സാഹോദര്യത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രത്തെല്ലി തൂത്തി
ജോര്‍ജ് .കെ. ജെ - ഒക്ടോബര്‍ 2020
മതമൗലികവാദവും ഭീകരതയും അസ്വസ്ഥമാക്കുന്ന സമകാലികലോകത്തില്‍ ജീവിക്കുന്ന സമര്വ്വജനതയ്ക്കും പ്രതീക്ഷയുടെ പ്രകാശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രത്തെല്ലി തൂത്തി. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സാഹോദര്യത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശം പേറുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രത്തെല്ലി തൂത്തി എന്ന ഇറ്റാലിയന്‍ വാക്കിനര്‍ത്ഥം എല്ലാവരും സഹോദരര്‍ എന്നാണ്. സാഹോദര്യവും സാമൂഹിക സൗഹൃദവും ലക്ഷ്യമാക്കിയ ചാക്രികലേഖനമായതിനാലാണ് ഈ പേര്. സാര്‍വ്വത്രിക സമൂഹത്തില്‍ അന്യം നിന്നുപോകുന്ന സാഹോദര്യവും സൗഹൃദവും എങ്ങനെ പുനസ്ഥാപിക്കാം എന്നാണ് ഈ ചാക്രികലേഖനത്തിലൂടെ മാര്‍പാപ്പ പറയുന്നത്.
വാദപ്രതിവാദങ്ങളല്ല, കറകളഞ്ഞ സാഹോദര്യവും സ്നേഹവുമാണ് സമാധാനത്തിന്റെ മാര്‍ഗമെന്ന് അസീസിയിലെ വി. ഫ്രാന്‍സിസ് നല്കിയ ഉപദേശവും മാതൃകയുമാണ് എല്ലാവരും സഹോദരര്‍ എന്ന രേഖയ്ക്കു പ്രചോദനമെന്ന് മാര്‍പാപ്പ സൂചിപ്പിക്കുന്നു. വിഘടനവാദവും അക്രമവും ഭീകരവാഴ്ചയും ലോകവ്യാപകമായി ദൃശ്യമാകുന്ന സാഹചര്യത്തില്‍ സകലമനുഷ്യരും സഹോദരരാണെന്ന അവബോധം അരക്കിട്ടുറപ്പിക്കുവാനുള്ള ഉദ്യമമാണ് മാര്‍പാപ്പയുടെ ഫ്രത്തെല്ലി തൂത്തി. ജാതി-മത-വര്‍ഗ-ദേശ വ്യത്യസങ്ങളുടെ പേരിലുള്ള വേര്തിരിവുകള്പ്പുറം സഹോദരങ്ങളായി സകലരും സ്നേഹത്തിലും സൗഹൃദത്തിലും ജീവിക്കണമെന്ന മാര്‍പാപ്പയുടെ സ്വപ്നമാണ് ഈ ചാക്രികലേഖനത്തിന്റെ പ്രമേയം.
നീതിപൂര്‍വ്വകവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഫ്രത്തെല്ലി തൂത്തിയിലൂടെ മാര്‍പാപ്പ സൂചിപ്പിക്കുന്ന രണ്ട് വഴികളാണ്. സാഹോദര്യവും സാമൂഹിക സൗഹൃദവും. വര്ഗ്ഗവര്ണവിവേചനങ്ങള് മാറ്റിവെച്ച് ലോകം മുഴുവനും മാനവികതയുടെ പേരില്‍ ഒരുമിക്കുവാനുള്ള ക്ഷണമാണ് ഫ്രത്തെല്ലി തൂത്തി.
അടഞ്ഞ ലോകത്തിനു മുകളിലുള്ള ഇരുണ്ട മേഘങ്ങള്‍ എന്ന ആദ്യ അദ്ധ്യായത്തില്‍ മാര്‍പാപ്പ ഈ കാലഘട്ടത്തിലെ വികലതകളിലേക്ക് വിരല്‍ചൂണ്ടുന്നു. അമിതമായ ദേശീയവാദവും അതില്‍ നിന്നുളവാകുന്ന സ്വാര്‍ത്ഥതയും സാര്‍വ്വത്രിക സാഹോദര്യത്തിന് തടസം നില്ക്കുന്നു. ദൈവം എല്ലാ മനുഷ്യരെയും അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിച്ചു. സഹോദരീസഹോദരന്മാരായി ഒരുമിച്ച് ജീവിക്കാന്‍ അവരെ വിളിച്ചു.
