സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നു: കെസിബിസി
കെസിബിസി - ഫെബ്രുവരി 2021
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവു വളര്‍ത്തുന്നതു സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയക്കാപ്പിള്ളി. ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലര്‍ സമൂഹമാധ്യമങ്ങള്‍ വിനിയോഗിക്കുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു സമൂഹമാധ്യമങ്ങളില്‍ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കസഭയെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോണ്‍ഗ്രസ് യുവനേതാവ് ചാണ്ടി ഉമ്മന്റെ പ്രസംഗം, ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണ്. അദ്ദേഹം തന്റെ പ്രസംഗത്തില്‍, തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്ക് ആക്കി മാറ്റിയ അവിടുത്തെ ഭരണാധികാരി എര്‍ദോഗാന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചു ലേഖനമെഴുതിയയാളെ ന്യായീകരിക്കുന്നതിന്, യൂറോപ്പിലെ പല പള്ളികളും വില്‍ക്കപ്പെടുന്നതിനെയും വ്യാപാരശാലകളായി മാറ്റുന്നതിനെയും ചേര്‍ത്തു വ്യാഖ്യാനിച്ചിരുന്നു. തുര്‍ക്കി ഭരണാധികാരി ചരിത്രസ്മാരകത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയതു ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം? ചരിത്രം കൃത്യമായി അറിയാന്‍ രാഷ്ട്രീയത്തിലെ യുവനേതാക്കള്‍ ശ്രദ്ധിക്കണം.
തുര്‍ക്കി ഭരണാധികാരി ബോധപൂര്‍വ്വം ചരിത്രത്തെ അവഹേളിച്ചു ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വര്‍ത്തമാനത്തിലൂടെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? നാടിന്റെ വികസനത്തിനും മനുഷ്യപുരോഗതിക്കുമായി യത്നിക്കുന്നതാണു നമ്മുടെ സംസ്ക്കാരം. സമൂഹമാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തിലാവണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.
Send your feedback to : onlinekeralacatholic@gmail.com