പരാജയങ്ങളെ വിജയത്തിന്റെ രുചിക്കൂട്ടാക്കി മാറ്റിയ കെ.എഫ്.സി സ്ഥാപകന്‍
ജോര്‍ജ് .കെ. ജെ - ജൂലൈ 2020
കെ.എഫ്.സി ചിക്കന്‍ ലോകമെങ്ങുമുള്ളവര്‍ക്ക് ഇന്നും രഹസ്യമായ രൂചിക്കൂട്ടിന്റെ മനംകവരുന്ന സ്വാദാണ്. എന്നാല്‍ അതിന്റെ സ്ഥാപകനായ കേണല്‍ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സിന്റെ ജീവിതത്തിന്റെ രൂചിക്കൂട്ട് അത്ര സ്വാദിഷ്ടമായിരുന്നില്ല. 1890 ല്‍ ഇന്ത്യാനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവന് അഞ്ച് വയസ്സായപ്പോള്‍ പിതാവ് മരിച്ചു. അമ്മയ്ക്കാണെങ്കില്‍ കുടുംബം നോക്കാന്‍ ടൊമാറ്റോ ഫാക്ടറിയില്‍ രാവും പകലും പണിയെടുക്കേണ്ടിവന്നു. സ്വന്തം അനിയനെയും അനിയത്തിയെയും നോക്കേണ്ട ചുമതല അവന്റെ ചുമലിലായിരുന്നു. സഹോദരങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി വാരിക്കൊടുക്കേണ്ട ഉത്തരവാദിത്വം അവന്റേതായി. അങ്ങനെ ചെറുപ്പത്തിലെ പാചകകല അവന് സ്വായത്തമായി. 12 വയസ്സായപ്പോള്‍ അവന്റെ അമ്മ വീണ്ടും കല്യാണം കഴിച്ചു. രണ്ടാനച്ഛന് അവനെ ഇഷ്ടമല്ലാതിരുന്നതിനാല്‍ ദൂരെയുള്ള ഒരു ഫാമില്‍ അവനെ ജോലിക്കയച്ചു. ഏഴാം ക്ലാസോടുകൂടി പഠനം പാതിവഴിയിലുപേക്ഷിച്ചു. പിന്നീടുള്ള 28 വര്‍ഷങ്ങള്‍ അദ്ദേഹം പല ജോലികളും മാറി മാറി ചെയതു. യു.എസ് ആര്‍മിയിലും ഒരു കൈ നോക്കി. സ്ട്രീറ്റ് കാര്‍ കണ്ടക്ടര്‍, റെയില്‍ റോഡ് ഫയര്മാന്, ഇന്‍ഷൂറന്‍സ് സെയില്സ്മാന്, സെക്രട്ടറി, ടയര്‍ സെയില്‍സ് മാന്‍, ഫെറി ഓപറേറ്റര്‍, ലോയര്‍ എന്നിങ്ങനെ ഒരുപാട് ജോലികള്‍ ചെയ്തെങ്കിലും അതിലൊന്നിലും വിജയിച്ചില്ലെന്നു മാത്രമല്ല തികഞ്ഞ പരാജയവുമായിരുന്നു. അതിനിടയില്‍ അദ്ദേഹം വിവാഹിതനായി. മൂന്നുമക്കളും ജനിച്ചു. ഭര്‍ത്താവിന് ജോലി സ്ഥിരതയില്ലാത്തതിനാല്‍ ഭാര്യ കുഞ്ഞുങ്ങളെയുമായി സ്ഥലം വിട്ടു. ഒടുവില്‍ നല്ല പ്രായത്തില്‍ തന്നെ വിവാഹമോചനവും.