നമുക്കാര്‍ക്കും ഒറ്റയ്ക്ക് രക്ഷപ്പെടാനാവില്ല എന്ന സത്യം കോവിഡ് 19 മഹാമാരി നമ്മെ പഠിപ്പിക്കുന്ന വലിയ പാഠമാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു.
ജനാധിപത്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ദര്‍ശനങ്ങളുടെ വിരൂപമാക്കലും കൃത്രിമത്വങ്ങളും, സാമൂഹിക കൂട്ടായ്മയുടെ അര്‍ത്ഥവും ചരിത്രവും നഷ്ടപ്പെടല്‍, സ്വാര്‍ത്ഥതയും പൊതുനന്മയോടുള്ള നിസ്സംഗതയും, ലാഭത്തെയും മാലിന്യസംസ്ക്കാരത്തെയും അടിസ്ഥാനമാക്കിയുള്ള കമ്പോളങ്ങളുടെ വ്യാപകത്വം, തൊഴിലില്ലായ്മ, വംശീയത, ദാരിദ്യം, അവകാശങ്ങളിലും വേതനങ്ങളിലുമുള്ള അസമത്വം, മനുഷ്യക്കടത്ത്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഗര്‍ഭച്ഛിദ്രത്തിനുള്ള നിര്‍ബന്ധം, അവയവക്കടത്ത് (10-14). ഈ ആഗോള പ്രശ്നങ്ങള്‍ ആഗോളമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്യുന്നതായി മാര്‍പാപ്പ ഊന്നിപ്പറയുന്നു.
സുവിശേഷത്തിലെ നല്ല അയല്ക്കാരന്റെ ഉപമയുടെ വ്യാഖ്യാനമാണ് പാതവക്കിലെ അപരിചിതന് എന്ന രണ്ടാമത്തെ അദ്ധ്യായം. കവര്ച്ചക്കാരാല് ആക്രമിക്കപ്പെട്ടു നിസാഹയനായി വഴിയില്‍ക്കിടക്കുന്ന മനുഷ്യന്റെ ജാതിയും മതവും നോക്കാതെ അവനെ സഹോദരനായി കണ്ടു ശുശ്രൂഷിക്കുന്ന സമറായനെ ഇന്നത്തെ ലോകത്തിനു മാതൃകയായി മാര്‍പാപ്പ അവതരിപ്പിക്കുന്നു. വീണുപോയവരെയും സഹിക്കുന്നവരെയും ഉയര്‍ത്തുവാനും അവരെയും ഉള്‍പ്പെടുത്തി സഹ-ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തെ നിര്‍മ്മിക്കുവാനും നമുക്ക് കഴിയണം (77). നല്ല സമരിയാക്കാരനായി നാം മാറണം. മുന്‍വിധികള്‍, വ്യക്തിപരമായ താല്പര്യങ്ങള്, ചരിത്രപരമായ അല്ലെങ്കില്‍ സാംസ്ക്കാരിക പ്രതിബന്ധങ്ങള്‍ എന്നിവ മറികടന്ന് നല്ല സമരിയാക്കരനെപ്പോലെ പരസ്പരം അടുത്തിടപഴകാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു (81) എന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. സ്നേഹം പാലങ്ങള്‍ പണിയുന്നു, നമ്മള് സ്നേഹിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് (88). പുറത്തള്ളപ്പെട്ട ഒരോ വ്യക്തിയുടെ മുഖത്തും ക്രിസ്തുവിനെ തിരിച്ചറിയുവാനും (85) മാര്‍പാപ്പ ക്രൈസ്തവരെ ഓര്‍മ്മിപ്പിക്കുന്നു.
