തട്ടിക്കൊണ്ടുപോയവനൊപ്പം പോകാന്‍ വിധിക്കപ്പെട്ട പതിനാലുകാരിയായ മരിയ ഷാബാസ് ലോകത്തിന്റെ കണ്ണുനീര്
റിപ്പോര്‍ട്ടര്‍ - ഓഗസ്റ്റ് 2020
മരിയ ഷബാസ് എന്ന പാക്കിസ്ഥാനിലെ പതിനാലുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയുടെ കണ്ണുനീര് ലോകമനസാക്ഷിയുടെ ഉറക്കം കെടുത്തുന്നു. തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വിവാഹം കഴിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്ത നകാഷ് എന്ന മുസല്മാനൊപ്പം പോകാനുള്ള കോടതിവിധി കേട്ട് പൊട്ടിക്കരഞ്ഞ മരിയ ഷബാസ് എന്ന പെണ്‍കുട്ടിയുടെ കണ്ണുനീര് ലോകത്തിന്റെ കണ്ണുനീരായി മാറുന്നു. സ്വന്തം മകളെ നരാധമന്റെ കൈയില്‍നിന്നും രക്ഷിക്കുവാനായി ഒടിനടന്ന് ഒടുവില്‍ ഹൃദയഭേദകമായ വിധികേട്ട് ഹൃദയം തകര്‍ന്ന് ആസ്പത്രിയിലായ അവളുടെ അമ്മ നിഗാത്ത് ഷബാസിന്റെ രോദനങ്ങളും ലോകം മുഴുവനും മുഴങ്ങുകയാണ്. അവരോടൊപ്പം ലോകം മുഴുവനും തേങ്ങുന്നു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശകമ്മീഷന്റെ ഇടപെടലിനുവേണ്ടി ജസ്റ്റിസ് ഫോര്‍ മരിയ ഷബാസ് എന്ന കാമ്പെയനും തുടക്കം കുറിച്ചുകഴിഞ്ഞു.
2020 ഏപ്രില്‍ 8-ാം തിയതിയായിരുന്നു ഫസിലാബാദിലെ അവളുടെ വീട്ടില്‍ നിന്നും നകാഷ് എന്ന സമ്പന്നനായ മുസല്‍മാനും കൂട്ടാളികളും മരിയ ഷബാസ് എന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. തോക്കുകളുമേന്തി ആകാശത്തേയ്ക്ക് നിറയൊഴിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അവളെ പിടിച്ച് കാറിലിട്ട് അവര്‍ കടന്നുകളഞ്ഞത്. അന്നുമുതല്‍ എട്ടും പൊട്ടും തിരിയാത്ത ആ പെണ്‍കുട്ടിയുടെ അമ്മ അവളുടെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല, ഉറങ്ങിയ രാവുകളുമില്ല.
ഫസിലാബാദ് കോടതി ഇരയായ പെണ്‍കുട്ടിയെ വനിത ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റുവാന്‍ ഉത്തരവിട്ടുവെങ്കിലും എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി പ്രായപൂര്‍ത്തിയാകാത്ത ആ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റി വിവാഹം കഴിച്ച ആ മനുഷ്യനോടൊപ്പം തന്നെ പോകുവാന്‍ വിധി പ്രസ്താവിച്ചത്. ലാഹോര്‍ ഹൈക്കോര്‍ട്ടിലെ ജഡ്ജി രാജ മുഹമ്മദ് ഷാഹിദ് അബാസിയുടെ ന്യായവിധി മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതായിരുന്നു.
മരിയയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ അവളുടെ അമ്മ. പക്ഷേ, അതെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കുറ്റവാളിക്കനുകൂലമായി കോടതി വിധിപറഞ്ഞത്. തന്റെ മകളെ തിരിച്ചുകിട്ടുന്നതിനായി രാത്രി ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുകയാണെന്നാണ് ആ അമ്മ എയ്ട് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയോട് പറഞ്ഞത്. ഒരു കുഞ്ഞിനെ അതിന്റെ കുടുംബത്തില്‍ നിന്നും അനുവാദമില്ലാതെ അടര്‍ത്തിയെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അവളുടെ ബാല്യവും കൗമാരവും അവര്‍ അവളില്‍ നിന്നും കവര്‍ന്നെടുത്തിരിക്കുന്നു ലാല റോബിന് ഡാനിയേല്‍ എന്ന ഫസിലാബാദിലെ മനുഷ്യാവകാശ പ്രവര്ത്തകന് പറയുന്നു.
