ഫാ. സ്റ്റാന്‍ സ്വാമിയ്ക്കുമേല് ചുമത്തപ്പെട്ട കേസുകളുടെ വിചാരണ തുടരണം, അദ്ദേഹം ജീവിച്ചിരുന്നാല്‍ എങ്ങനെയോ അതുപോലെ തന്നെ
ജസ്റ്റിസ് കുര്യന് ജോസഫ് - ഒക്ടോബര്‍ 2021
അറിവുള്ളവന്റെ നിശബ്ദതയാണ് അറിവില്ലാത്തവന്റെ അക്രമത്തേക്കാള്‍ ഭയാനകവും ഭീകരവും. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. അറിവുള്ളവന് സംസാരിച്ചാല്‍ ആ തുറന്നു പറച്ചിലിനെ അടിച്ചമര്‍ത്തുന്ന സംസ്ക്കാരം. അക്രമം ഒഴിവാക്കി ക്രമം ഉണ്ടാക്കാനും ശാന്തിയും സമാധാനവും ഉണ്ടാക്കാനുമുള്ള നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ ഈ രാജ്യത്തെ ജനാധിപത്യത്തെയും സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഒരുതരം ഭീകരത. ആ ഭീകരതയിലാണ് നമ്മള് ഇന്ന് ജീവിക്കുന്നത്. എന്നുള്ളതിന്റെ അവസാനത്തെ തെളിവാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം. അദ്ദേഹം നിലകൊണ്ടത് എല്ലാവരുടെയും നീതിക്കുവേണ്ടിയായിരുന്നു. നീതി നിഷേധിക്കപ്പെട്ടവനുവേണ്ടി നിലകൊള്ളാനും നിലപാടെടുക്കാനും നിലപാടില്‍ ഉറച്ചുനില്ക്കാനും എന്തു വിലകൊടുക്കാനും താന്‍ തയാറാണ് എ്ന് അദ്ദേഹം ജീവിതം കൊണ്ട് കാണിച്ചുതന്നു. ഇങ്ങനെ വിലകൊടുക്കാനുള്ളവരുടെ എണ്ണമാണ് ഇന്നു കുറഞ്ഞുവരുന്നത്. ആ എണ്ണം കുറഞ്ഞുവരാന്‍ വേണ്ടിയാണ് അഥവാ എണ്ണത്തെ കുറയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരാജയപ്പെട്ടത് ഞാന്‍ ഉള്‍പ്പെടെ സേവനം ചെയ്യുന്ന ജുഡീഷ്യറി തന്നെയാണ് എന്ന് വേദനയോടെ സൂചിപ്പിക്കട്ടെ. കാരണം കോടതിയാണ് ഈ ഭരണഘടനയുടെ ഗാര്ഡിയന്. സംരക്ഷിക്കേണ്ടവന്‍ തന്നെ ഈ രാജ്യത്തെ സംരക്ഷിച്ചിരുന്നുവെങ്കില്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും വളരെയേറെ മാനിക്കപ്പെട്ടേനെ. സ്വാതന്ത്ര്യത്തെ ജീവന് വിലകൊടുത്തു വാങ്ങിത്തന്ന ഒരു രാജ്യമാണ് നമ്മുടേത്. ആ നേട്ടത്തിന്റെ സംരക്ഷകരാകേണ്ടിയിരുന്നവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. പുലര്‍ത്തിയ സന്ദര്‍ഭങ്ങളില്‍ പോലും പലപ്പോഴും വിവേചനം കാണിച്ചുവെന്നതും മറ്റൊരു വസ്തുത.