ഓരോ മനുഷ്യന്റെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന തുറവിയുള്ള ഒരു ലോകത്തെപ്പറ്റിയാണ് മൂന്നാം അദ്ധ്യായം. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അവകാശങ്ങള്‍ക്ക് അതിരുകള്‍ കല്പിക്കാന് പറ്റില്ലെന്നും സഹോദരിലേക്കുള്ള തുറവിയും അവര്‍ക്കുവേണ്ടി സ്വയം ദാനം ചെയ്യാനുള്ള സന്മാനസുമാണ് ജീവിതം സുന്ദരമാക്കാനുള്ള വഴിയെന്നും മാര്‍പാപ്പ പറയുന്നു.
അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചയാണ് ലോകം മുഴുവനിലേക്കു തുറന്ന ഒരു ഹൃദയം എന്ന നാലാം അദ്ധ്യായത്തിന്റെ കാതല്‍. ലോകത്ത് എവിടെ വേണമെങ്കിലും പോയി ജീവിക്കുവാന്‍ മനുഷ്യന് അടിസ്ഥാനപമരായ അവകാശമുണ്ടെങ്കിലും ജനിച്ചുവളര്‍ന്ന നാടും സംസ്ക്കാരവും ഉപേക്ഷിച്ച് വേറെ രാജ്യങ്ങളിലേക്കു കുടിയേറുന്നത് ചാക്രികലേഖനം നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും യുദ്ധം, വര്‍ഗീയ കലാപം, പ്രകൃതിക്ഷോഭം എന്നിവ മുലം കുടിയേറ്റം അനിവാര്യമാകുന്ന സാഹചര്യങ്ങളില്‍ സുരക്ഷിതമേഖല തേടിവരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കാന്‍ എല്ലാവര്ക്കും കടമയുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു.
എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കാന്‍ പര്യാപ്തമായ മെച്ചപ്പെട്ട രാഷ്ട്രീയമാണ് അഞ്ചാം അദ്ധ്യായത്തിന്റെ കാതല്‍. രാഷ്ട്രീയം ഉപവിയുടെ മൂല്യമേറിയ രൂപമാണ്. കാരണം പൊതുനന്മ ലക്ഷ്യമാക്കിയുളള ശുശ്രൂഷയാണത് (180). ജനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയും അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ശൈലിയാണ് വേണ്ടത്. ജനങ്ങളെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രിയ ശൈലിയല്ല പാപ്പ വിഭാവനം ചെയ്യുന്ന മെച്ചപ്പെട്ട രാഷ്ട്രീയത്തിലുള്ളത്. സാമൂഹിക ജീവിതത്തിലെ അനിവാര്യമായ മാനം സംരക്ഷിച്ചുകൊണ്ടുള്ള ജോലിയാണിത്. എല്ലാവര്ക്കും അവരവരുടെ കഴിവുകള്‍ക്കനുസൃതം വികാസം പ്രാപിക്കാനുള്ള അവസരം ഉറപ്പുവരുത്തുന്ന പ്രക്രീയയാണത്. (162).
സമൂഹത്തിലെ സംഭാഷണവും സൗഹൃദവും എന്ന ആറാം അദ്ധ്യായത്തില്‍ സാഹോദര്യത്തിന്റെ പാത സൗഹൃദസംഭാഷണമാണന്ന ചിന്തയാണ് മാര്‍പാപ്പ പങ്കുവെക്കുന്നത്. പരസ്പരാദരവും കറയറ്റ സ്നേഹവും തുറവിയുള്ള മനസും ശരിയായ സംവാദത്തിന് ഒഴിച്ചുകൂടാനാവാത്തവയാണെന്നു രേഖ സൂചിപ്പിക്കുന്നു. നമുക്ക് ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ കഴിയുമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ആരും ഉപയോഗശൂന്യരല്ല ആരെയും ചെലവഴിക്കാനാവുകയുമില്ല (215).
