പിശാച് എന്നത് തിന്മയുടെ സൂചകമോ, വ്യകതിയോ, അസ്തിത്വമോ? വത്തിക്കാനിലെ പ്രമുഖ എക്സോര്‍സിസം പണ്ഡിതന് വ്യക്തമാക്കുന്നു
ജെയ്സണ്‍ പീറ്റര്‍ - മെയ് 2021
ലോകത്തില്‍ പൈശാചിക സ്വാധീനം കൂടിവരികയും എക്സോര്സിസവും, ഭൂതോച്ഛാടനവും പിശാചുബാധയുമൊക്കെ നിത്യവാര്ത്തകളാവുകയും ചെയ്യുമ്പോഴും പലര്‍ക്കും പിശാചില്ല എന്ന് ആശ്വസിക്കാനാണിഷ്ടം. പിശാചുബാധയെക്കുറിച്ചും എക്സോര്സിസത്തെക്കുറിച്ചുമൊക്കെ കൂടുതല്‍ വ്യക്തമാക്കുകയാണ് വത്തിക്കാനിലെ റെജിന പൊന്തിഫിക്കല്‍ അത്തേനിയം റെജിന അപ്പസ്തലോരും റെക്ടറും എക്സോര്‍സിസം അദ്ധ്യാപകനുമായ ഫാദര്‍ പെട്രോ ബാരാജോണ്. അദ്ദേഹം സെനിറ്റ് ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്:
പിശാച് എന്നത് തിന്മയുടെ സൂചകമോ, വ്യകതിയോ, അസ്തിത്വമോ?
പിശാച് എന്നത് സുപ്പിരിയര്‍ ഇന്റലിജന്സുള്ളതും പാപത്തിലും അഹങ്കാരത്തിലും പെട്ട് വഴിതെറ്റിയ ആത്മാവോടുകൂടിയതുമായ അസ്തിത്വമാണ്. അത് ദൈവത്തോട് മറുതലിച്ചതും ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് തിന്മ പുറപ്പെടുവിക്കാനായി പാഞ്ഞുനടക്കുന്നതുമാണ്. പിശാച് യാഥാര്‍ത്ഥ്യമാണ്. അത് തിന്മയുടെ സൂചകമോ, പാപത്തിന്റെ അടയാളമോ അല്ല. എന്നിരുന്നാലും നമുക്ക് പിശാചിന്റെ കൃത്യമായ ഒരു നേച്ചര്‍ എതെന്ന് കൃത്യമായി മനസ്സിലാക്കുക ദുഷ്കരമാണ്. കാരണം അതിന്റെ അസ്തിത്വം രൂപീകൃതമായിരിക്കുന്നതില് നന്മയോ സത്യമോ ഇല്ല എന്നതു തന്നെ.
എന്താണ് എക്സോര്‍സിസം?
പിശാചുബാധിതനായ ഒരു വ്യക്തിയുടെ മോചനത്തിനായി സഭയുടെ മധ്യസ്ഥതയിലൂടെ ലഭിക്കുന്ന ആത്മീയഫലങ്ങളുള്ളതും ബിഷപ്പോ വൈദികനോ നടത്തുന്നതും കൗദാശികമായതും വിശുദ്ധവുമായ കര്‍മ്മമാണ് എക്സോര്‍സിസം. ഈ കര്മ്മത്തിന് ഒരു ആമുഖമുണ്ട്. അത് ദൈവവചനമാണ്. അതിനോടനുബന്ധിച്ച് നിരവധി പ്രാര്‍ത്ഥനകളും. അതിലൊന്നാണ് പിശാചിനോട് കര്‍ത്താവിന്റെ നാമത്തില്‍ ആ വ്യക്തിയില്‍ നിന്നും പുറത്തുപോകാന്‍ കല്പിക്കുന്നത്.
ഇതുപോലെ കൃത്യമായ ഒരു കര്‍മ്മം അതിന് ആവശ്യമുണ്ടോ?
ഉണ്ട്. വിശുദ്ധ കുരിശോടെ ആരംഭിക്കുന്നതും വചനം പ്രഘോഷിക്കപ്പെടുന്നതും വിശുദ്ധന്മാരുടെ ലുത്തിനിയ അടങ്ങിയതും പരിശുദ്ധജലം തളിക്കുന്നതും വിശ്വാസം ഏറ്റുപറയുന്നതും കൈകള്വെക്കുന്നതും പിശാചിനെ തള്ളിപറയുന്നതും കര്‍ത്തൃപ്രാര്‍ത്ഥന ചൊല്ലുന്നതും കുരിശുകൊണ്ട് ആശിര്‍വദിക്കുന്നതും കൃത്യമായി പ്രാര്‍ത്ഥന ചൊല്ലുന്നതുമായ കൃത്യമായ ഒരു കര്മ്മമാണിത്.
എത് വ്യക്തിക്കും ഇത് നിര്‍വഹിക്കാനാകുമോ?
ബിഷ്പ്പിനോ ബിഷ്പ്പ് അധികാരപ്പെടുത്തുന്ന വൈദികനോ മാത്രമേ അതിനുള്ള അവകാശമുള്ളു.
എന്താണ് പരിശുദ്ധ ജലം തളിക്കുന്നതിന്റെ അര്‍ത്ഥം?
