മൃഗത്തിന്റെ പരിഗണന പോലും മനുഷ്യന് നല്‍കാത്ത സംസ്ഥാന
സര്‍ക്കാരിന്റെ നിയമനിര്‍മ്മാണം റദ്ദ് ചെയ്യുക-വി.ഫാം ഫാര്‍മേഴ്സ് ഫൗണ്ടേഷന്
അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ - ഡിസംബര്‍ 2024
രൂക്ഷമായ വന്യമൃഗശല്യത്താൽ ദുരിതം അനുഭവിക്കുന്ന മലയോര കർഷകരെ മനുഷ്യരായി പരിഗണിക്കാതെ വനംവകുപ്പിന് പരമാധികാരം നൽകി കൊണ്ട് പിണറായി സർക്കാർ 2024 നവംബർ 1 ന് കേരള ഫോറസ്റ്റ് ആക്ട് നിയമ ഭേദഗതിക്ക് വിജ്ഞാപനം ഇറക്കിയിരിക്കയാണ്.
നിലവിലെ വിജ്ഞാനത്തിലെ 27, 52 , 63 വകുപ്പുകൾ പൂർണ്ണമായും റദ്ദ് ചെയ്യപ്പെട്ടില്ലെങ്കിൽ മലയോര കർഷകരെ മാത്രമല്ല , സംസ്ഥാനത്തെ മുഴുവൻ പൗരന്മാരെയും നേരിട്ട് ബാധിക്കുകയും പൗരാവകാശങ്ങൾ ലംഘിക്കപ്പെട്ട് വനം വകുപ്പിൻ്റെ സമാന്തര ഭരണകൂടത്തിന് അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
മലയോര കർഷകൻ്റെ ഭൂമിയോട് ചേർന്ന് വനം വകുപ്പ് കെട്ടി ഉയർത്തിയ ജണ്ടയുടെ കല്ലിളകിയാലൊ , നിലവിലുള്ള ഫെൻസിംഗ് സംവിധാനങ്ങൾ വന്യമൃഗങ്ങൾ തകർത്താലൊ മനുഷ്യൻ്റെ പേരിൽ കേസെടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഭേദഗതി . നിലവിൽ വനത്തോട് ചേർന്നതായ തോടുകളിലെയും പുഴകളിലെയും നദികളിലെയും മീൻപിടുത്തം പൂർണ്ണമായി നിരോധിച്ച് കൊണ്ട് വനം വകുപ്പിന് കേസെടുക്കാവുന്ന ഈ നിയമ നിർമ്മാണം വരും കാലങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും വനം വകുപ്പിൻ്റെ പരിധിയിൽ കൊണ്ടുവരാൻ ഉതകുന്നതാണ് .
ഏതൊരു മനുഷ്യനെയും സംശയം ആരോപിച്ച് വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ വാച്ചർമാർക്ക് വരെ തടഞ്ഞുവെക്കാനും വാഹനം പരിശോധിക്കാനും, ഫോറസ്റ്റ് ബീറ്റ് ഓഫീസർമാർക്ക് വരെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനും വാറണ്ട് ഇല്ലാതെ വീടും കെട്ടിടങ്ങളും ഏത് പാതിരാത്രിയിലും സെർച്ച് ചെയ്യാനും അധികാരം നൽകുന്ന ഈ നിയമ നിർമ്മാണം മനുഷ്യൻ്റെ മൗലിക അവകാശങ്ങൾക്ക് മുകളിലുള്ള കടന്നു കയറ്റമാണ്.
നിലവിൽ വനം വകുപ്പിന് വനത്തിലാണ് അധികാരമെങ്കിൽ , ക്രമസമാധാന പ്രശ്നം ഉയർത്തി പോലീസിൻ്റെ അധികാരങ്ങൾ കൂടി വനംവകുപ്പിലേക്ക് ലഭിക്കുന്ന ഭേദഗതി വനം വകുപ്പിൻ്റെ സമാന്തര ഭരണകൂടം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ്.
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കുന്ന കർഷകനെ വന്യമൃഗത്തെ കളിയാക്കിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ച് കേസെടുക്കാൻ കഴിയുന്ന തരത്തിലാണ് നിലവിലെ ഭേദഗതി. മനുഷ്യനെ പരിഗണിക്കാതെ വന്യമൃഗങ്ങളുടെ മാത്രം സംരക്ഷകരാവാൻ ഒരുങ്ങുന്ന സംസ്ഥാന സർക്കാറിൻ്റെ പുതിയ നിയമ ഭേദഗതി സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടാൻ പോവുന്നത്.
പോലീസിൻ്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധികാരങ്ങൾ വനം വകുപ്പിലേക്ക് എത്തിക്കുന്ന ഈ നിയമ ഭേദഗതി കാണുമ്പോൾ മന്ത്രിസഭയെന്നത് നോക്ക് കുത്തികളാണോയെന്നത് സംശയിക്കേണ്ടിരിക്കുന്നു. വനാതിർത്തിക്ക് പുറത്ത് വന്ന് കൃഷിയിടങ്ങളിൽ ഇറങ്ങി മനുഷ്യൻ്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ അമർച്ച ചെയ്യാൻ പോലീസിന് അധികാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുമ്പോഴാണ് , വനാതിർത്തിക്ക് പുറത്തും വനം വകുപ്പിന് പരമാധികാരം നൽകി കൊണ്ടുള്ള ഈ നിയമ ഭേദഗതി. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തോടും പുഴയും നദികളും പഞ്ചായത്തിൻ്റെ അധികാരത്തിൽ പെടുന്ന ആസ്തികളാണെങ്കിൽ പുതിയ ഭേദഗതി ആയവയുടെ അധികാരം വനം വകുപ്പിനാണ് നൽകുന്നത്.
മനുഷ്യത്വ വിരുദ്ധമായ നിയമ ഭേദഗതി റദ്ദ് ചെയ്യുന്നതുവരെ ശക്തമായ സമരങ്ങൾക്ക് മലയോരങ്ങൾ സാക്ഷിയാവും
Send your feedback to : onlinekeralacatholic@gmail.com