സമാധാനത്തിന്റെ മൂല്യവും അതിന്റെ പ്രചാരവും നവീകൃതമായ കൂടിക്കാഴ്ചയുടെ പാതകള്‍ എന്ന ഏഴാം അദ്ധ്യായത്തില്‍ ദര്‍ശിക്കാം. ക്ഷമയെ സമാധാനവുമായി ബന്ധിപ്പിച്ച് മാര്‍പാപ്പ ഇങ്ങനെ കുറിക്കുന്നു. ആരെയും ഒഴിവാക്കാതെ എല്ലാവരെയും നാം സ്നേഹിക്കണം. ഒരു പീഡകനെ സ്നേഹിക്കുകയെന്നാല്‍, മാറാനായി അവനെ സഹായിക്കുക അല്ലെങ്കില്‍ അയല്‍ക്കാരനെ തുടര്‍ന്നു പീഡിപ്പിക്കാനായി അവനെ അനുവദിക്കാതിരിക്കുക എന്നാണ്. ക്ഷമയെന്നാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടല്‍ എന്നല്ല, മറിച്ച് നീതിയും സ്മരണയുമാണ്. ക്ഷമിക്കുക എന്നാല്‍ മറക്കുയല്ല നേരെ മറിച്ച് തിന്മയുടെ നശീകരണ ശക്തിയെയും പ്രതികാരത്തിനുള്ള ആഗ്രഹത്തെയും ഉപേക്ഷിക്കലാണ്.
ഭൂതകാലത്തിലെ പ്രേതമല്ല യുദ്ധം, നിരന്തരം നിലനില്‍ക്കുന്ന ഭീഷണിയാണത്. നീതിപൂര്‍വ്വകമായ യുദ്ധം എന്നൊന്നില്ല. ഇനി യുദ്ധം പാടില്ല എന്നു തന്നെയായിരിക്കണം നമ്മുടെ ഉറച്ച നിലപാട്. ആയുധങ്ങള്‍ വാങ്ങാനായി ഉപയോഗിക്കുന്ന പണം ഉപയോഗിച്ച് വിശപ്പില്ലാതാക്കുന്ന ഒരു ആഗോള ഫണ്ടിന് ആരംഭം കുറിക്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു. വധശിക്ഷ അസ്വീകാര്യവും ലോകമെമ്പാടും നിര്ത്തലാക്കേണ്ടതുമാണെന്നു പാപ്പ പറയുന്നു.
വിശ്വസാഹോദര്യത്തിനായി മതങ്ങള്‍ എന്ന അവസാന അദ്ധ്യായത്തില്‍ മാനവകുടുംബത്തില്‍ മതങ്ങള്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പ ഉദ്ബാധിപ്പിക്കുന്നു.
മതമൗലികവാദവും വര്‍ഗീയ വൈരവും അക്രമവും ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഈ വിഷയം സുപ്രധാനമാണ്. ദൈവത്തിന്റെ പേരില്‍ മതങ്ങള്‍ യുദ്ധത്തിനു പ്രേരിപ്പിക്കുകയും വര്‍ഗവൈരം ഉദ്ദീപിപ്പിക്കുകയും രക്തച്ചൊരിച്ചിലിനിടയാക്കുകയും ചെയ്യുന്നത് മതത്തിന്റെ അന്തസത്തയില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ ഫലമാണ്. ദൈവവിശ്വാസം എല്ലാ മതസ്ഥരയെും സ്നേഹത്തില്‍ ഒന്നിപ്പിക്കണമെന്നും സഹയാത്രികരപ്പോലെ സഹോദരങ്ങളായി എല്ലാവരും പരസ്പരം കാണണമെന്നും പാപ്പ ആഹ്വാനം ചെയ്യുന്നു.
യുദ്ധവും ഭീതിയും ദാരിദ്ര്യവും വിശപ്പുമില്ലാത്ത ഒരു ലോകം അതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രത്തെല്ലി തൂത്തിയിലൂടെ സ്വപ്നം കാണുന്ന സുന്ദരമായ ലോകം.
Send your feedback to : onlinekeralacatholic@gmail.com