ക്രിസ്തുമസ് പുല്‍ക്കൂടുകള്‍ക്കു പിന്നില്‍
ജെയ്സണ്‍ പീറ്റര്‍ - ഡിസംബര്‍ 2020
ക്രിസ്തുമസ് കുര്‍ബാന കഴിഞ്ഞാല്‍ നാം ആദ്യം ഓടിയെത്തുക ദേവാലയത്തിലെ പുല്ക്കൂട്ടിലേക്കാണ്. ആട്ടിടയന്മാരും ആടുകളും നിരന്നു നില്ക്കുന്ന പുല്‍ക്കൂട്ടില്‍ മാതാവിന്റെ മുന്നില്‍ മയങ്ങുന്ന പൈതലിന്റെ രൂപം കാണുമ്പോള്‍ ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ചരിത്രം നമ്മുടെ മനസ്സില്‍ പുനര്ജ്ജീവിക്കും. തിരുപ്പിറവിയുടെ ചരിത്രം ഇത്രമാത്രം ലളിതമായി പറഞ്ഞുതരുന്ന മറ്റൊരു പ്രതീകവുമുണ്ടാകില്ല. ഓരോ സ്ഥലത്തും ഓരോരുത്തരുടെ ഭാവനയും കഴിവുകളും ചേരുമ്പോള്‍ ഓരോ പൂല്‍ക്കൂടും വ്യത്യസ്തമായിരിക്കും പക്ഷേ, സന്ദേശം ലളിതവുമായിരിക്കും. സത്യത്തില്‍ പുല്‍ക്കൂട് നിര്‍മ്മിക്കുന്ന പാരമ്പര്യം എന്നു തുടങ്ങിയതാണ്. ആരാണ് ഇതിന് തുടക്കമിട്ടത്. എന്നു മുതലാണ് ക്രിസ്തുമസ് പുല്ക്കൂടുകള് നിര്‍മ്മിക്കുന്ന പാരമ്പര്യം സഭയില്സ്ഥാനംപിടിച്ചതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
കാലിത്തൊഴുത്തെന്ന പ്രതീകം ബൈബിളില്‍ നിന്ന് ഉത്ഭവിച്ചതാണെങ്കിലും ഇന്നു നാം കാണുന്ന പൂല്‍ക്കൂടുകളുടെ ഉത്ഭവം ഫ്രാന്‍സിസ് അസീസിയുടെ ഇറ്റലിയിലെ ഗ്രേചോ പട്ടണത്തിലെ ഗുഹയിലെ പ്രാര്‍ത്ഥനയോടും അദ്ദേഹത്തിന്റെ വേറിട്ട ചിന്തകളില്‍ നിന്നും ഉത്ഭവിച്ചതാണ്. ഗ്രേചോ പട്ടണത്തിലെ ഗുഹയില്‍ അസീസിയിലെ വി. ഫ്രാന്‍സിസ് പതിവുപോലെ പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്ത്ഥനയ്ക്കിടയില് യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ വിശുദ്ധനഗരം അദ്ദേഹത്തിന്റെ മനസ്സില്‍ വരികയും ബത്ലഹേമിന്റെ ഓര്‍മകള്‍ ഉണരുകയും ചെയ്തു. മാത്രമല്ല, റോമനഗര സന്ദര്‍ശനത്തിനിടെ മേരി മേജര്‍ ബസിലിക്കയിലെ തിരുപ്പിറവിയുടെ ചിത്രീകരണങ്ങളും വി. ഫ്രാന്‍സിസിന്റെ മനസില്‍ ബത്ലഹേത്തെക്കുറിച്ചുള്ള ആത്മീയാവേശം നിറച്ചു.
