കന്യാസ്ത്രിമാരുടെ കാല്‍നട സുവിശേഷ യാത്ര
ജോര്‍ജ് .കെ. ജെ - നവംബർ 2019
നന്മ ചെയ്തു കടന്നുപോയ ഗലിലേയന്റെ മണവാട്ടികളായ കന്യാസ്ത്രിമാരുടെ സുവിശേഷപദയാത്ര സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. കോണ്‍വെന്റിന്റെ ആവൃതിക്കുള്ളില്‍ നിന്നും സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് നഗരങ്ങളും ഗ്രാമങ്ങളും നടന്നുകീഴടക്കുകയാണ് മദര്‍ ഓഫ് കാര്‍മ്മല്‍ കോണ്‍ഗ്രിഗേഷനിലെ ആറു കന്യാസ്ത്രിമാര്‍. ചെല്ലുന്നിടത്തെല്ലാം സമാധാനവും ശാന്തിയും കൃപയും ചൊരിഞ്ഞ് അവര്‍ കടന്നുപോകുന്നു.
കടത്തിണ്ണകളിലും ബസ് സ്റ്റോപ്പുകളിലും വഴിയോരങ്ങളിലും വെറുതെയിരിക്കുന്നവരെയും ലഹരിയുടെ പിടിയിലമര്ന്നുകഴിയുന്നവരെയും ഉപദേശിച്ചും സ്നേഹം പങ്കിട്ടും പ്രാര്‍ത്ഥിച്ചുമാണ് സിസ്റ്റര്മാര് നടന്നുപോകുന്നത്. അത്യാവശ്യവസ്തുക്കള്‍ മാത്രമേ കൈയില്‍ കരുതാറുള്ളു. വിളമ്പുന്നതു ഭക്ഷിക്കുകയും കഴിയുന്നിടത്ത് തലചായ്ക്കുകയും ചെയ്യും. കോണ്‍വെന്റോ പള്ളിമുറിയോ അടുത്തുണ്ടെങ്കില്‍ വിശ്രമിക്കും. വീണ്ടും ഉണര്‍ന്ന് പതിവുപോലെ യാത്ര തുടരും.
22 മാസം മുമ്പാണ് ഇത്തരമൊരു സുവിശേഷവത്ക്കരണ രീതിയ്ക്ക് സിസ്റ്റര്മാര് എറണാകുളം അങ്കമാലി അതിരൂപതയില്‍ ഹരിശ്രീ കുറിച്ചത്. രണ്ടുപേരായി തുടങ്ങിയ പദയാത്രയില്‍ ഇപ്പോള്‍ ഒരേ തൂവല്‍പ്പക്ഷികളായ ആറുപേരായി. എറണാകുളം അങ്കമാലി രൂപത കഴിഞ്ഞ് അവര്‍ ഇടുക്കി രൂപതയും തലശ്ശേരി രൂപതയും നടന്നുതീര്‍ത്തു. വെറുതെ നടന്നുപോകുകയല്ല, അവര്‍ കൊന്തചൊല്ലിക്കൊണ്ടാണ് കടന്നുപോകുന്നത്. ഇപ്പോള്‍ അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളിലൂടെയാണ് അവരുടെ പദയാത്ര. 2020 മെയ് മാസത്തിലാണ് അവിടുത്തെ സുവിശേഷപദയാത്ര അവസാനിക്കുക.
കൂലിത്തൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും കടത്തിണ്ണകളിലും മറ്റും വെറുതെയിരിക്കുന്നവരെയും സിസ്റ്റര്മാര് പരിചയപ്പെടും. പലര്‍ക്കും അത് ആദ്യത്തെ അനുഭവമായിരിക്കും. അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയും അവര്‍ക്കുവേണ്ടി അല്പനേരം പ്രാര്‍ത്ഥിക്കും. പിന്നെ സാവധാനം നന്മകള് നേര്‍ന്ന് കടന്നുപോകും. ഇതുവരെയും തങ്ങള്‍ക്ക് യാതൊരു പ്രതിബന്ധവുമുണ്ടായിട്ടില്ലെന്ന് സി. ലിറ്റില്‍ തെരേസ പറയുന്നു. മാത്രമല്ല, ഇനി എന്ത് പ്രതിബന്ധമുണ്ടായാലും അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. ഒരിക്കല്‍പോലും ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരുമായി സുവിശേഷം പങ്കിടുകയാണ് അവരുടെ ലക്ഷ്യം. ഇതുവരെയായി അവര്‍ വിവിധ രൂപതകളിലെ 560 ഇടവകകളിലൂടെ കടന്നുപോയി. 26000 ആളുകളുമായി സംസാരിച്ചു. 8000 വീടുകള്‍ സന്ദര്‍ശിച്ചു. ഏകദേശം 4350 മൈല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.
ഒരു ഗ്രാമത്തിലെത്തിയാല് അവര്‍ ബസിലോ, ഓട്ടോയിലോ യാത്ര ചെയ്യില്ലു. മറിച്ച് ഒരുമിച്ച് കൊന്തചൊല്ലി നടക്കും. മഴയായാലും വെയിലായാലും പ്രശ്നമില്ല. കഴിഞ്ഞ 22 മാസമായി തുടരുന്ന യാത്രയില്‍ ഇതുവരെയും ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിതുമില്ല. അത് വലിയൊരു ദൈവാനുഗ്രഹമായി അവര്‍ കരുതുന്നു.
സി. ജിന്‍സ റോസ്, സി. തെരേസ, സി. പ്രിന്‍സി, സി. മരിയ, സി. ആന്‍ ലിജി, സി. മാര്‍ഗരറ്റ് എന്നിവരാണ് സംഘത്തിലെ ആറുപേര്‍. ആറു കന്യാസ്ത്രിമാരില്‍ ഏറ്റവും പ്രായമുള്ളത് സി. ആന്‍ ലിജിയാണ്. സ്കൂള്‍ അദ്ധ്യാപികയായിരുന്നു. നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ യാതൊരുപ്രശ്നവുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. സി. തെരേസ നഴ്സും കോണ്‍ഗ്രിഗേഷന്റെ ഭോപ്പാല്‍ പ്രോവിന്സിലെ അംഗവുമാണ്. നേരത്തെ ഓസ്ട്രിയയിലെ വിയന്നയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. അതിനുശേഷമാണ് കാല്‍നട സുവിശേഷവത്ക്കരണത്തില്‍ പങ്കാളിയായത്.
ആലഞ്ചേരി പിതാവിന്റെയും കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ സി. സിബിയുടെയും ആശിര്‍വാദത്തോടെയും അനുവാദത്തോടെയുമാണ് യാത്ര തുടങ്ങിയത്. ഒരുവര്‍ഷത്തിനുശേഷം പിതാവ് അവരുടെ സുവിശേഷവത്ക്കരണ യാത്രയെ അനുമോദിച്ചു. കൂടുതല്‍ സിസ്റ്റര്മാര് ഈ പദയാത്രയില്‍ കണ്ണികളായാല്‍ നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവിടെയൊക്കെ പോയോ അവിടെയൊക്കെ നന്മയുടെ തിരിതെളിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. പദയാത്ര തുടരുന്ന കന്യാസ്ത്രിമാര്‍ സഭയുടെ റോള്‍ മോഡലുകളാണെന്ന് തലശ്ശേരിരൂപതാദ്ധ്യക്ഷന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com