ഫാ. തോമസ് പാണ്ടിപ്പള്ളി ഭാരതസഭയുടെ രക്തസാക്ഷി
ജോര്‍ജ് .കെ. ജെ - ഓഗസ്റ്റ് 2019
ഫാ. തോമസ് പാണ്ടിപള്ളി രക്തസാക്ഷിത്വം വരിച്ചിട്ട് 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.
മിഷന് ചൈതന്യം നിറഞ്ഞുനിന്നിരുന്ന തീക്ഷണമതിയായ മിഷണറിയായിരുന്ന അദ്ദേഹം 2008 ഓഗസ്റ്റ് 15 നായിരുന്നു രക്തസാക്ഷിത്വം വരിച്ചത്. ആന്ധ്രപ്രദേശിലെ യെല്ലാറെഡ്ഡിയിലെ ജീവദാന്‍ സെന്ററില്‍ ഡയറക്ടറായി ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹം മൃഗീയമായി വധിക്കപ്പെട്ടത്. ക്രിസ്തുവിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത നാട്ടില്‍ ക്രിസ്തുവിനുവേണ്ടി ജീവിച്ച്, ക്രിസ്തുവിനുവേണ്ടി മരിച്ച പുണ്യാത്മാവായിരുന്നു അദ്ദേഹം.
മാതാവിന്റെ സ്വര്ഗ്ഗാരോപണതിരുന്നാളില് ദൂരെയുള്ള ഒരു കോണ്‍വെന്റില്‍ ദിവ്യബലിയര്‍പ്പിച്ച് സ്വന്തം ഇടവകയിലേക്ക് മടങ്ങിവരുന്ന വഴിയില്‍ കാത്തിരുന്നാണ് അക്രമികള്‍ അദ്ദേഹത്തിന്റെ മേല്‍ ചാടിവീണത്. 30 കിലോമീറ്റര്‍ അകലെയുള്ള കോണ്‍വെന്റില്‍ മാതാവിന്റെ തിരുന്നാളിന്റെ ഭാഗമായുള്ള ദിവ്യബലിയര്‍പ്പിച്ച് രാത്രി മോട്ടോര്‍ ബൈക്കില്‍ സ്വന്തം ആശ്രമത്തിലേക്ക് മടങ്ങിയ അദ്ദേഹത്തിന് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. വഴിയരികില്‍ കാത്തുനിന്ന അക്രമികള്‍ നിഷ്ഠൂരമായി പീഡിപ്പിച്ച് കൊന്ന് കാട്ടില്‍ തള്ളുകയായിരുന്നു. 18 ഓളം മുറിവുകള്‍ ആ ശരീരത്തിലുണ്ടായിരുന്നു.
1971 ലായിരുന്നു ഫാ. തോമസ് പാണ്ടിപ്പള്ളിയുട ജനനം. 1987 ല്‍ സി.എം.ഐ സഭയില്‍ ചേര്‍ന്നു. 1992 ല്‍ വ്രതവാഗ്ദാനം ചെയ്തു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്തു. പൂനയിലെ ജ്ഞാന ദീപ വിദ്യാപീഠത്തില്‍ നിന്നും തിയോളജി പഠനം പൂര്‍ത്തിയാക്കി. 2002 ല്‍ പൗരോഹിത്യം സ്വീകരിച്ചു. യെല്ലാറെഡ്ഢിയിലെ ജീവന്‍ദാന്‍ സ്കൂളില്‍ സേവനം ചെയ്തു. അതിനുശേഷം ബെല്ലാംപള്ളിയിലെ നസ്രത്ത് ഭവനം ആസ്പിരന്റ്സ് ഹൗസിലെ റെക്ടറായി നിയമിതനായി. 2007 ല്‍ യെല്ലാറെഡിയിലെ ജീവന്‍ദാന്‍ സെന്റര്‍ ഡയറക്ടറും ഇടവകവൈദികനുമയി സേവനം ചെയ്തുകൊണ്ടിരിക്കേയാണ് രക്തസാക്ഷിത്വം വരിച്ചത്.
നലം തികഞ്ഞ ഒരു സന്യാസിയും മിഷനറി വൈദികനും ഗായകനും അദ്ധ്യാപകനുമൊക്കെയായിരുന്നു അദ്ദേഹം. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന മിഷന് ചൈതന്യമാണ് ചാന്ദ മിഷന് തിരഞ്ഞെടുക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എല്ലാവരോടും സ്നേഹത്തോടും കരുണയോടും കൂടിയായിരുന്നു അദ്ദേഹം ഇടപെട്ടിരുന്നത്. ഇടവകജനങ്ങളോടും സഹജീവികളോടും അദ്ദേഹം കാണിച്ച സ്നേഹത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
സുവിശേഷത്തിന് ജീവന് നല്കിയ ഫാ. പാണ്ടിപള്ളിയുടെ രക്തസാക്ഷിത്വം അനേകര്‍ക്ക് കൃപയുടെ വഴിയായി മാറികൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥയില്‍ നിരവധി ആളുകള്‍ക്ക് രോഗശാന്തി ലഭിക്കുന്നതിന്റെ സാക്ഷ്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാ. ജോഷി ജേക്കബ് വാഴപ്പിള്ളി അനുസ്മരിക്കുന്നു. ടെക്സാസിലെ ഹൂസ്റ്റണില്‍ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുതമാണ് ഏറ്റവും ഒടുവിലുത്തേത്. ഒരുവ്യക്തിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സര്‍ജറിയെത്തുടര്‍ന്ന് ഉണ്ടായ ഉണങ്ങാത്ത മുറിവ് അത്ഭുതകരമായി സൗഖ്യപ്പെട്ടുവെന്നതാണ് അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിലുണ്ടായ ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അത്ഭുതമെന്ന് ഫാ. ജോഷി പറയുന്നു.
ചാന്ദയിലെ സി.എം.ഐ മാര്‍ത്തോമ പ്രോവിന്സിലെ അംഗമായിരന്നു ഫാ. തോമസ് പാണ്ടിപള്ളി. കേരളത്തിനുപുറത്തുള്ള സി.എം.ഐ സഭയുടെ ആദ്യത്തെ മിഷന്പ്രദേശമായിരുന്നു ചാന്ദ മിഷന് പ്രവര്‍ത്തനമാരംഭിച്ചത് 1962 ലാണ്.
Send your feedback to : onlinekeralacatholic@gmail.com