ഇറാക്കിലെ ക്രൈസ്തവ സഭയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത അഞ്ച് കാര്യങ്ങള്‍
സോയി മാത്യു - മാര്‍ച്ച് 2021
പീഡനങ്ങളുടെ തീച്ചുളയില്‍ വളര്‍ന്നുവന്ന ഇറാക്കിലെ ക്രൈസ്തവ സഭയുടെ ചരിത്രം അപ്പസ്തോലന്മാരുടെ കാലത്തോളം നീളുന്നതാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ജീവിക്കുന്ന രക്തസാക്ഷികള്‍. അവരുടെ പാരമ്പര്യം ആദിമ നൂറ്റാണ്ടോളം നീളുന്നുവെങ്കിലും ഇറാക്കിലെ ക്രൈസ്തവര്‍ വംശനാശത്തിന്റെ പാതയിലാണ്. ഇറാക്കിലെ ആകെ ജനസംഖ്യയുടെ വെറും 2 ശതമാനം മാത്രമായ ക്രൈസ്തവ സഭയുടെ അറിയപ്പെടാത്ത ചില കാര്യങ്ങള്‍.
1. മുസ്ലിം വിശ്വാസികള്ക്കുമുമ്പേ അവരുണ്ടായിരുന്നു
ബൈബിളിന്റെ വേരുകള്‍ പടര്‍ന്നിറങ്ങിയ സ്ഥലമാണ് ഇറാക്ക്. ജനതകളുടെ പിതാവായ അബ്രാഹത്തിന്റെ ജന്മസ്ഥലമായ ഊര് ഇവിടെയാണ്. സെന്റ് തോമസ് അപ്പസ്തോലനാല്‍ സ്ഥാപിതമായതാണ് ഇവിടുത്തെ കല്‍ദായ സഭ. 16 ാം നൂറ്റാണ്ടോടുകൂടി വളര്‍ന്നു പന്തലിച്ച ഇറാക്കിലെ സഭ ഇന്ത്യയിലേക്കും ചൈനയിലേക്കും മിഷനറിമാരെ അയച്ചിരുന്നുവെന്നോര്ക്കുമ്പോഴാണ് നാം അതിശയപ്പെട്ടുപോകുക. ഇറാക്കിലെ ക്രൈസ്തവര്‍ മെസേപ്പൊട്ടേമിയന് സംസ്ക്കാരത്തില്‍ വേരുകളുള്ളവരും ക്രിസ്തുമതം സ്വീകരിച്ചവരുമാണ്.
2. വൈവിധ്യമാര്‍ന്ന സഭകളുടെ സമ്മിശ്രണം
വിവിധ സഭകളുടെ സമ്മിശ്രണമാണ് ഇറാക്കിലെ ക്രൈസ്തവ സഭ. റോമിനെ അംഗീകരിക്കുന്ന കല്‍ദായന്‍ സഭ. റോമിനെ അംഗീകരിക്കാത്ത അസീറിയന്‍ ചര്‍ച്ച് ഓഫ് ദ ഈസ്റ്റ്. നെസ്റ്റോറിനിസം അനുഭാവം കൊണ്ട് റോമില്‍ നിന്നും ബന്ധമറ്റുപോയ സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്. 1662 ല്‍ അവരില്‍ നിന്നും അടര്‍ന്ന് റോമിന്റെ മടിത്തട്ടിലേക്ക് മടങ്ങിവന്ന സിറിയന്‍ കാത്തലിക് ചര്‍ച്ച് എന്നിങ്ങനെ നാല് സഭാ സമൂഹങ്ങളാണ് മുഖ്യമായും ഇറാക്കിലുള്ളത്. കൂടാതെ, ഓര്‍ത്തഡോക്സും കത്തോലിക്കരുമായി വിഭജിക്കപ്പെട്ടിരിക്കുന്ന അര്‍മേനിയന്‍ സമൂഹം, ലാറ്റിന്‍ ചര്‍ച്ച്, കോപ്റ്റിക് ചര്‍ച്ച്, പ്രൊട്ടസ്റ്റന്റ് ചര്‍ച്ച്, ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, മെല്‍ക്കൈറ്റ് ചര്‍ച്ച് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ക്രൈസ്തവ സഭകളാണ് ഇറാക്കിന്റെ ക്രൈസ്തവ സമൂഹം.