തട്ടിക്കൊണ്ടുപോയി മതം മാറ്റി രണ്ടാം വിവാഹം കഴിച്ച സമ്പന്നനായ മുസല്മാന് കോടതില്‍ ഹാജരാക്കിയ വിവാഹസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അതില്‍ ഒപ്പിട്ടത് താനല്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ പേരുള്ള ഇമാം പറഞ്ഞെങ്കിലും കോടതി അതെല്ലാം നിര്‍ദ്ദയം തള്ളിക്കളഞ്ഞു. മാത്രമല്ല മാതാപിതാക്കള്‍ സമര്‍പ്പിച്ച ജനനത്തിയതി തെളിയിക്കുന്ന സ്കൂളിലെയും ദേവാലയത്തിലെയും സര്‍ട്ടിഫിക്കറ്റുകള്‍ കോടതി പരിഗണിച്ചതുപോലുമില്ല. അവിശ്വസനീയം എന്നാണ് മരിയയുടെ വക്കീലായ ഖലീല്‍ താഹിര്‍ സാന്ദു വിധിപ്രസ്താവനയെക്കുറിച്ച് പരമാര്‍ശിച്ചത്. പെണ്‍കുട്ടിയുടെ വക്കീല്‍ സമര്‍പ്പിച്ച രേഖകള്‍ വളരെ ശക്തമായിരുന്നുവെങ്കിലും ജഡ്ജി പ്രഖ്യാപിച്ചത് ഇസ്ലാമിക വിധിയായിപ്പോയിയെന്ന് അദ്ദേഹം ചര്‍ച്ച് ഇന്‍ നീഡിനോട് പറഞ്ഞു.
മരിയ ഇനി ഒരിക്കലും അവളുടെ കുടുംബത്തോടൊപ്പം ചേരുമെന്ന് തോന്നുന്നില്ലെന്ന് ഷാസിയ ജോര്‍ജ് എന്ന പാക്കിസ്ഥാനിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചവനോടൊപ്പം കഴിയാന്‍ കല്പിച്ച ആ വിധി ആ കുട്ടിയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്നും, കോടതി നിര്ബന്ധിതമതപരിവര്ത്തനത്തിനും തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കലിനുമിരയാകുന്ന പെണ്‍കുട്ടികളുടെ വാക്കുകള്‍ക്കൂടി കേള്‍ക്കാന്‍ തയാറാകണമെന്നും കുറ്റം ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവപീഡനം നടത്തുന്ന രാജ്യങ്ങളുടെ മുന്‍നിരയിലാണ് പണ്ടുമുതല്‍ പാക്കിസ്ഥാന്. ദൈവദൂഷണക്കുറ്റം കെട്ടിച്ചമച്ച് വര്‍ഷങ്ങളോളം തടവിലാക്കപ്പെട്ട ആസിയാബീവി ഏതാനും മാസങ്ങള്‍മുമ്പാണ് ലോകരാഷ്ട്രങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് ജയില്‍ മോചിതയായതും വിദേശത്ത് അഭയം തേടിയതും. ന്യൂനപക്ഷപീഡനവും തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കലും പാക്കിസ്ഥാനില്‍ ഒരിക്കലും ഒരു വാര്‍ത്തയല്ല. ഓരോ വര്‍ഷവും പാക്കിസ്ഥാനില്‍ ഹിന്ദു ക്രിസ്ത്യന്‍ മതങ്ങളില്പ്പെടുന്ന 1000-ഓളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധമായി വിവാഹം കഴിക്കുന്നുവെന്ന് ദ മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്റ് പീസ് പാക്കിസ്ഥാന് എന്ന സംഘടന 2014 ല്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
മരിയ ഷബാസിനെ തട്ടിക്കൊട്ടുപോയി വിവാഹം കഴിച്ച കുറ്റവാളിക്കൊപ്പം പറഞ്ഞുവിട്ട കോടതിവിധി വളരെ വേദനാജനകമാണെന്നും അത് അവളുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണെന്നും, പീഡകരുടെ ഭീഷണിമൂലം ഇനി അവള്‍ക്ക് കോടതിയില്‍ സത്യസന്ധമായ വിവരം നല്‍കുന്നതിന് സാധിക്കുകയില്ലെന്നും ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റീജിയണല്‍ ഡയറക്ടര്‍ വില്യം സ്റ്റാര്‍ക്ക് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിച്ച് വിവാഹം കഴിക്കല്‍, നിര്‍ബന്ധിത മതംമാറ്റം എന്നിവയ്ക്കെതിരെ പാക്കിസ്ഥാന് ശക്തമായ നിലപാടുകള്‍ കൈകൊള്ളണമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങളെ ന്യായീകരിക്കുവാന്‍ കുറ്റവാളികള്‍ മതത്തെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Send your feedback to : onlinekeralacatholic@gmail.com