മാതാവ് എങ്ങനെയാണ് റഷ്യന്‍ സാമ്രാജ്യത്ത തകര്‍ത്തത്, ഉക്രൈനിയന്‍ ഗ്രീക്ക് കാത്തലിക് സഭാ തലവന്റെ ഓര്‍മ്മകള്‍
ബോബന് എബ്രാഹം - മെയ് 2021
കിരാതമായ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സോവിയറ്റ് റഷ്യയുടെ ഭാഗമായ ഉക്രൈനില്‍ ജനിച്ചുവളരുകയും നിരീശ്വരത്വം അടിച്ചേല്പിച്ച സമൂഹത്തിന്റെ വെല്ലുവിളികളെ അവഗണിച്ച് രഹസ്യസെമിനാരിയില് പഠിക്കുകയും വൈദികനാകുകയും ചെയ്ത ധീരനായ വ്യക്തിയാണ് ഉക്രൈനിയന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ച് തലവന്‍ ആര്‍ച്ചുബിഷപ് സ്വിയാറ്റോസ്ലവ് ഷെവുചുക്. രണ്ടുവര്‍ഷത്തെ പട്ടാള സേവനത്തിനുശേഷമാണ് അദ്ദേഹം സെമിനാരി പഠനം പൂര്‍ത്തിയാക്കി വൈദികനായത്. പ്രതിസന്ധികളിലൂം പീഡനങ്ങളിലും അണഞ്ഞുപോകാതെ വിശ്വാസം കാത്തുസൂക്ഷിച്ച ആര്‍ച്ചുബിഷപ് സ്വിയാറ്റോസ്ലവുമായി മരി പൗളിന് മെയര്‍ വേര് ഗോഡ് വീപ്സ് എന്ന പ്രോഗാമിനുവേണ്ടി നടത്തിയ അഭിമുഖത്തില്‍ നിന്ന്.....
താങ്കള്‍ കുരിശുരൂപത്തിനുപകരം മാതാവിന്റെ രൂപമാണല്ലോ ധരിച്ചിരിക്കുന്നത്? ഈ പാരമ്പര്യത്തെക്കുറിച്ച് പറയാമോ?
പൗരസ്ത്യസഭയിലെ ബിഷപ്പുമാരുടെ അന്തസ്സ് കാണിക്കുന്നതിനു വേണ്ടിയാണ് ഈ രൂപം അണിയുന്നത്. മാതാവിന്റെ ഈ രൂപം കൈകൊണ്ട് നിര്‍മ്മിച്ചതും എന്നെ ബിഷപ്പായി വാഴിച്ചപ്പോള്‍ എന്റെ പാത്രീയാര്‍ക്കീസ് എനിക്ക് സമ്മാനിച്ചതുമാണ്. അതു നല്കിയപ്പോള് പാത്രീയാര്‍ക്കീസ് പറഞ്ഞത് നിനക്ക് എപ്പോഴെങ്കിലും വിഷമമുണ്ടാകുകയാണെങ്കില്‍ മാതാവ് ആശ്വാസമേകും എന്നാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉക്രൈനിയന്‍ സഭ ചിതറിപ്പോയി. എങ്കിലും സോവിയറ്റ് പീഡനകാലത്ത് സഭ വീണ്ടും ശക്തി പ്രാപിച്ചു.ഇത് താങ്കളെ സംബന്ധിച്ച് എങ്ങനെയായിരുന്നു?
