തോല്‍വിയെ പരാജയപ്പെടുത്തിയ മൈക്കല്‍ ജോര്ഡന്
ജെയ്സണ്‍ പീറ്റര്‍ - ജൂലൈ 2020
ലോകം കണ്ട ഏറ്റവും മികച്ച ബാസ്ക്കറ്റ് ബോള്‍ താരമായിരുന്നു മൈക്കല്‍ ജോര്ഡന്. ലോകമാസകലമുള്ള കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായി മാറിയതിന് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്കി ആദരിച്ച അതുല്യ ബാസ്ക്കറ്റ് ബോള്‍ പ്രതിഭയും. അദ്ദേഹം ബാസ്ക്കറ്റ് ബോളിലെ ഇതിഹാസതാരമായതും ലോകത്തിന് പ്രചോദനമായതും തോല്‍വിയെ തോല്പിച്ചുകൊണ്ടായിരുന്നു.
കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു മൈക്കല്‍ ജോര്ഡന്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ലാറി മികച്ച അത്ലറ്റായിരുന്നു. എന്നാല്‍ അത്ലറ്റിക് രംഗം വിട്ട് 15-ാമത്തെ വയസ്സില്‍ മൈക്കല്‍ ജോര്‍ഡനും കൂട്ടുകാരനും കൂടി ബാസ്ക്കറ്റ് ബോള്‍ സെലക്ഷന് പോയി. മൈക്കല്‍ ജോര്‍ഡന്റെ കഴിവില്‍ കോച്ച് സംതൃപ്തനായിരുന്നുവെങ്കിലും പൊക്കക്കുറവ് കാരണം മൈക്കല്‍ ജോര്‍ഡനെ വാഴ്സിറ്റി ടീമിലേയക്ക് സെലക്ട് ചെയ്തില്ല. പകരം കൂട്ടുകാരനെ സെലക്ട് ചെയ്തു. ജൂനിയര്‍ ടീമില്‍ കളിക്കുവാന്‍ തിരഞ്ഞെടുത്തെങ്കിലും ആകെ നിരാശനായ അവന് വീട്ടില്‍ മടങ്ങിയെത്തി. ഏറെ നേരം കരഞ്ഞു. അവന്റെ അമ്മ അവന് താങ്ങും തണലുമായി. ഷൂവിനുള്ളില്‍ ഉപ്പുവെച്ച് പ്രാര്‍ത്ഥിച്ചാല്‍ പൊക്കം വെക്കുമെന്ന് പറഞ്ഞ് പറ്റിച്ച് അവന്റെ അമ്മ അവനെ ആശ്വസിപ്പിച്ചു. ജോര്ഡന് ജൂനിയര്‍ ടീമില്‍ മടങ്ങിയെത്തി കളിക്കുകയും ചെയ്തു. പിന്നീടുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവന്റെ ഉയരം 5 ഇഞ്ച് കൂടി. ഹൈസ്കൂള്‍ ടീമില്‍ അവന് സ്ഥാനം പിടിച്ചു. പിറ്റേ വര്‍ഷം അവന് ഓള് അമേരിക്കന്‍ ഹൈസ്കൂള്‍ ടീമില്‍ അംഗമായി. അവന്റെ തോല്‍വി അവിനെ പിടിച്ചുകെട്ടിയില്ല. തോല്‍വിയുടെ ആ നിമിഷമായിരുന്നു പിന്നീട് ലോകം കണ്ട മൈക്കല്‍ ജോര്ഡന് എന്ന അതുല്യപ്രതിഭയെ വാര്‍ത്തെടുത്തത്.
ഏതുനേരവും മുന്നേറുവാന്‍ തനിക്ക് പ്രചോദനമായത് പരാജയത്തിന്റെ ആ നിമിഷമായിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. തോല്‍വിയുടെ രുചി അറിഞ്ഞ അദ്ദേഹം കഠിനാദ്ധ്വാനത്തിലൂടെയാണ് ലോക നമ്പര്‍ വണ്‍ താരമായി മാറിയത്. കളിക്കളത്തിലും പ്രാക്ടീസിനും ഏറ്റവും ആദ്യം എത്തുന്നതും ഏറ്റവും അവസാനം മടങ്ങുന്നതും അവനായിരുന്നുവെന്ന് അവന്റെ ടീമംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഒളിമ്പിക് ഗോള്‍ഡ് മെഡല്‍സ്, 6 എന്‍.ബി.എ ചാമ്പ്യന്ഷിപ്സ്, 14 എം.വി.പി. അവാര്‍ഡ്സ്, ഇവയെല്ലാം വാരിക്കൂട്ടിയാണ് ആ ബാസ്ക്കറ്റ് ബോള്‍ താരം കളിക്കളം വിട്ടത്. ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ പാരാജയത്തില് നിന്നും കുതിച്ചുയരുവാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. എന്റെ കരിയറില്‍ ഞാന്‍ 9000 ഷോട്ട് നഷ്ടപ്പെടുത്തി. 300 ഗെയിമുകളില്‍ പരാജയപ്പെട്ടു. 26 പ്രാവശ്യം കളി ജയിപ്പിക്കുവാനുള്ള അവസാനത്തെ ചാന്‍സും ഞാന്‍ നഷ്ടപ്പെടുത്തി. ജീവിതത്തില്‍ ഞാന്‍ വീണ്ടും വീണ്ടും വീണ്ടും തോറ്റു. അതുകൊണ്ട് ഞാന്‍ വിജയിച്ചു-എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തോല്‍വിയില്‍ മനംതകരുന്നവര്ക്ക് ഒരു പ്രചോദനമാണ്.
Send your feedback to : onlinekeralacatholic@gmail.com