നൊബെല്‍ സമ്മാനത്തിനു നിര്‍ദ്ദേശിക്കപ്പെട്ട കുപ്പത്തൊട്ടിയിലെ ദൈവദൂതന്
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2021
പട്ടിണിപ്പാവങ്ങളുടെ നാടാണ് മഡ്ഗാസ്ക്കര്‍. മഡ്ഗാസ്ക്കറിലെ കുപ്പത്തൊട്ടികളില്‍ എച്ചില്‍പെറുക്കി ജീവിച്ചിരുന്ന ആയിരക്കണക്കിന് പാവപ്പെട്ടവരുടെ മുമ്പിലേക്ക് ദൈവം അയച്ച ദൂതനാണ് ഫാ. പെഡ്രോ ഓപെക. കുപ്പയില്‍ നിന്നും കിട്ടുന്നതുകൊണ്ട് വയറുനിറയ്ക്കുകയും അവിടെതന്നെ അന്തിയുറങ്ങുകയും ചെയ്തിരുന്ന അവരുടെ ലോകം നേരില്‍ കണ്ടു വിന്‍സന്‍ഷ്യന്‍ മിഷനറി വൈദികനായ ഫാ. പെഡ്രോ. സന്യാസഭവനങ്ങളുടെ ആവൃതിക്കുള്ളില്‍ അദ്ദേഹത്തിന് വേണമെങ്കില്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടാമായിരുന്നു. പക്ഷേ, അവരുടെ നൊമ്പരങ്ങള്‍ അദ്ദേഹത്തിന്റെ നിദ്ര കവര്‍ന്നെടുത്തു. അദ്ദേഹം അവരുടെ ഇടയിലേക്ക് ഇറങ്ങി. കുപ്പയില്‍ ചികഞ്ഞ് എന്തെങ്കിലും തിന്നാനോ, വിറ്റ് കാശാക്കാനോ വേണ്ടി പരതുന്നത് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. അദ്ദേഹം മെല്ലെ അവരുമായി ചങ്ങാത്തം കൂടി. അതില്‍ കുറെപ്പേരെ അദ്ദേഹം പ്രചോദിപ്പിച്ച് ചേരികള്‍ വിട്ട് കൃഷിഭുമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവരെ മേസ്തിരി പണി പഠിപ്പിച്ചു സ്വന്തമായി വീട് പണിയുവാന്‍ പഠിപ്പിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശിഷ്യനായ ഫാ. പെഡ്രോ ആ ദരിദ്രനാരായണന്മാരുടെ ഉദ്ധാരണത്തിനായി ജീവിതം മാറ്റിവെച്ചു. അര്‍ജന്റീനക്കാരനായ അദ്ദേഹത്തിന്റെ തിയോളജി അദ്ധ്യാപകനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫാ. പെഡ്രോയുടെ പ്രവര്‍ത്തനങ്ങള്‍ കുപ്പത്തൊട്ടിയിലെ കുഞ്ഞുങ്ങളുടെ ജീവിതം തന്നെ മാറ്റിയെഴുതി. അദ്ദേഹം സ്ഥാപിച്ച അക്കമോസ അഥവാ സിറ്റി ഓഫ് ഫ്രണ്ട്ഷിപ്പ് എന്ന പ്രസ്ഥാനത്തിലൂടെ പതിനായിരക്കണക്കിന് ഭവനരഹിതര്‍ക്ക് വീട് സമ്മാനിച്ചു. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി. ഇതൊന്നും പുറമേ നിന്നു വന്ന ഫണ്ടുകൊണ്ടല്ല എന്നതാണ് അതിശയകരമായ കാര്യം. മാറ്റം അദ്ദേഹം അവര്‍ക്കിടയില്‍ നിന്നുതന്നെ ആരംഭിച്ചു.