ഞാന്‍ വളര്‍ന്നത് പൂര്‍ണമായും നിരീശ്വരമായ ഒരു സമൂഹത്തിലായിരുന്നു. അതില്‍ എല്ലാവിധത്തിലുള്ള ദൈവസങ്കല്പങ്ങളും നിരാകരിക്കപ്പെട്ടിരുന്നു. ദൈവം ഇല്ല എന്നുതന്നെയാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. പക്ഷേ, എന്റെ കുടുംബം എന്നെ പഠിപ്പിച്ചത് മറിച്ചായിരുന്നു. വീട്ടില്‍ നിന്നാണ് എനിക്ക് വിശ്വാസം പകര്‍ന്നുകിട്ടിയത്. ഈ സാഹചര്യത്തിലണ് സഭ ഒരു സമൂഹമെന്ന നിലയില്‍ അതിന്റെ വിശ്വാസം പ്രകടിപ്പിക്കുവാനുളള അവസരങ്ങള്‍ വീണുകിട്ടിയിരുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തി മരിക്കുമ്പോള്‍ വിശ്വാസികള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ചിരുന്നു. അതുപോലെ മരണാനന്തരചടങ്ങുകള്‍ക്കായി പാതിരാത്രിയില്‍ ഒരു വൈദികന് എത്തിച്ചേരുകയും രാവിലെ അപ്രത്യക്ഷമാകുകയും ചെയ്യുമായിരുന്നു. ആ വൈദികന്റെ ജീവിതം എന്നില്‍ വലിയ ജിജ്ഞാസ ഉളവാക്കി. ഒരു ബാലനെന്ന നിലയില്‍ വൈദികന് ആരാണെന്നും അദ്ദേഹം എന്താണ് ചെയ്യുന്നതെന്നും മനസ്സിലാക്കണമെന്ന് തോന്നി. ആ വ്യക്തിയില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാക്ഷിയെ ഞാന്‍ കണ്ടു. ആ വൈദികനെ രണ്ടു പ്രാവശ്യം തന്റെ മിനിസ്ട്രിയുടെ പേരില്‍ ജയിലിലടച്ചു. ആ വ്യക്തിയില്‍ ഞാന്‍ ശരിക്കും നമ്മുടെ ജീവിതം സമര്‍പ്പിക്കുവാന്‍ പറ്റിയ മറ്റൊരുവ്യക്തിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. സമൂഹം പറയുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു അറിവായിരുന്നു അത്. അങ്ങനെയാണ് ഒരു നിരീശ്വരസമൂഹത്തില് ദൈവത്തിന്റെ സാന്നിധ്യം ഞാന്‍ തിരിച്ചറിഞ്ഞത്.
സെമിനാരിയില്‍ പോകാന്‍ അനുവാദമുണ്ടായിരുന്നോ?
ഇല്ല. പക്ഷേ, ഒരു വ്യക്തിയെ വൈദികപഠനത്തിന് ഒരുക്കുന്ന സംവിധാനങ്ങളുണ്ടായിരുന്നു. മരണാനന്തരചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ആ വൈദികന് സത്യത്തില്‍ ഒരു രഹസ്യ സെമിനാരിയുടെ റെക്ടര്‍ ആയിരുന്നു. അത് എന്നെ സംബന്ധിച്ച് പുതിയ ഒരു ലോകത്തിന്റെ കണ്ടെത്തലായിരുന്നു.
രഹസ്യ സെമിനാരിയില്‍ രാത്രിയിലായിരുന്നോ പഠനം?
അത് എപ്പോഴും രാത്രിയിലായിരുന്നില്ല. പല സമയങ്ങളിലാണ് ഞാന്‍ എന്റെ പ്രഫസര്‍മാരെ കണ്ടെത്തിയിരുന്നത്. രണ്ടു മാസത്തിലൊരിക്കലാണ് പ്രഫസര്‍മാരെ കാണുക. കാണുമ്പോള്‍ അവര്‍ ഒരു പുസ്തകം തരും. ഞാനത് വീട്ടില്‍കൊണ്ടുവന്ന് ആരും കാണാതെ പകര്ത്തിയെഴുതും പഠിക്കും. വി.ലൂക്കായുടെ സുവിശേഷമൊക്കെ ഇങ്ങനെ പകര്‍ത്തിയെഴുതിയതായി ഞാനോര്‍ക്കുന്നു. ഇതായിരുന്നു സെമിനാരി പഠനത്തിന്റെ രീതി. ഇത്തരത്തിലുള്ള ഫോര്മേഷന് വര്‍ഷങ്ങളോളം എടുത്തു പൂര്‍ത്തിയാക്കാന്‍, അത് അപൂര്‍ണ്ണമാണ് എന്ന് എനിക്കറിയാമായിരുന്നെങ്കിലും.
താങ്കള്‍ക്ക് രഹസ്യപ്പോലീസിനെ ഭയമില്ലായിരുന്നോ?
ഒരു ടീനേജര്‍ എന്ന നിലയില്‍ ഞാന്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അത് എനിക്കുമാത്രം അറിയാമായിരുന്ന രഹസ്യമായിരുന്നു. എന്റെ മാതാപിതാക്കള്‍ പോലും ഈ രഹസ്യം അറിഞ്ഞിരുന്നില്ല. പഠനം തുടങ്ങി ഒരു വര്‍ഷത്തിനുശേഷമാണ് രഹസ്യപ്പോലീസ് എന്റെ സെമിനാരിപഠനം കണ്ടെത്തിയാല്‍ ഉണ്ടായേക്കാവുന്ന ഭീകരത ഞാന്‍ മനസ്സിലാക്കിയത്.
