവദൂഷണ മെസേജുകള്‍ അയച്ചുവെന്നാണ് അവരുടെ പേരില്‍ കെട്ടിച്ചമച്ചിരിക്കുന്ന കേസ്. അത് അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കുറ്റമാണ്. കാരണം അവര്‍ക്ക് എഴുതാനറിയില്ല. വെറുതെ കേസ് കെട്ടിച്ചമച്ച് അവരെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. ലോകം അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് സഹായത്തിനായി കിട്ടിയിരിക്കുന്നത് എനിക്കുവേണ്ടി അവസാനം വാദിച്ച സെയ്ഫ് ഉല് മാലിക് എന്ന അഡ്വക്കേറ്റാണ്. ജയിലിലടക്കപ്പെട്ട എല്ലാവരെയും സഹായിക്കണം. അവര്‍ ന്യൂനപക്ഷമായാലും അല്ലെങ്കിലും ലോകം അവര്‍ക്കുവേണ്ടി നിലകൊളളണം. എല്ലാവരും കേള്‍ക്കപ്പെടണം. പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റ നിയമം ഇല്ലാതാക്കണം. അതിനുവേണ്ടിയാണ് ഇനിയുള്ള എന്റെ ജീവിത പോരാട്ടം.
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്നത്. വിദ്യാഭ്യാസമുള്ള സമൂഹത്തില്‍ വളര്‍ന്നാലെ സമത്വത്തിനുവേണ്ടി അവര്‍ക്ക് വാദിക്കാനാകു.
ഇപ്പോഴും എനിക്ക് വധഭീക്ഷണി ഉണ്ട്. എങ്കിലും ഞാന്‍ ഇപ്പോള്‍ ഫ്രീ ആണ്. ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ മാതൃരാജ്യം ഉപേക്ഷിച്ചുപോരുവാന് എനിക്ക് വിഷമമായിരുന്നു. എന്റെ മോചനത്തിനുശേഷമാണ് ദൈവം എനിക്ക് വഴികാണിച്ചുതന്നത്. ഒരു ദിവസം എന്റെ സ്വന്തം രാജ്യത്തേക്ക് മടങ്ങുവാന്‍ കഴിയുമെന്നാണ് എന്റെ ആഗ്രഹം.
ഇന്ന് എന്റെ ഏറ്റവും വലിയ സന്തോഷമെന്നത് ദൈവമഹത്വത്തിനുമുന്നില് തലകുനിക്കുമ്പോള്‍ കിട്ടുന്ന അപാരമായ ആനന്ദം മാത്രമാണ്.
Send your feedback to : onlinekeralacatholic@gmail.com