അക്കമോസ 50 വര്‍ഷം കൊണ്ട് 25000 വീടുകളും 100 സ്കൂളുകളും ആറ് ക്ലിനിക്കുകളും രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളും പണിതു. വീടുകള്‍ പണിയാനായി ആന്റാനാനരിവേ നഗരത്തിനു പുറത്തുള്ള മലയിലെ ക്വാറിയില്‍ കല്ലുകള്‍ ശേഖരിച്ചു. പാറമട അദ്ദേഹം അക്കാമോസ കത്തീഡ്രലാക്കി മാറ്റി. 10000 ത്തോളം പേര്‍ക്ക് കുര്‍ബാന കാണുവാനുള്ള സൗകര്യമുണ്ട് അവിടെ. മഡ്ഗാസ്ക്കര്‍ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെയെത്തി ബലിയര്‍പ്പിച്ചിരുന്നു.
മഡ്ഗാസ്ക്കറിലെ ദരിദ്രര്‍ക്ക് അദ്ദേഹത്തെ മറക്കാനാകില്ല. അദ്ദേഹത്തിന്റെ പേരാണ് ഇത്തവണ സ്ലോവാനിയയിലെ പ്രധാനമന്ത്രി നൊബേല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫാ. ഒപെക്കിന്റെ അകമോസ കമ്മ്യൂണിറ്റി സാമൂഹിക-മാനുഷികവികസനത്തിനു നല്കിയ സംഭാവന വളരെ വലുതാണൊന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
അര്‍ജന്റീനയിലെ ബ്യൂവനോസ് ഐറിസില്‍ കുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്നാണ് ഫാ. ഒപെകിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സ്ലോവാനിയ യുഗോസ്ളാവിയുടെ ഭാഗമായി മാറി. ക്രിസ്ത്യാനിയായ അദ്ദേഹത്തിന്റെ പിതാവിനെ കമ്മ്യൂണിസ്റ്റുകാര്‍ വധിക്കാന്‍ ശ്രമിച്ചതുകൊണ്ട് അവര്‍ നാടുവിടുകയായിരുന്നു.
18-ാമത്തെ വയസില്‍ ഫാ ഒപെകാ അര്‍ജന്റീനയിലെ സെന്റ് വിന്സന്റിപോള്‍ സ്ഥാപിച്ച സഭയില്‍ അംഗമായി. തിയോളജി പഠിച്ചതിനുശേഷം രണ്ട് വര്‍ഷം മഡഗാസ്ക്കറില്‍ മിഷനറിയായി സേവനം ചെയ്തു. 1975 ല്‍ അര്‍ജന്റീനയില്‍ വച്ച് പട്ടം സ്വീകരിച്ചു. പിറ്റേവര്‍ഷം തന്നെ മഡഗാസ്ക്കറിലേക്ക് മടങ്ങിയെത്തി. 1989 ല്‍ അദ്ദേഹത്തെ അധികാരികള്‍ സെമിനായിരിയിലെ ഡയറക്ടറാക്കി. എന്നാല്‍, സെമിനാരിയിലെ സുഖസൗകര്യങ്ങളല്ല, ചേരികളിലെ അതിഭീകരമായ പട്ടിണിയും ദാരിദ്ര്യവും എച്ചില്പെറുക്കികളെന്ന് വിളിക്കപ്പെടുന്നവരുടെ മാനുഷികമായ അടിച്ചമര്‍ത്തലും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി.
ആളുകള്‍ സഹായത്തിനായി നിലവിളിച്ചുവെങ്കിലും ഒരു രാഷ്ട്രീയക്കാരനും അതു കേട്ടില്ല അദ്ദേഹം പറയുന്നു. വിദേശ ഫണ്ടിനുവേണ്ടി എഴുത്തുകുത്തുകള്‍ നടത്തി നേരം കളയാന്‍ അദ്ദേഹത്തിന് നേരമില്ല. ദാരിദ്ര്യം തുടച്ചുനീക്കേണ്ടതിന് മീറ്റിംഗുകളും കോണ്ഫ്രന്സുകളുമല്ല വേണ്ടത്. താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണെന്നും വെട്ടിത്തുറന്നുപറയാന്‍ അദ്ദേഹം മടികാണിക്കുന്നില്ല.
Send your feedback to : onlinekeralacatholic@gmail.com