എന്റെ അമ്മ ഒരു മ്യൂസിക് ടീച്ചര്‍ ആയിരുന്നു. പിതാവ് ഒരു എഞ്ചിനിയറും. എന്നെ രഹസ്യപ്പോലീസ് പിടിച്ചിരുന്നെങ്കില്‍ അവരുടെ ജോലി പോകുമായിരുന്നു. ഉക്രൈനില്‍ ഇങ്ങനെ രഹസ്യപ്പോലീസ് പിടികൂടുന്നവരെ സാധാരണ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തിരുന്നു. സത്യത്തില്‍ ആ നാളുകളില്‍ ഉക്രൈനില്‍ ഇത്തരം സംഭവങ്ങള്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നില്ല.
താങ്കള്‍ക്ക് ഒന്നും സംഭവിച്ചില്ലേ?
ദൈവത്തിന് നന്ദി. എന്നെ ആരും പിടികൂടിയില്ല. സത്യത്തില്‍ മാതാവ് സോവിയറ്റ് യൂനിയന്‍ സമ്രാജ്യത്തെ തകര്‍ത്തു. അങ്ങനെ എനിക്ക് വൈദികനാകുവാനും കഴിഞ്ഞു. മനുഷ്യന് സേവിയറ്റ് യൂനിയനെ നശിപ്പിക്കാനാവില്ല. അത് ദൈവത്തിന് മാത്രമേ സാധിക്കുവെന്ന് ഞങ്ങള്‍ സ്ഥിരമായി പ്രാര്‍ത്ഥിച്ചിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.
റഷ്യയില്‍ രഹസ്യമായി അര്‍പ്പിക്കപ്പെട്ടിരുന്ന ദിവ്യബലികളെക്കുറിച്ച് കേട്ടിട്ടുണ്ട്. താങ്കളുടെ അനുഭവം?
ദിവ്യകാരുണ്യമില്ലാതെ സഭ നിലനില്ക്കുകയില്ല. ദിവ്യകാരുണ്യമാണ് നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. ഞാന്‍ ഒരു വൈദികനെ കണ്ടത് ഓര്‍ക്കുന്നു. പക്ഷേ, അദ്ദേഹം തന്റെ സഹനങ്ങളെക്കുറിച്ചോ, പീഡനങ്ങളെക്കുറിച്ചോ ദീര്‍ഘമായി സംസാരിച്ചില്ല, പക്ഷേ, എല്ലാ വൈദികരും ജയിലില്‍ രഹസ്യമായി ബലിയര്പ്പിച്ചിരുന്നുവെന്നുമാത്രം പറഞ്ഞു. ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി, ഇത് എങ്ങനെ സാധിക്കുമെന്ന് ആശ്ചര്യപ്പെട്ടു. എവിടെ നിന്നാണ് കാസയും അപ്പവും ലഭിക്കുക ഞങ്ങള്‍ ചേദിച്ചു. അദ്ദേഹം തന്റെ ഗ്ലാസ് എടുത്തു ഇതാണ് എന്റെ കാസ. ഒരു കഷണം ബ്രഡ് എടുത്തു ഇതാണ് എന്റെ അപ്പം. ഇങ്ങനെയാണ് ജയിലുകളിലും കോണ്സന്ട്രെഷന് ക്യാമ്പുകളിലും വൈദികര്‍ പിടിച്ചു നില്ക്കാന് ശക്തികണ്ടെത്തിയത്.
താങ്കളുടെ ആദ്യത്തെ പൊതുകുര്‍ബാന താങ്കള്‍ ഓര്‍മ്മിക്കുന്നുണ്ടോ?
എന്റെ ആദ്യത്തെ പൊതു ദിവ്യബലി 1991 ലായിരുന്നു. സോവിയറ്റ് ആര്‍മിയിലെ മിലിട്ടറി സര്‍വീസിന് ശേഷം ആദ്യമായി പുറത്തുവന്നതിനുശേഷം. മിലിട്ടറിയില്‍ ചേരുന്നതിന് മുമ്പ് എല്ലാം വളരെ സീക്രട്ടായിരുന്നു. പുറത്തുവാന്ന ശേഷം എല്ലം വളരെ പബ്ലിക്കായിട്ടായിരുന്നു. ഉക്രൈനില്‍ ഞാന്‍ ദിവ്യബലിയില്‍ സഹായിച്ചിരുന്നു. അത് വളരെ ദിവ്യമായ അനുഭവമായിരുന്നു. സ്വര്ഗ്ഗത്തിലായിരിക്കുന്നതുപോലെയുള്ള ഒരു അനുഭവം.