3. ക്രൈസ്തവരുടെ എണ്ണം 20 വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ 10 ശതമാനത്തിലും താഴെ
അക്രമങ്ങളും വിവേചനവും സാമ്പത്തികപ്രതിസന്ധിയുമെല്ലാം ക്രൈസ്തവരെ ഇറാക്കില്‍ നിന്നും പലായനം ചെയ്യിച്ചു. 2000 ല്‍ അവിടെ 15 ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ പത്തിലൊന്നുപോലുമില്ല എന്നതാണ് സത്യം. എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. കാരണം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നിനിവേ നഗരം പിടിച്ചെടുത്തപ്പോള്‍ ക്രൈസ്തവ കേന്ദ്രമായിരുന്ന നിനിവേ നഗരം ശൂന്യമായിരുന്നു. എങ്കിലും ഇപ്പോള്‍ അവരില്‍ 40 ശതമാനത്തോളം ആളുകള്‍ മടങ്ങിയെത്തിയെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ ക്വറാഘോഷ് നഗരത്തില്‍ നേരത്തെയുണ്ടായിരുന്ന പകുതിയോളം ക്രൈസ്തവരും തിരിച്ചെത്തിയിരിക്കുന്നു.
4. കത്തോലിക്കര്‍ക്ക് സുപ്രധാനമായ സാംസ്ക്കാരിക സ്വാധീനം
ഇറാക്കിലെ കത്തോലിക്ക സഭയ്ക്ക് 19 ബിഷപ്പുമാരും, 113 രൂപതാ വൈദികരും 40 സന്യസ്തവൈദികരും 20 ഡീക്കډാരും ഉണ്ട്. 32 പേര് പൗരോഹിത്യം കാത്തിരിക്കുന്നു. സംഖ്യ വളരെ ചെറുതാണ് എങ്കിലും സ്വന്തം രാജ്യത്ത് അവര്‍ക്കുള്ള സാംസ്ക്കാരിക സ്വാധീനം വളരെ വലുതാണെന്ന് മോണ്‍ പാസ്ക്കല്‍ ഗോളിനിഷ് പറയുന്നു.
കത്തോലിക്കസഭയ്ക്ക് അവിടെ 55 പ്രൈമറിസ്കൂളുകളും 4 സെക്കണ്ടറി സ്കൂളുകളും 9 യുനിവേഴ്സിറ്റികളുമുണ്ട്. തകര്ക്കപ്പെട്ടതെങ്കിലും തകര്‍ക്കാനാകാത്ത സാംസ്ക്കാരികവും സാമൂഹികവുമായ സ്വാധീനമാണ് ക്രൈസ്തവ സഭയ്ക്കുള്ളത്.
5. രണ്ടുപതിറ്റാണ്ടോളം സഹനച്ചൂളയില്
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇറാക്കിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കണക്കില്ല. സദാം ഹൂസൈന്റെ ഭരണം 2003 ല്‍ നിലംപതിച്ചതോടുകൂടിയുണ്ടായ അരക്ഷിതാവസ്ഥ ക്രൈസ്തവര്‍ക്ക് കൊലവിളിയായി മാറി. 2006 ല്‍ മാത്രം അവിടുത്തെ 36 ദേവാലയങ്ങള്‍ അക്രമിക്കപ്പെട്ടു. 2008 ല്‍ മോസൂളിലെ കല്‍ദായന്‍ ആര്‍ച്ചുബിഷപ് വധിക്കപ്പെട്ടു. 2010 ല്‍ ബാഗ്ദാദിലെ സിറിയന്‍ കത്തോലിക്ക ദേവാലയത്തിലുണ്ടായ സ്ഫോടനത്തില്‍ 58 പേര് കൊല്ലപ്പെട്ടു. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കീഴടക്കിയ നിനിവേ നഗരത്തില്‍ നിന്നും 150,000 ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടിവന്നു. അതില്‍ എത്ര പേര് കൊല്ലപ്പെട്ടുവെന്നോ, എത്ര പേര് മടങ്ങിയെത്തിയെന്നോ കൃത്യമായ കണക്കുകളില്ല.
Send your feedback to : onlinekeralacatholic@gmail.com