അന്തസ്സോടെ ജീവിക്കുവാനുളള അവകാശം മാത്രമല്ല അന്തസ്സോടെ മരിക്കാനുള്ള അവകാസവും ഫാ. സ്റ്റാന്‍ സ്വാമിക്കു നിഷേധിക്കപ്പെട്ടു. ചികിത്സാ സഹായം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആ ചികിത്സ നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ ഒരു പക്ഷെ ജയിലില്‍ വെച്ച് അദ്ദേഹത്തിന് കോവിഡ് ബാധിക്കില്ലായിരുന്നു. 84 വയസുള്ള, പാര്‍ക്കിന്‍സണ്‍സ് രോഗമുളള, കേള്‍വിക്കുറവുള്ള, ആരോഗ്യം ക്ഷയിച്ച, ലെങ്സില്‍ അസുഖമുള്ള ഒരു വ്യക്തിക്ക് സാധാരണ ജയിലില്‍ കിട്ടേണ്ട പരിഗണന പോലും കിട്ടിയില്ല എന്നു പറയുമ്പോള്‍ നീതിയുടെ നിഷേധം എവിടെ വരെ പോകുന്നു എന്ന് ആലോചിക്കുക. ജയിലിലാണെങ്കില്‍ പോലും നീതി നിഷേധിക്കാനോ മനുഷ്യാവകാശം നിഷേധിക്കാനോ പാടില്ല. പക്ഷെ സ്റ്റാന്‍ സ്വാമി അച്ചന്റെ കാര്യത്തില്‍ ജയിലില്‍ മനുഷ്യാവകാശത്തിന്റെ സംരക്ഷണം നടന്നിട്ടില്ല.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു പൗരനുണ്ടാകേണ്ട അവകാശങ്ങള്‍ എന്തുമാത്രം തമസ്ക്കരിക്കപ്പെടുന്നുണ്ടെന്നും എന്തുമാത്രം അടിച്ചമര്‍ത്തപ്പെടുന്നുണ്ടെന്നും ചിന്തിക്കേണ്ട കാര്യമാണ്. എന്തുകൊണ്ട് നമ്മള് ആരും ഇത് നമ്മെ ബാധിക്കുന്ന കാര്യമായി എടുത്തില്ല? നമ്മുടെ നിശബ്ദതയും നിര്‍വികാരതയും വളരെ ഞെട്ടിക്കുന്നതാണ്. ഇപ്രകാരമുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കണം. അതുകൊണ്ട് ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവരുടെ രക്തസാക്ഷിത്വം നമുക്ക് പ്രചോദനം മാത്രമല്ല ആവേശം കൂടിയാവണം.
ഈ കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് യുഎപിഎ (അണ്‍ലോഫുള്‍ പ്രിവന്‍സ് ആക്ടിവിറ്റി) പ്രകാരം 2361 കേസുകളാണ് 2019 ല്‍ രജിസ്റ്റര്‍ ചെയതത്. ഈ 2361 കേസുകളില്‍ 113 കേസുകള്‍ മാത്രമാണ് വിചാരണ ചെയ്യപ്പെട്ടിട്ടുള്ളത്. ആ 113 കേസുകളില്‍ 33 കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളു. 64 കേസുകളും വെറുതെ വിടുകയായിരുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരത എത്ര ഭയാനകമാണ്.
യുഎപിഎ ചുമത്തപ്പെടുന്ന വ്യക്തിക്ക് 60 ദിവസത്തിനകം കുറ്റപത്രം കൊടുത്തിരിക്കണമെന്നുള്ള വ്യവസ്ഥകള്‍ ഒന്നും ബാധകമല്ല. എത്രനാള്‍ വേണമെങ്കിലും ഒരു വിചാരണ തടവുകാരനായി അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ കഴിയും. സ്റ്റാന്‍ സ്വാമി അച്ചന്റെ കാര്യത്തിലും സംഭവിച്ചത് മറിച്ചല്ല. അദ്ദേഹം മരിച്ചപ്പോല്‍ ജയിലില്‍ അടക്കപ്പെട്ട കുറ്റവാളിയായിരുന്നു. കുറ്റാരോപിതനായി മരിക്കേണ്ടി വന്ന വ്യക്തിക്ക് നിഷേധിക്കപ്പെട്ട നീതി, നിഷേധിക്കപ്പെട്ട അന്തസ്സ് ഇവ രണ്ടും മാനിക്കപ്പെടണം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നമ്മുടെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ ഒന്നും അനുവദിക്കുന്നില്ലെങ്കില്ക്കൂടി ആദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട കേസുകളുടെ വിചാരണ തുടരണം. അദ്ദേഹം ജീവിച്ചിരുന്നാല്‍ എങ്ങനെയോ അതുപോലെ തന്നെ. അദ്ദേഹം കുറ്റക്കാരനായിരുന്നോ അല്ലയോ എന്ന് തെളിയിക്കപ്പെടേണ്ടത് അദ്ദേഹത്തിന്റെ സമുഹത്തിന്റെയും കുടുംബത്തിന്റെയും ഈ രാജ്യത്തെ ഓരോ പൗരന്റെയും ആവശ്യമാണ്. കാരണം ഒരാളുടെ ക്രിമിനല്‍ കേസ് ആ വ്യക്തിയുടെ മരണത്തോടെുകൂടി ഇല്ലാതാവുകയാണ് ചെയ്യുന്നത്. പക്ഷെ ഇപ്രകാരം നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെയുള്ളവരുടെ സംഭവങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. വിചാരണ തുടരണം. അതിന് ആവശ്യമായിട്ടുള്ള പ്രത്യേക ഉത്തരവ് തന്നെ കോടിതികളില്‍ നിന്നുണ്ടാകേണ്ടതാണ്.
ആരാണ് മാവോയിസ്റ്റ്?