1223 ലെ ക്രിസ്തുമസിനു 15 ദിവസം മുമ്പ് അവിടെ പട്ടണത്തില്‍ തനിക്കു പരിചയമുള്ള ജോണ്‍ എന്നയാളോട് ഗുഹയ്ക്കുള്ളില്‍ ഒരു ദൃശ്യാവിഷ്ക്കാരം നടത്താന്‍ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. ഈശോ പിറന്ന ബെത്ലഹേമിലെ സൗകര്യക്കുറവുകള്‍ വ്യക്തമാക്കുന്ന വിധത്തില്‍ ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ഒരുക്കാനും യേശുവിന്റെ അമ്മയായ മേരിയും അപ്പനായ യൗസേപ്പും ഉണ്ണിയും ഇടയന്മാരും മാലാഖമാരുമുള്ള ഒരു പുല്‍ക്കൂട് ഗ്രേചോ ഗുഹയില്‍ പുനരാവിഷ്ക്കരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഫ്രാന്‍സിസ് ആവശ്യപ്പെട്ടതുപ്രകാരമുള്ള എല്ലാ സംവിധാനങ്ങളും സ്നേഹിതന് ഗുഹയില്‍ ഒരുക്കി. ക്രിസ്തുമസ് രാത്രിയില്‍ ജോണിന്റെ സഹോദരങ്ങളും ഗ്രേചോയുടെ വിവിധഭാഗങ്ങളിലെ കാര്ഷികവൃത്തികളിലേര്പ്പെട്ടിരുന്നവരും സകുടുംബം ഗ്രേചോ ഗുഹയിലെത്തി. അവര്‍ പൂക്കളും വിളക്കുകളുമായി ആ ക്രിസ്തുമസ് രാവിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഉണ്ണിയെ കിടത്തിയ പുല്‍ത്തൊട്ടിക്കു സമീപം വൈദികന് കൂടിയായ ഫ്രാന്‍സിസ് അസീസി ദിവ്യബലിയര്‍പ്പിച്ചു. ഇതാണു പുല്‍ക്കൂടിന്റെ ദൃശ്യാവിഷ്ക്കാരത്തിന്റെ യഥാര്‍ത്ഥ ആരംഭം. ജോണിന്റെ നിര്‍ദ്ദേശപ്രകാരം അവിടെ ഗ്രേചോ ഗുഹയില്‍ കൂടിയവര്‍ എല്ലാവരും തിരുപ്പിറവിയുടെ യഥാര്‍ത്ഥ ആഖ്യാനത്തില്‍ നിന്നും വലിയ വ്യത്യാസമില്ലാതെ പിന്നീട് ലോകമെങ്ങും മുഖ്യ പ്രാമുഖ്യം ലഭിച്ച പുല്ക്കൂടിനോടു ചേര്‍ന്ന്, ക്രിസ്തുമസ് രാത്രിയുടെ യഥാര്‍ത്ഥ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ക്രിസ്തുവിന്റെ ജനനം പുല്‍ക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്ക്കരിച്ചതുവഴി പുല്‍ക്കൂടെന്ന പുതിയ തുടക്കമാണ് വിശുദ്ധ ഫ്രാന്‍സിസ് ലോകത്തിനു നല്‍കിയത്. ദൈവപുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ അദ്ദേഹം സ്വയം ഏറ്റെടുത്ത ദാരിദ്ര്യവും ലാളിത്യവും ഈ പുല്ക്കൂടുകള് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
മദ്ധ്യകാലഘട്ടത്തില്‍ പുല്ക്കൂടുകള് വളരെ പ്രചാരം നേടി. ആദ്യം ദൃശ്യാവിഷ്ക്കാരത്തില്‍ യഥാര്‍ത്ഥ ആളുകളായിരുന്നുവെങ്കില്‍ പിന്നീട് അത് രൂപങ്ങള്‍ക്ക് വഴിമാറി. 18-ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ കലാകാരന്മാര് വലിയ സൈസിലുള്ള ഇടയന്മാരെയും ആടുകളെയുമൊക്കെ പുനസൃഷ്ടിച്ചു. അതോടെകൂടി യൂറോപ്പിലെങ്ങും പുല്‍ക്കൂടിനോടുള്ള താല്പര്യം പടര്‍ന്നുപിടിച്ചു.
ഓരോ രാജ്യത്തും ഓരോ പ്രദേശത്തും അതെല്ലാം അവരുടേതായ പാരമ്പര്യങ്ങളും പശ്ചാത്തലവും കൈവരിച്ചു.ഓരോരുത്തരുടേയും പുല്ക്കൂടുകളില് കഥാപാത്രങ്ങളുടെ എണ്ണവും വലിപ്പവുമൊക്കെ കൂടിയും കുറഞ്ഞുമിരുന്നെങ്കിലും ലാളിത്യമായിരുന്നു എവിടെയാണെങ്കിലും പുല്‍ക്കൂടിന്റെ മുഖമുദ്ര.
Send your feedback to : onlinekeralacatholic@gmail.com