പിതാവുമായുള്ള ബന്ധം പുനസ്ഥാപിച്ചു: ഒളിമ്പിക്സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഇറ്റാലിയന്‍ താരത്തിന്റെ വിജയരഹസ്യം
ക്രിസ് ജോര്‍ജ് - സെപ്റ്റംബര്‍ 2021
ഒരു പിതാവിന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മക്കളുടെ വിജയത്തിന് എത്ര അനിവാര്യമാണ് എന്നതിന് ടോക്കിയോ ഓളിമ്പിക്സില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ ഇറ്റാലിയന്‍ സ്പ്രിന്റര്‍ ലാമോന്റ് മാര്‍സല്‍ ജേക്കബ്സ് ജൂനിയറിന്റെ ജീവിതകഥ ധാരാളം മതിയാകും.
ടോക്കിയോ ഒളിമ്പിക്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ മികച്ച സമയം കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇറ്റലിയ്ക്കുവേണ്ടി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്. തന്റെ പിതാവില്‍ നിന്ന് മത്സരത്തിനു തൊട്ടുമുമ്പ് ലഭിച്ച സന്ദേശമാണ് ട്രാക്കില്‍ അതിശയകരമായ പ്രകടനം കാഴ്ചവെക്കുന്നതിന് സഹായിച്ചതെന്നാണ് കായികതാരത്തിന്റെ വെളിപെടുത്തല്‍.
ലാമോന്റ് മാര്‍സല്‍ ജേക്കബ്സിന്റെ അമ്മ ഇറ്റലിക്കാരിയും പിതാവ് അമേരിക്കക്കാരനുമായിരുന്നു. എന്നാല്‍ മകന് പിറന്ന് 5 മാസം കഴിഞ്ഞപ്പോള്‍ അപ്പനും അമ്മയും വേര്‍പിരിഞ്ഞു. മകന് അപ്പന്റെ പേര് മാത്രം കിട്ടി. അമ്മയും മകനും ടെക്സാസില്‍ നിന്നും ഇറ്റലിയിലേക്ക് തിരിച്ചുപോന്നു. പിന്നീട് പിതാവുമായി യാതൊരു ബന്ധവുമില്ലാതെ അവന് അമ്മയോടൊപ്പം ഇറ്റലിയില്‍ ജീവിച്ചു.
ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായിട്ടാണ് അദ്ദേഹം തന്റെ പിതാവുമായി ആദ്യമായി കണക്റ്റ് ചെയ്തത്. അതിന്റെ തുടര്‍ച്ചയെന്നോണം മത്സരത്തിന് തൊട്ടുമുമ്പ് സ്വന്തം പിതാവ് അയച്ച സന്ദേശം മകന്റെ ട്രാക്കിലെ കുതിപ്പിന് സ്വര്ണ്ണനിറം പകര്‍ന്നു. മകന് തന്നെ അത് പറയുന്നതു കേള്‍ക്കാം.
100 മീറ്റര്‍ ഓട്ട മത്സരത്തിന്റെ തലേന്ന് തനിക്ക് തന്റെ പിതാവിന്റെ ഒരു മെസ്സേജ് കിട്ടി...അത് ഇങ്ങനെയായിരുന്നു. 'നീ ലാമോന്റ് മാര്‍സല്‍ ജേക്കബ്സ് ജൂനിയര്‍ ആണ്. നിനക്ക് ഒളിമ്പിക്സ് ഗെയിംസില്‍ വിജയിക്കാനാകും. ഞങ്ങള്‍ നിന്നോട് ഒപ്പമുണ്ട്. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ സപ്പോര്‍ട്ട് ചെയ്യുന്നു.' മകന് പറയുന്നു. എന്നെ സംബന്ധിച്ച് അത് തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ട സന്ദേശമായിരുന്നു.
താന്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതില്‍ തീര്‍ച്ചയായും പിതാവുമായുള്ള അനുരജ്ഞനവും ബന്ധവും വലിയ പങ്കുവഹിച്ചുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.
ഒരു വര്‍ഷം മുമ്പാണ് താന്‍ പിതാവിനെ കണ്ടെത്തിയത്. അതിനുകാരണം എന്റെ മെന്റല്‍ കോച്ചിന്റെ നിര്‍ദ്ദേശമായിരുന്നു. നിനക്ക് കൂടുതല്‍ സ്പീഡില്‍ ഓടണമെങ്കില്‍ നിന്റെ പിതാവുമായുള്ള ബന്ധം നീ തുടങ്ങണം. പിതാവുമായി യാതൊരു കണക്ഷനുമില്ലാതിരുന്ന എനിക്ക് അത് വളരെ ദുഷ്ക്കരമായിരുന്നു. കാരണം പ്രായോഗികമായി ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കാണുകയോ, അറിയുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. അദ്ദേഹവുമായി റീകണക്റ്റ് ചെയ്യണമെന്ന സത്യം എനിക്ക് കുടുതല്‍ ഉന്മേഷവും സ്പീഡും നല്കി...അതാണ് എന്നെ ഈ നേട്ടത്തിന്റെ നെറുകയിലെത്തിച്ചത്.
പിതൃപുത്രബന്ധം പുനസ്ഥാപിക്കപ്പെട്ടപ്പോള്‍ മകന് അത് വലിയ ശക്തിയായി മാറി. ലാമോന്റ് മാര്‍സല്‍ ജേക്കബ്സ് ജൂനിയറിന്റെ ട്രാക്കിലെ പ്രകടനം അതിശയകരമായിരുന്നു. മറ്റെല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, പ്രതീക്ഷകളൊക്കെ തകിടം മറിച്ചുകൊണ്ട് പുതിയ യൂറോപ്യന്‍ റെക്കോര്‍ഡായ 9.80 സെക്കന്റുകൊണ്ടാണ് അദ്ദേഹം ഓട്ടം പൂര്‍ത്തിയാക്കിയത്.
ഭൂമിയില്‍ സ്വന്തം പിതാവുമായി ബന്ധം പുനസ്ഥാപിച്ചപ്പോള്‍ ലോകത്തിന്റെ നെറുകയില്‍ പൊന്‍കിരീടവുമായി ഉയര്‍ന്നുനില്‍ക്കാന്‍ പുത്രനായ ലാമോന്റിന് കഴിഞ്ഞു. അങ്ങനെയെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവുമായുള്ള ബന്ധം പുനസ്ഥാപിച്ചാല്‍ ജീവിതമാകുന്ന ഓട്ടക്കളത്തില്‍ അതിശയകരമായ പ്രകടനം കാഴ്ചവെക്കുവാന് നമുക്ക് കഴിയുമെന്ന് ഉറപ്പാണ്.
Send your feedback to : onlinekeralacatholic@gmail.com