കര്‍ഷകരോട് വനംവകുപ്പ് കാണിക്കുന്നത് കാട്ടുനീതി: മാര്‍ ഇഞ്ചനാനിയില്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - മാര്‍ച്ച് 2025
കര്‍ഷകരുടെ ശത്രുക്കളായ വനംവകുപ്പിനെ നേരിടാന്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ നാട്ടില്‍ ശക്തിപ്പെടണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജീവിക്കണം വന്യമൃഗങ്ങളെ അതിജീവിക്കണം എന്ന പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ സംഘടിപ്പിച്ച കര്‍ഷകപ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.
മുമ്പെങ്ങുമില്ലാത്തവിധം വന്യജീവികളുടെ അക്രമണം ദുസഹവും ഭീതിജനകവുമായിരിക്കുന്ന സാഹചര്യത്തില്‍ വാനാതിര്ത്തികളില് താമസിക്കുന്ന കര്‍ഷകരോട് വനംവകുപ്പ് പുലര്‍ത്തുന്നത് കാട്ടുനീതിയാണ്. നിസാഹയവസ്ഥയെക്കാള് നിസംഗത മലയോര ജനതയില്‍ പിടിമുറുക്കിയിരിക്കുന്നു. ഇത് അപകടകമാണ്. വനവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്നങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നത് മൂഢ വിശ്വാസമാണെന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം.
ബഫര്‍സോണ്‍ എന്ന കാട്ടുനീതി നടപ്പിലായ ഗൂഡല്ലൂരിലെ ജനത്തിന്റെ ദുരനുഭവങ്ങള്‍ നേരില്‍ കണ്ടാല്‍ സ്ഥിതിയുടെ ഗുരുതരാവസ്ഥ ബോധ്യമാകും. ജീവിതം മൊത്തം അവിടെ മരവിച്ച നിലയിലാണ്. വികസനപ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുന്നു. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്. ഇവിടെയും തല്‍സ്ഥിതി സൃഷ്ടിക്കാനാണ് വനപാലകരുടെ ശ്രമം.
നാം ഒന്നിച്ചുനിന്നില്ലെങ്കില്‍ കേരളത്തിലെ മലയോരങ്ങളും മറ്റൊരു ഗൂഡല്ലൂരാകുന്ന കാലം വിദൂരത്തല്ലെന്ന തിരിച്ചറിവുണ്ടാകണം. ജീവിക്കുന്നിടത്തുനിന്ന് നമ്മളെയും ഇറക്കിവിടാനാണ് വനപാലകര്‍ ഉന്നമിടുന്നത്. നമുക്ക് പോകാന്‍ വേറൊരിടമില്ല. സ്വാതന്ത്ര്യത്തിനായി നമ്മുടെ മുന്‍ തലമുറ ബ്രിട്ടീഷുകാരോട് നടത്തിയ പോരാട്ടവീര്യം നമുക്ക് ഓര്‍മ്മയുണ്ട്. അതുവീണ്ടും പ്രയോഗിക്കാന്‍ സമയമായിരിക്കുന്നു.
വിദേശശക്തികളല്ല നമ്മുടെ മുമ്പില്‍ ശത്രുക്കളായി നില്‍ക്കുന്നത് ഫോറസ്റ്റ് വകുപ്പാണ്.
പത്തനംതിട്ടയിലെ മത്തായിയുടെ ജീവിത ദുരന്തം ദുരനുഭവമായി നമ്മുടെ മുന്നിലുണ്ട്. വനത്തില്‍ പ്രവേശിച്ചെന്ന കുറ്റം ചുമത്തി മര്‍ദ്ദിച്ചവശനാക്കി കിണറ്റില്‍ തള്ളിയ മത്തായിയെ മരിച്ച നിലയിലാണ് പിന്നീട് കണ്ടത്. വനനിയമം നടപ്പാക്കാന്‍ അത് വായിച്ചു മനസ്സിലാക്കാത്ത മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ നാം കണ്ടു. നമ്മള് എതിര്‍ത്തതു കാരണം നടപ്പാക്കുന്നത് അവര്‍ തല്ക്കാലം നിര്‍ത്തിവെച്ചു. ജാഗരൂകരല്ലെങ്കില്‍ ഇനിയും അവര്‍ വരും. ഇവര്‍ വനപാലകരല്ല, കര്ഷകഘാതകരാണ്. കര്‍ഷകരെ ഭയപ്പെടുത്താന്‍ അവര്‍ തുടരെ ശ്രമിച്ചുകൊണ്ടിരിക്കും. മത-രാഷ്ട്രീയത്തിനതീതമായ ഭയമില്ലാത്ത കൂട്ടായ്മ കൊണ്ടുമാത്രമേ ഇവരെ നേരിടാന്‍ പറ്റൂ. അന്താരാഷ്ട്ര നിലത്തില്‍ വന്യമൃഗ നിയന്ത്രണമുണ്ട്. ഇവിടെ എന്താണ് അത് നടപ്പാക്കാത്തത്.
കര്‍ഷകരാണ് യഥാര്‍ത്ഥ പ്രകൃതിസ്നേഹികള്‍. മലയോര കര്‍ഷകരെ കയ്യേറ്റക്കാരായി മുദ്ര കുത്താന്‍ ശ്രമം നടത്തുന്നത് വനം ഉദ്യോഗസ്ഥരാണ്.
ഇതും വിലപ്പോവില്ല. വനത്തില്‍ നിന്ന് നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് തീരുമാനമെടുത്ത ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പ്രസിഡന്റ് കെ. സുനിലിന്റെയും തീരുമാനം ശ്ളാഘനീയവും ശക്തവുമാണ്. ജനം ഒന്നാകെ പഞ്ചായത്തിനു പിന്തുണ നല്കി ഒപ്പം നില്‍ക്കണം. പ്രസിഡന്റിനെ വിരട്ടാനുള്ള വനംവകുപ്പിന്റെ നീക്കം വിലപ്പോവില്ല. നിയമം ലംഘിച്ചുകൊണ്ടിരിക്കുന്നത് വനം വകുപ്പുമന്ത്രിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം വരാന്‍ പോകുകയാണ്. ഇതിന്റെ മുന്‍നിരയില്‍ മരിക്കേണ്ടിവന്നാല്‍ പോലും ശക്തമായി താനുണ്ടാകുമെന്ന് ബിഷ്പ് ഉറപ്പുനല്‍കി.
Send your feedback to : onlinekeralacatholic@gmail.com