പക്ഷേ, തകര്ന്നിടത്തുനിന്നു തന്നെ വീണ്ടും തുടങ്ങുന്ന ശീലക്കാരനായിരുന്നു ഹാര്‍ലന്‍ഡ്. അദ്ദേഹം ഒരു റെസ്റ്റോറന്റ് തുടങ്ങി അവിടുത്തെ സവിശേഷ രുചിയുള്ള ചിക്കന്‍ ഫ്രൈ പെട്ടെന്ന് പോപ്പുലറായി. കച്ചവടം പൊടിപൊടിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ വീണ്ടും ബിസ്നസ്സ് തകര്‍ന്നു. ബാക്കിയുളളതെല്ലാം വിറ്റ് കടം വീട്ടി. ഇനിയെന്ത് എന്ന് ചിന്തിച്ചിട്ട് ഒരു വഴിയും കണ്ടില്ല. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. ഒടുവില്‍ തന്റെ കൈവശമുള്ള ചിക്കന്‍ റെസിപി തന്നെ വിറ്റഴിക്കുവാന്‍ തീരുമാനിച്ചു. അപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം സോഷ്യല്‍ സെക്യൂരിറ്റിയായി കിട്ടിയ 105 ഡോളര്‍ മാത്രമായിരുന്നു. തനിക്കറിയാവുന്ന ചിക്കന്‍ റെസിപി പരിചയപ്പെടുത്തുവാനും ഫ്രാഞ്ചൈസിയെ ക്ഷണിക്കുവാനുമായി അദ്ദേഹം തെരുവുകളായ തെരുവുകളൊക്കെ അലഞ്ഞുതിരിഞ്ഞു. പക്ഷേ ആര്‍ക്കും വേണ്ട. 1009 തവണ നോ എന്ന് കേട്ടതിനുശേഷമാണ് അദ്ദേഹം ആദ്യത്തെ യെസ് എന്ന വാക്ക് കേട്ടത്. 62-ാമത്തെ വയസ്സില്‍ അദ്ദേഹം കെ.എഫ്.സി ചിക്കന്‍ ശൃംഖലകള്‍ക്ക് തുടക്കം കുറിച്ചു. ഒടുവില്‍ 72 -ാമത്തെ വയസ്സില്‍ അദ്ദേഹം തന്റെ ബ്രാന്‍ഡ് ഉപാധികളോടെ കൈമാറി രണ്ട് മില്യന്‍ ഡോളര്‍ സമ്പാദിച്ചു. ഭാരിച്ച ഒരു തുക വര്‍ഷം തോറും സാലറിയായും ലഭിച്ചു. ശിഷ്ടജീവിതം അദ്ദഹം അതിന്റെ പ്രൊമോഷനായി ഉലകം ചുറ്റി. മരിക്കുമ്പോള്‍ അദ്ദേഹം ശതകോടീശ്വരനായിരുന്നു. 90 മത്തെ വയസിലാണ് അദ്ദേഹം മരിച്ചത്. ഇന്ന് അദ്ദേഹം തുടക്കമിട്ട കെ.എഫ്.സി ലോകത്തെ ഫാസ്റ്റ് ഫുഡ് കമ്പനികളുടെ ലിസ്റ്റില്‍ മുന്‍നിരയിലാണ്. 118 രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ ചിക്കന്‍ റെസിപി ചൂടോടെ വിളമ്പുന്നു.
കെ.എഫ്. സി ബ്രാന്‍ഡ് അദ്ദേഹം വിറ്റെങ്കിലും ഇന്നും അദ്ദേഹത്തിന്റെ ചിത്രമാണ് ബ്രാന്‍ഡിംഗിന് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ മുഖം ലോഗോയില്‍ കാണാം. 90 ലമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു.
കേണല്‍ ഹാര്‍ലാന്‍ഡ് സാന്‍ഡേര്‍സ് തോല്‍വിയില്‍നിന്നും തോല്‍വിയിലേക്ക് കൂപ്പുകുത്തുമ്പോഴും വീണ്ടും വീണ്ടും എണീറ്റ് കുതിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയമന്ത്രം. എല്ലാവരും വിശ്രമജീവിതത്തിലേയ്ക്ക് മടങ്ങുമ്പോഴാണ് അദ്ദേഹം തന്റെ ചിക്കന്‍ റെസിപിയുമായി പെരുവഴിയിലേക്കിറങ്ങിയതും വീണ്ടും വിജയത്തിന്റെ കൂട്ടുകള്‍ സമ്മാനിച്ചതും. കെ.എഫ്.സിയുടെ ചിക്കന്‍ റെസിപി ഇന്നും രഹസ്യമായി നിലകൊള്ളുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം തുടരെ തുടരയുണ്ടായ പരാജയമായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
Send your feedback to : onlinekeralacatholic@gmail.com