അദ്ദേഹത്തിന്റെ ഇപ്രകാരം നീണ്ടുപോകുന്ന ജയില്‍വാസത്തെക്കുറിച്ച് അന്വേഷിച്ച് പരാതി സമര്‍പ്പിക്കാനായി പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരോട് സംസാരിച്ചപ്പോള്‍ അറിയിച്ച ഒരു നിരീക്ഷണം അദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ്. ആരാണ് മാവോയിസ്റ്റുകള്‍? മാവോയിസ്റ്റുകള്‍ ഈ കോടതിയില്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ ഒരിക്കലും മാവോയിസ്റ്റുകളാകുമായിരുന്നില്ല. കാരണം അവര്‍ക്ക് കോടതിയിലോ നിയമനിര്‍മ്മാണത്തിലോ നിയമവ്യാഖ്യാനത്തിലോ നിയമനടത്തിപ്പിലോ വിശ്വാസമില്ല. സംവിധാനങ്ങള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അവര്‍ അവരുടേതായ ഒരു നീതി നിര്വ്വഹണസംവിധാനം ഏറ്റെടുത്തിരിക്കുകയാണ്. ആ സംവിധാനത്തിലാണ് അവര്‍ക്ക് വിശ്വാസം.
എന്നാല്‍ സ്റ്റാന്‍ സ്വാമി അച്ചന് എന്താണ് ചെയ്തത്? അദ്ദേഹം ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ എത്ര ആളുകള്‍ക്ക് വേണ്ടി ജാമ്യം അപേക്ഷിച്ചു. വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരായിട്ടുള്ള ആദിവാസികലെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിടത്തെ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും നൂറുകണക്കിന് അപേക്ഷകള്‍ അദ്ദേഹം കൊടുത്തിട്ടുണ്ട്. അദ്ദേഹം എപ്പോഴും പറയുന്നത് എനിക്ക് കോടതിയില്‍ വിശ്വാസമുണ്ട് എന്നായിരുന്നു. റൂള്‍ ഓഫ് ലോ ഉണ്ട് എന്നുറപ്പാക്കേണ്ടത് കോടതിയാണ്. ആ റോളില്‍ വിശ്വാസം അര്‍പ്പിച്ചിട്ടാണ് അച്ചന് ഇപ്രകാരമുള്ളവരെ മോചിപ്പിക്കാനായി കോടതിയില്‍ പോയത്. അപ്പോള്‍ അച്ചന് മാവോയിസ്റ്റാണേ? മാവോയിസ്റ്റാണെങ്കില്‍ അച്ചന് കോടതിയെ സമീപിക്കുമായിരുന്നോ? തനിക്ക് വിശ്വാസം പോലും ഇല്ലാത്ത ഒരു സംഗതിയിലേക്ക് പോകുമായിരുന്നില്ല.
അപ്പോള്‍ എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ഇതിനുപിന്നിലുള്ള ഗൂഡാലോചന എന്താണ് എന്ന് പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നു. എന്റെ വിനീതമായ അഭിപ്രായം പൊതുചര്‍ച്ചകളിലൂടെ ഈ ചോദ്യങ്ങള്‍ പാര്‍ലമെന്റിലടക്കം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു എന്നാണ്. നീതി കൊലചെയ്യപ്പെടുകയാണെന്ന് ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അതിനാവശ്യമായ പൊതുജന മുന്നേറ്റങ്ങള്‍ ഉണ്ടാകണം. എവിടെ നമ്മുടെ ശബ്ദം ഉയരുന്നുവോ അവിടെ മാത്രമേ നീതി ഒരു നിലവിളിയായി ശ്രദ്ധിക്കപ്പെടുകയുള്ളു. എവിടെ നിശബ്ദതയുണ്ടോ അവിടെ അനീതി പെരുകും. നീതി നിഷേധിക്കുന്നവന് നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം എന്റെയും നിങ്ങളുടേതുമാണ്. ഞാനും നിങ്ങളും നിശബ്ദരായിരുന്നാല്‍ അനീതി ഇനിയും പെരുകും. അതുകൊണ്ട് ഒരിക്കല്‍ മാത്രം മരിക്കാന്‍ കഴിയുന്ന അന്തസ്സോടെ ജീവിക്കാനും അപരന്റെ അന്തസ്സ് ഉറപ്പാക്കാനും സ്റ്റാന്‍ സ്വാമി അച്ചനെപ്പോലുള്ളവരുടെ മരിക്കാത്ത ഒര്‍മ്മകള്‍ നമുക്ക് സഹായമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
(കടപ്പാട്: കെസിബിസി ജാഗ്രത ന്യൂസ്)
Send your feedback to : onlinekeralacatholic@gmail.com