എക്സോര്‍സിസം നടത്തുന്ന വൈദികന് പരിശുദ്ധജലം തളിക്കുന്നു. അത് മാമ്മോദീസയെ ഓര്‍മ്മിപ്പിക്കുന്നു. പരിശുദ്ധജലം തളിക്കുന്നതിലൂടെ മാമ്മോദീസയിലൂടെ, ഒരു വ്യക്തി ദൈവത്തിന്റെ മകന് എന്ന പദവിയിലേയ്ക്കെത്തുന്നു. അതിലൂടെ ദൈവത്തിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ വരങ്ങളും ലഭിക്കുന്നു. വിശ്വാസം ഏറ്റുപറയുകയും സാത്താനെ ഉപേക്ഷിക്കുകയും ചെയ്യുന്നു.
പൊസേഷന് എന്നാല്‍ എന്താണ്?
പിശാച് ഒരു വ്യക്തിയുടെ ശരീരത്തിന്റെ നിയന്ത്രണം കൂടി ഏറ്റെടുക്കുന്നതാണ് പിശാചുബാധ. പക്ഷേ, അതില്‍ ആത്മാവിന്റെ മേല്‍ സ്വാധീനം ഉണ്ടാകണമെന്നില്ല. ഒരു ഫ്ളാറ്റില്‍ ഒരു വാടകക്കാരനും അയാളെ ബുദ്ധിമുട്ടിക്കാനും ഉപദ്രവിക്കുവാനുമായി താമസത്തിനെത്തുന്ന മറ്റൊരുവനും പോലെയാണിത്.അവിടെ ഉപദ്രവം മാത്രമെ ഉണ്ടാകു. എക്സോര്‍സിസം നടത്തുന്നതിനുമുമ്പ് കാര്മ്മികന് ധാര്‍മ്മികമായ ഉറപ്പുണ്ടാകണം ഇത് ആവശ്യമാണെന്ന്. ഇത് മാനസികമായ ഒരു രോഗമല്ലെന്ന് വിവേചിച്ചറിയണം. പാരനോയിയ, സ്കിസോഫ്രേനിയ തുടങ്ങിയരോഗങ്ങളല്ലെന്ന് മനസ്സിലാക്കണം.
പൊസേഷനാണോ, മാനസികരോഗമാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
കാര്മ്മികന് പ്രാര്‍ത്ഥിച്ച്, പരിശുദ്ധാത്മാവില്‍ നിന്ന് ഉപദേശം തേടണം. സൈക്കളജിസ്റ്റിന്റെയോ സൈക്ക്യാട്രിസ്റ്റിന്റെയോ സേവനവും ലഭ്യമാക്കാം. മാനസികമായ രോഗമാണെങ്കില്‍ ചിക്തിസിച്ചുതന്നെ ഭേദമാക്കാണം.
എക്സോര്സിസവും വിമോചനപ്രാര്ത്ഥനയും തമ്മിലുള്ള വ്യത്യാസം?
വിമോചന പ്രാര്‍ത്ഥന സാത്താന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും വിഷമങ്ങളില്‍ നിന്നും മോചിപ്പിക്കുവാനാണ്. എക്സോര്‍സിസം പിശാചുബാധയില്‍ നിന്ന് മോചിപ്പിക്കുവാനാണ്. പിശാചിന്റെ സ്വാധീനത്തില്‍ നിന്ന് ഒരു വ്യക്തിയെ മോചിപ്പിക്കണമെ എന്ന പ്രാര്‍ത്ഥനയാണ് വിമോചനപ്രാര്ത്ഥന. ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് ബിഷപ്പിന്റെ അനുവാദം വേണമെന്നില്ല.
പോപ്പ് ഫ്രാന്‍സിസ് പലപ്പോഴും പിശാചിനെക്കുറിച്ച് പരമാര്‍ശിക്കാറുണ്ട്.
അത് എങ്ങനെയാണ് മനസ്സിലാക്കപ്പെടുന്നത്?
മാര്‍പാപ്പയെ പോലെ ദൈവവുമായി ഐക്യപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയ്ക്ക് അത് വളരെ എളുപ്പത്തില്‍ സാധിക്കും. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ജീവിതവും മിസ്റ്റിസിസവും ജീവിതശൈലിയും അതിന് സഹായകമാണ്. അദ്ദേഹത്തിന് വ്യക്തികളിലും ലോകത്തിലും സഭയിലും പിശാചിന്റെ സ്വാധീനം തിരിച്ചറിയാന്‍ കഴിയും.
ഇന്ന് എക്സോര്‍സിസ്റ്റുകള്‍ എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത്?
ബിഷപ്പിന്റെ അനുവാദവും ആശിര്‍വാദവുമുള്ള വൈദികരാണ് അവര്‍. വിശ്വാസികളുടെ നډയ്ക്കായി അവരെ ഈ കൗദാശികമായ കര്‍മ്മം നിര്‍വഹിക്കുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു.
എക്സോര്‍സിസം നടക്കുമ്പോള്‍ വളരെ പേടിപ്പിക്കുന്നതായ സംഭവങ്ങള്‍ നടക്കാറുണ്ടോ?
എക്സോര്‍സിസത്തിന്റെ സമയത്ത്, ആ വ്യക്തിയുടെ ശബ്ദമോ, നോട്ടമോ, ഭാവമോ ഒക്കെ മാറാറുണ്ട്. മാത്രമല്ല, അപാരമായ ശാരീരികബലവും നേടാറുണ്ട്. പക്ഷേ, സിനിമകള്‍ അതെല്ലാം വളരെ പെരുപ്പിച്ച് കാണിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com