ബൈസന്റൈന്‍ ലിറ്റര്‍ജി സ്വര്ഗ്ഗീയബലിയുടെ പ്രതീകമാണ്. നാം ഉത്ഥിനായ ക്രിസ്തുവിനൊപ്പം സ്വര്‍ഗ്ഗത്തിലാണ് ബലിയര്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവ്യബലിയിലും ആ അനുഭവം ആസ്വദിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു.
ഈ അനുഭവം എപ്പോഴും നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ ?
തീര്‍ച്ചയായും. സത്യത്തില്‍ ലോകത്തിലെ ക്രൈസ്തവന് പലപ്പോഴും ദിവ്യബലിയെന്ന മഹാദാനത്തെ പൂര്‍ണമായും തിരിച്ചറിയുന്നില്ല. സ്വാതന്ത്ര്യം ചിലപ്പോള്‍ പീഡനം പോലയാണ്. അതുകൊണ്ടാണ് ഇന്നും ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുക എന്ന ദൗത്യം ഞാനേറ്റെടുത്തിരിക്കുന്നത്.
കമ്മ്യൂണിസം തകര്‍ത്ത ഉക്രൈന് ജനതയെക്കുറിച്ച്?
കമ്മ്യൂണിസം ഞങ്ങളുടെ സമൂഹത്തെ തകര്‍ത്തുകളഞ്ഞു. അതില്‍ ഇപ്പോഴും നീറുന്ന മുറിവാണ് അവര്‍ മാനുഷികാന്തസ്സിന് ഏല്പിച്ചത്. ഇപ്പോഴും ജനങ്ങള്‍ പഴയ പീഡനങ്ങളുടെ ഭയപ്പാടുകളില്‍ നിന്നും ഭീതിയുടെ നിഴലുകളില്‍ നിന്നും മോചനം നേടിയിട്ടില്ല. ഇനി പരിശുദ്ധാത്മാവിന്റെ ശക്തി ലഭിച്ചെങ്കില്‍ മാത്രമേ പഴയ കെട്ടുകള്പ്പൊട്ടിച്ച് ഈ ജനതയ്ക്ക് പുറത്തുവരുവാന്‍ കഴിയുകയുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പരിശുദ്ധാത്മാവിന്റെ കൃപ സ്വാതന്ത്ര്യമാണ് അതുകൊണ്ടാണ് കൃപ ലഭിച്ചവര്‍ക്ക് കെട്ടുകള്പ്പൊട്ടിച്ച് പുറത്തുവരുവാന്‍ കഴിയുന്നത്. പരിശുദ്ധാത്മാവിന്റെ കൃപകൊണ്ടേ ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനാവൂ. ഇപ്പോള്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ട് പക്ഷേ, ആന്തരിക സ്വാതന്ത്ര്യം ഇല്ല. ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് വലിയ വെല്ലുവളിയാണ് ഞങ്ങള്‍ക്കുള്ളത്.
എന്താണ് ഈ വെല്ലുവിളി?
ദേവലായങ്ങള്‍ പണിയുവാനും ദിവ്യബലിയര്പ്പിക്കുവാനും ഞങ്ങള്‍ക്ക് ഇപ്പോള്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി സെക്കുലറൈസേഷനാണ്. ജനങ്ങള്‍ക്ക് അപരിമേയമായതിനെക്കുറിച്ചുള്ള ചിന്തകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഒരു ക്രൈസ്തവനായിരിക്കുന്നതില് അവര്‍ സന്തോഷം കണ്ടെത്തുന്നുമില്ല. എന്റെ വെല്ലുവിളി എന്റെ തീക്ഷണത അവര്‍ക്ക് നല്‍കുകയാണ്. ക്രൈസ്തവനായിരിക്കുന്നതില് ഭയപ്പെടാനില്ല. എന്റെ ചെറുപ്പത്തില്‍ റഷ്യയില്‍ ക്രൈസ്തവനായിരിക്കുക എന്നത് ദുഷ്ക്കരമായിരുന്നു. ഇന്നു യുറോപ്പില്‍ ഒരു ക്രൈസ്തവനായിരിക്കുക എന്നത് അത്ര സുഖമുള്ള കാര്യമല്ല. അങ്ങനെയാണെങ്കില്‍പോലും ക്രൈസ്തവനായിരിക്കുന്നതില് സന്തോഷിക്കുക എന്നുമാത്രമേ എനിക്ക് പറയാനുള്ളു.
Send your feedback to : onlinekeralacatholic@gmail.com